ഭീകരാക്രമണത്തിന് സാധ്യത: ഇന്ത്യക്കും യുഎസിനും മുന്നറിയിപ്പ് നൽകി പാകിസ്താൻ; കാശ്മീരിൽ അതീവ ജാഗ്രത
ഭീകരാക്രമണത്തിന് സാധ്യത: ഇന്ത്യക്കും യുഎസിനും മുന്നറിയിപ്പ് നൽകി പാകിസ്താൻ; കാശ്മീരിൽ അതീവ ജാഗ്രത
ജമ്മുവിലെ അവന്തിപോറ മേഖലയ്ക്ക് സമീപം അതുഗ്ര ശേഷിയുള്ള സ്ഫോടക വസ്തു ഘടിപ്പിച്ച വാഹനം ഉപയോഗിച്ച് ആക്രമണം നടത്താനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്നാണ് മുന്നറിയിപ്പ്
ശ്രീനഗർ: പുല്‍വാമയിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജമ്മു കാശ്മീരിൽ അതീവ ജാഗ്രത. പാകിസ്ഥാനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ഇന്ത്യക്ക് നൽകിയതെന്നാണ് റിപ്പോർട്ട്. ജമ്മുവിലെ അവന്തിപോറ മേഖലയ്ക്ക് സമീപം അതുഗ്ര ശേഷിയുള്ള സ്ഫോടക വസ്തു ഘടിപ്പിച്ച വാഹനം ഉപയോഗിച്ച് ആക്രമണം നടത്താനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നതെന്നാണ് ഒരു ദേശീയ മാധ്യമത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍.
കാശ്മീരിലെ ത്രാലിൽ കഴിഞ്ഞ മാസമുണ്ടായ സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദി സാക്കിർ മൂസയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മുൻ ഹിസ്ബുൾ മുജാഹിദ്ദീൻ അംഗമായ സാക്കിർ 2017 ൽ അവരുമായി പിരിഞ്ഞ് അൽ-ഖ്വായ്ദ ബന്ധമുള്ള അന്‍സർ ഗസ്വത്-ഉൽ-ഹിന്ദ് എന്ന സംഘടന നേതാവായി പ്രവർത്തിച്ച് വരികയായിരുന്നു. സമാന മുന്നറിയിപ്പ് യുഎസിനും പാകിസ്ഥാൻ നൽകിയിട്ടുണ്ടെന്നാണ് ഉന്നത സുരക്ഷാ മേധാവികൾ അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകാരാക്രമണം. സൈനിക വാഹനവ്യൂഹം ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തില്‍ 40 സിആർപിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളാക്കിയ ഈ സംഭവത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനിലെ ബലാകോട്ടിലുള്ള ഭീകരത്താവളങ്ങളിൽ മിന്നലാക്രമണം നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൂടുതൽ വർധിക്കാൻ ഇത് ഇടയാക്കുകയും ചെയ്തു. ആ സാഹചര്യത്തിൽ ഇത്തരമൊരു സുരക്ഷാ മുന്നറിയിപ്പുമായി പാകിസ്ഥാൻ എത്തിയിരിക്കുന്നത് ഒന്നുകിൽ അധികൃതർക്ക് ജാഗ്രത നല്‍കാനുള്ള ആത്മാർഥമായ ശ്രമമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ പാകിസ്ഥാന് മേൽ പഴി വരാതിരിക്കാനുള്ള ശ്രമമോ ആകാമെന്നാണ് സുരക്ഷാവൃത്തങ്ങൾ പറയുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.