ബംഗാളിൽ CPM സ്ഥാനാർഥിയായി JNU വിദ്യാർഥി നേതാവ് ഐഷി ഘോഷും; യുവാക്കളെ ഇറക്കി കളം പിടിക്കാൻ ഇടതുപക്ഷം
- Published by:Rajesh V
- news18-malayalam
Last Updated:
ക്യാമ്പസിലെ സമരത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ പരിക്കേറ്റ് കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞു നിന്ന നേതാവാണ് 26 കാരിയായ ഐഷി ഘോഷ്. എസ് എഫ് ഐ യിൽ പ്രവർത്തിക്കുന്ന ഐഷി പശ്ചിമ ബംഗാളിലെ ജമൂരിയ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ച് ഡൽഹി ജെഎൻയു വിദ്യാർത്ഥി നേതാവ് ഐഷി ഘോഷും. ക്യാമ്പസിലെ സമരത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ പരിക്കേറ്റ് കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞു നിന്ന നേതാവാണ് 26 കാരിയായ ഐഷി ഘോഷ്. എസ് എഫ് ഐ യിൽ പ്രവർത്തിക്കുന്ന ഐഷി പശ്ചിമ ബംഗാളിലെ ജമൂരിയ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.
ജെഎൻഎയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റായിരിക്കേ ഒരാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇത് ആദ്യമായാണ് എന്ന് എസ് എഫ് ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് പറയുന്നു. കൽക്കരി മാഫിയകൾ ധാരാളം ഉള്ള ജമുരിയയിൽ നിന്ന് ജനവിധി തേടുമ്പോൾ ഐഷിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
നിരവധി യുവ നേതാക്കളെ കൂടി ഉൾപ്പെടുത്തിയാണ് ബംഗാളിൽ ഇത്തവണ സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രായമായവരുടെ പാർട്ടി എന്നാണ് രാഷ്ട്രീയ എതിരാളികളായ തൃണമൂൽ കോൺഗ്രസ് പലപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിശേഷിപ്പിക്കാറ്. അത്തരം ആക്ഷേപങ്ങൾക്ക് ഒന്നും ഇടം നൽകാത്ത സ്ഥാനാർത്ഥികളുമായാണ് ഇത്തവണ ഇടതുപക്ഷം രംഗത്ത് എത്തിയിരിക്കുന്നത്.
ഐഷിക്ക് പുറമേ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ ഹുഗ്ലി ജില്ലയിലെ സിംഗൂരിൽ നിന്നും മത്സരിക്കുന്നു. നിലവിൽ ത്രിണമൂലിന് ഒപ്പം നിൽക്കുന്ന മണ്ഡലത്തിൽ ശക്തമായ മത്സരം ആയിരിക്കും ശ്രിജൻ കാഴ്ച്ച വെക്കുക. ഇത്തവണ തൃണമൂൽ ടിക്കറ്റ് ലഭിക്കില്ലെന്ന് കണ്ട് മണ്ഡലത്തിലെ എംഎൽഎ ആയ 80 വയസിന് മുകളിലുള്ള രവീന്ദ്ര നാഥ് ഭട്ടാചാര്യ അടുത്തിടെ ബിജെപി യിൽ ചേർന്നിരുന്നു.
advertisement
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് മീനാക്ഷി മുഖർജി തൃണമൂലിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മമതാ ബാനർജിക്കും ബിജെപിയുടെ സുവേന്ദു അധികാരിക്കും എതിരെ നന്ദിഗ്രാമിൽ നിന്നും മത്സരിക്കുന്നു. ഒരു കാലത്ത് ഇടതു പക്ഷത്തിൻ്റ ശക്തി കേന്ദ്രമായിരുന്നു നന്ദിഗ്രാം.
ബുധനാഴ്ച്ചയാണ് സിപിഎം മത്സരിക്കുന്ന ഒട്ടു മിക്ക സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ഇടതുപക്ഷ ചെയർമാനും മുതിർന്ന നേതാവുമായ ബിമൻ ബോസ് പുറത്ത് വിട്ടത്. 294 മണ്ഡലങ്ങളിലേക്കാണ് 6 ഘട്ടങ്ങളിലായി ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
advertisement
ബിജെപിയും തൃണമൂലും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന ബംഗാളിൽ കോൺഗ്രസുമായി ചേർന്നാണ് ഇടതുപക്ഷം മത്സരിക്കുന്നത്. മതപുരോഹിതനായ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും ഈ മുന്നണിയുടെ ഭാഗമാണ്. കോൺഗ്രസും ഐ.എസ്.എഫും തങ്ങളുടെ സ്ഥാനാർത്ഥികളുടെ പട്ടിക പ്രത്യേകം പുറത്തുവിടും എന്നും ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും ബിമൻ ബോസ് പറഞ്ഞു.
advertisement
ഇടത് മുന്നണി 165, കോൺഗ്രസ് 92, ഐഎസ്എഫ് 32 എന്ന ക്രമത്തിലാണ് സീറ്റുകൾ പങ്കുവെച്ചിരിക്കുന്നത്. ഇതു വരെ 160 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇടതുപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനകം ശേഷിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 27 നാണ് ബംഗാളിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുക.
KeyWords: Bengal Election,JNU,Aishe Ghosh,CPIM,Congress, TMC, Mamata Banerjee, ഐഷ ഘോഷ്,ജെഎൻയു.ബംഗാൾ, തെരഞ്ഞെടുപ്പ്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2021 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബംഗാളിൽ CPM സ്ഥാനാർഥിയായി JNU വിദ്യാർഥി നേതാവ് ഐഷി ഘോഷും; യുവാക്കളെ ഇറക്കി കളം പിടിക്കാൻ ഇടതുപക്ഷം