CAA പൗരത്വ ഭേദഗതി നിയമം; ബംഗാളിലെ എട്ട് ലോക്സഭാ സീറ്റുകളെ എങ്ങനെ സ്വാധീനിക്കും
- Published by:Sarika KP
- news18-malayalam
Last Updated:
വിജ്ഞാപനം പുറത്ത് വന്ന ശേഷം ബിജെപി സിഎഎ നടപ്പാക്കുന്നത് രാഷ്ട്രീയ താൽപ്പര്യം മുൻ നിർത്തിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം (സിഎഎ) രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങൾ സൃഷ്ടിച്ചതിനു പുറമെ പശ്ചിമ ബംഗാളിലെ എട്ടോളം ലോക്സഭാ സീറ്റുകളിൽ സ്വാധീനം ചെലുത്തുമെന്ന് റിപ്പോർട്ട്. 2019 ഡിസംബറിൽ ലോക്സഭയിൽ കേന്ദ്ര സർക്കാർ പൗരത്വ ബിൽ അവതരിപ്പിച്ച ശേഷം രാജ്യത്തുടനീളം ഉണ്ടായ പ്രതിഷേധ സമരങ്ങളെത്തുടർന്ന് നിയമ നിർമ്മാണം നിർത്തി വച്ചിരിക്കുകയായിരുന്നു.
വിജ്ഞാപനം പുറത്ത് വന്ന ശേഷം ബിജെപി സിഎഎ നടപ്പാക്കുന്നത് രാഷ്ട്രീയ താൽപ്പര്യം മുൻ നിർത്തിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു. എന്നാൽ ബംഗാളിൻ്റെ അതിർത്തി ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും നടത്തിയ വിപുലമായ സർവേകൾക്ക് ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മറ്റ് കേന്ദ്ര ഏജൻസികളും അറിയിച്ചു. അതേസമയം, ബംഗാളിലെ ഹിന്ദു സമൂഹങ്ങളായ മതുവ, രാജ്ബൻഷി എന്നിവയുമായി ചേർന്ന് പ്രവർത്തിച്ച ബിജെപി യൂണിറ്റുകൾ സിഎഎ നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചതായാണ് വിവരം.
advertisement
പ്രദേശത്തെ ജനങ്ങൾക്കിടയിൽ നടത്തിയ സർവേ അനുസരിച്ച് ബംഗാളിലെ നാദിയ, നോർത്ത് 24 പർഗാന എന്നീ ജില്ലകളിലെ അഞ്ച് ലോക്സഭാ സീറ്റുകളിലും സംസ്ഥാനത്തിൻ്റെ വടക്കൻ പ്രദേശങ്ങളിലെ മൂന്നോളം ലോക്സഭാ സീറ്റുകളിലും സിഎഎ സ്വാധീനം ചെലുത്തിയേക്കും. 2019ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ സിഎഎ നടപ്പാക്കിയില്ലെങ്കിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതിക്കാരുടെയും വോട്ടുകൾ തങ്ങൾക്ക് നഷ്ടമാകുമെന്നാണ് ബിജെപിയുടെ നിലപാട്. 2019-ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു സിഎഎയെന്നും കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോകുന്നില്ലെന്ന സൂചനയാണ് സിഎഎ നടപടി നൽകുന്നതെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രാലയ ഉപദേഷ്ടാവായ കാഞ്ചൻ ഗുപ്ത പറഞ്ഞു.
