പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും ഭഗത് സിങിൻെറ (Bhagat Singh) ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള കർണാടക (Karnataka) സർക്കാരിൻെറ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ. ഭഗത് സിങിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയെന്ന് മാത്രമല്ല, രാഷ്ട്രീയ സ്വയം സേവക് സംഘ് (RSS) സ്ഥാപകൻ കേശവ് ബലിറാം ഹെഡ‍്‍ഗേവാറിൻെറ (Hedgewar) പ്രസംഗമാണ് പുതുതായി പുറത്തിറക്കുന്ന കർണാടകയിലെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻെറ നടപടിക്കെതിരെ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ (AIDSO), ഓൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റി (AISEC) എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. “നമ്മുടെ നവോത്ഥാന നായകരെയും സ്വാതന്ത്ര്യസമര സേനാനികളെയും കുറിച്ചുള്ള പാഠങ്ങൾ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച് ഉൾക്കാഴ്ച പകരുകയാണ് ചെയ്യാറുള്ളത്. ഓരോ രാഷ്ട്രീയ പാർട്ടികളും ഭരണത്തിലെത്തുമ്പോൾ അവരവരുടെ അജണ്ട പാഠപുസ്തകങ്ങളിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്,” വിദ്യാർഥി സംഘടനകളുടെ പ്രതിനിധികൾ ദി ഹിന്ദുവിനോട് പറഞ്ഞു.
“സ്വന്തം രാജ്യത്തിൻെറ സ്വാതന്ത്ര്യത്തിന് വേണ്ടി 23ാം വയസ്സിൽ ജീവൻ തന്നെ നൽകിയ ഭഗത് സിങിനെയാണ് പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പകരം ഉൾപ്പെടുത്തിയത് ആർഎസ്എസിൻെറ സ്ഥാപകൻെറ പ്രസംഗമാണ്. ഈ പ്രസംഗം ജനങ്ങളെ ഒന്നിപ്പിച്ച് നിർത്തുകയല്ല, പകരം വർഗീയത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്,” AIDSO വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഭഗത് സിങിൻെറ പാഠഭാഗം മാത്രമല്ല പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വംശീയ വിദ്വേഷത്തിനെതിരെ നിലപാടെടുക്കുന്ന പി ലങ്കേഷിൻെറ ‘മൃഗ മട്ടു സുന്ദരി’ എന്ന പാഠഭാഗവും സാറ അബൂബക്കറിൻെറ ‘യുദ്ധ’, എ.എൻ മൂർത്തി റാവുവിൻെറ ‘വ്യാഗ്ര ഗീതേ’ തുടങ്ങിയ പാഠഭാഗങ്ങളും ഒഴിവാക്കിയതായി സംഘടനകൾ പറയുന്നു.
പുതിയ പാഠപുസ്തകം തയ്യാറാക്കാനായി ബിജെപി സർക്കാർ നിയമിച്ച കമ്മിറ്റിക്കെതിരെയും അതിൻെറ ചെയർമാനെതിരെയും സംസ്ഥാനത്ത് നേരത്തെ തന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. “വിദ്യാഭ്യാസരംഗത്ത് ബിജെപിയുടെ അജണ്ട നടപ്പിലാക്കുകയെന്നതാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യം. ഇത്തരം സങ്കുചിത താൽപര്യങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവണം,” വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു. ഇപ്പോൾ മാറ്റാൻ പോവുന്ന പുസ്തകങ്ങൾ അത് പോലെ നിലനിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. വിദ്യാർഥികളും പൊതുജനങ്ങളും ഒരുപോലെ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നാണ് വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേസമയം പൊതുവിദ്യാഭ്യാസ രംഗത്ത് കർണാകട സർക്കാരിൻെറ മറ്റൊരു തീരുമാനവും നേരത്തെ തന്നെ വിവാദത്തിലായിട്ടുണ്ട്. ഹിന്ദു മതഗ്രന്ഥമായ ഭഗവത് ഗീത സ്കൂളിൽ പഠിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ഇന്ത്യയുടെ മുൻ പ്രസിഡൻറ് എപിജെ അബ്ദുൾ കലാം മതപരമായ പുസ്തകങ്ങൾ വിദ്യാർഥികൾ പഠിക്കണമെന്ന് നിർദ്ദേശിച്ചിരുന്നതായി കർണാകട വിദ്യാഭ്യാസ മന്ത്രി നാഗേഷ് പറഞ്ഞു. ഏത് മതവിശ്വാസത്തിൽപെടുന്നവർക്കും ഭഗവത് ഗീത പഠിക്കാവുന്നതാണ്. ജീവിതത്തിൻെറ മുന്നോട്ടുള്ള യാത്രയിൽ അത് ഉപകാരപ്പെടുമെന്നും അദ്ദേഹം പറയുന്നു. നിലവിൽ കർണാടകയിലെ പാഠപുസ്തക നവീകരണ കമ്മിറ്റിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.