വാഗാ: ഒരു രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനകൾ സഫലമാക്കി ധീര സൈനികൻ വിങ് കമാന്റർ അഭിനന്ദൻ വർധമാൻ ജന്മനാട്ടിൽ. വൈകീട്ട് നാല് മുപ്പതോടെ വാഗാ അതിർത്തിയിൽ എത്തിച്ച അഭിനന്ദനെ രാത്രി 9.15 ഓടെയാണ് ഇന്ത്യക്ക് കൈമാറിയത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർഅഭിനന്ദനെ സ്വീകരിച്ചു. കൈമാറുന്നത് സംബന്ധിച് രേഖകൾ തയ്യാറാക്കാൻ വൈകിയതിനാലായിരുന്നു കൈമാറ്റം വൈകിയത്.
നൂറു കണക്കിനാളുകളാണ് അഭിനന്ദനനെ കാത്ത് അതിർത്തിയിൽ എത്തിയത്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾക്ക് അതിർത്തിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. റാവൽപിണ്ടിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ലാഹോറിൽ എത്തിച്ച അഭിനന്ദനനെ അവിടെ നിന്ന് കനത്ത സുരക്ഷയിലാണ് വാഗാ അതിർത്തിയിലേക്ക് കൊണ്ടുവന്നത്.
രാവിലെ പത്തുമണിയോടെ മോചനം എന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വാഗാ അതിർത്തിയിൽ എത്തിച്ചത് വൈകുന്നേരം നാലരയ്ക്ക്. ഇന്ത്യൻ വ്യോമസേനയുടെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം രാത്രി ഒമ്പതോടെ അദ്ദേഹത്തെ സ്വീകരിച്ചു. റെഡ്‌ക്രോസ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു കൈമാറ്റം.
അഭിനന്ദന്റെ മോചനത്തിനെതിരെ ഹർജി; പാകിസ്ഥാൻ ഹൈക്കോടതി തള്ളിഅമൃത്സർ വിമാനത്താവളത്തിലെ വി ഐ പി ലോഞ്ചിൽ കുടുംബാംഗങ്ങൾ അഭിനന്ദനനെ കാത്തിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വാഗാ അതിർത്തിയിൽ എത്തുമെന്ന് ആദ്യം വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പ്രോട്ടോകോൾ പ്രകാരം അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. നൂറു കണക്കിനാളുകളാണ് അഭിനന്ദന ആശംസകളുമായി വാഗാ അതിർത്തിയിലേക്ക് എത്തിയത്.
പതിവുള്ള പതാക താഴ്ത്തൽ ചടങ്ങും ഇന്ത്യ ഇന്ന് റദ്ദാക്കിയിരുന്നു. വാഗാ അതിർത്തിയിൽ നിന്ന് അഭിനന്ദനനെ അമൃത്സർ വിമാനത്താവളത്തിലേക്കും പിന്നീട് ഡല്ഹിയിലേക്കുമാണ് കൊണ്ടുപോവുക. ശത്രു സൈന്യത്തിന്റെ പിടിയിലിരുന്ന സൈനികൻ എന്ന നിലയിൽ ഇനി മാനസിക ശാരീരിക പരിശോധനകൾക്ക് അഭിനന്ദൻ വിധേയമാകണം. സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ദീർഘമായ നടപടികളും ബാക്കിയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.