advertisement
ഇന്ത്യയുടെ വിഭജനകാലത്തും തുടർന്നും ഇന്ത്യയിലേക്കെത്തിയ ഹിന്ദു അഭയാർത്ഥി സമൂഹമാണ് മതുവ സമുദായം. ബംഗാളിലെ മൊത്തം ജനസംഖ്യയുടെ 10 മുതൽ 15 ശതമാനം വരെ മതുവകളാണെന്നാണ് കണക്കുകൾ. ബംഗാളിലെ തെക്കൻ മേഖലകളിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലെങ്കിലും അവരുടെ സാന്നിധ്യമുണ്ടെന്നാണ് വിവരം. ഇതിൽ ബോംഗാവ്, റാണാഘട്ട് എന്നീ മണ്ഡലങ്ങളിൽ 2019 ൽ ബിജെപി വിജയിച്ചിരുന്നു. രാജ്ബൻഷികളും, നാമസൂദ്രകളും ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളാണ്. 2019-ൽ വടക്കൻ ബംഗാളിൽ ബിജെപി വിജയിച്ച മൂന്ന് സീറ്റുകളിലും രാജ്ബൻഷി - നാമസൂദ്ര വിഭാഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു. 40 ലക്ഷത്തോളം വരുന്ന ജനസംഖ്യയുള്ള ഈ വിഭാഗങ്ങൾ ജൽപൈഗുരി, കൂച്ച്‌ബെഹാർ, ബാലുർഘട്ട് മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഈ മേഖലകളിലെ അഭയാർത്ഥി ഗ്രൂപ്പുകളെല്ലാം CAA പ്രകാരം പൗരത്വം നേടാൻ ആഗ്രഹിക്കുന്നവരാണ്. നോർത്ത് 24 പർഗാനയിലെയും, നാദിയയിലെയും 30 മുതൽ 33 വരെ അസംബ്ലി മണ്ഡലങ്ങളിലായി മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകൾ മതുവ വിഭാഗമാണെന്ന് സർവേയ്ക്ക് നേതൃത്വം നൽകിയ മുതിർന്ന ബിജെപി നേതാക്കൾ പറഞ്ഞു. 33 മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന നോർത്ത് 24 പർഗാനയിൽ, 2016-ൽ നടന്ന തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിൽ മമതയുടെ നേതൃത്വം വിജയിച്ചു. എന്നാൽ 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഈ സീറ്റുകളിൽ ടിഎംസിയുടെ വിജയം കുത്തനെ ഇടിയുകയും ബിജെപി മുന്നിട്ട് നിൽക്കുകയും ചെയ്തിരുന്നു. ബാഗ്ദ, ബൊംഗോൺ ഉത്തർ, ബൊംഗോൺ ദക്ഷിൺ, ഗൈഘട്ട തുടങ്ങി 80 ശതമാനം മതുവ ജനസംഖ്യയുള്ള പട്ടികജാതി സംവരണ സീറ്റുകൾ ഇതിൽ ഉൾപ്പെടുന്നു.മതുവാ വിഭാഗം സ്വാധീനം ചെലുത്തിയേക്കാവുന്ന മറ്റൊരു ജില്ല തെക്കൻ ബംഗാളിലെ നാദിയയാണ്. 2019 ലെ തിരഞ്ഞെടുപ്പിൽ ഇവിടെ 17 മണ്ഡലങ്ങളിൽ ആറെണ്ണത്തിൽ ടിഎംസി വിജയിച്ചപ്പോൾ മറ്റുള്ളവയിൽ ബിജെപി ലീഡ് നേടി.
advertisement
നോർത്ത് 24 പർഗാനയിലെയും നാദിയയിലെയും ലോക്‌സഭാ സീറ്റുകളിൽ മതുവാ പ്രബല ഘടകമായതുകൊണ്ട് തന്നെ ബിജെപിക്ക് ഇവ നിർണായകവുമാണ്. 2019-ൽ പൗരത്വ ബിൽ അവതരിപ്പിച്ചതിന് ശേഷം പശ്ചിമ ബംഗാളിലെ മുർഷിദാബാദ്, ഹൗറ തുടങ്ങിയ ജില്ലകളിൽ വലിയ പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. ജനുവരിയിൽ, സിഎഎയെയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച മമതാ ബാനർജി സിഎഎ വിവേചനപരവും മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
West Bengal
First Published :
March 13, 2024 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
CAA പൗരത്വ ഭേദഗതി നിയമം; ബംഗാളിലെ എട്ട് ലോക്സഭാ സീറ്റുകളെ എങ്ങനെ സ്വാധീനിക്കും