'കർ'നാടകം തുടരുന്നു; MLAമാർക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
Last Updated:
സംസ്ഥാനത്ത് നടക്കുന്നത് കുതിരക്കച്ചവടമാണെന്നാരോപിച്ച് കോൺഗ്രസ്-ദൾ സഖ്യവും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
ബംഗളൂരു : കര്‍ണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ എംഎൽഎമാർക്ക് കർശന മുന്നറിയിപ്പുമായി കോൺഗ്രസ്. അടുത്ത ദിവസം ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരെ അയോഗ്യരാക്കുമെന്നാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതിനിടെ സംസ്ഥാനത്ത് നടക്കുന്നത് കുതിരക്കച്ചവടമാണെന്നാരോപിച്ച് കോൺഗ്രസ്-ദൾ സഖ്യവും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
രണ്ട് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് കർണാടകത്തിലെ കോൺഗ്രസ്-ദൾ സർക്കാരിൽ പ്രതിസന്ധി രൂക്ഷമായത്. അതിനിടെ ബിജെപി പാളയത്തിൽ കോൺഗ്രസ് എംഎൽഎമാരും ഉണ്ടെന്ന അഭ്യൂഹങ്ങൾ പരന്നതോടെ ഇതിന് തടയിടാനാണ് എംഎൽഎമാർക്ക് കർശന മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ രംഗത്തെത്തിയത്. നാളെ ചേരുന്ന നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നുമാണ് മുന്നറിയിപ്പ്.
advertisement
കഴിഞ്ഞ ആറുമാസമായി കർണാടക സർക്കാരിനെ അസ്ഥിരപ്പെടുത്താനുളള നാണംകെട്ട കളിയാണ് ബിജെപി കളിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം. നാളെ വൈകിട്ട് മൂന്നരയ്ക്ക് വിധാൻ സൗധയിലാണ് നിയമസഭാ കക്ഷിയോഗം. കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് ഒപ്പമുണ്ടെന്ന മുറുമുറുപ്പുകൾ ദളിൽ നിന്ന് ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 17, 2019 7:15 AM IST


