കർണാടകയിൽ ഏഴ് മാസം പ്രായമുള്ള കോണ്‍ഗ്രസ്-JDS സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കത്തിനു തിരിച്ചടി. ബിജെപി റാഞ്ചിക്കൊണ്ടു പോയ വിമതരെ തിരിച്ചെത്തിച്ച് മന്ത്രിസ്ഥാനം കൊടുത്തു കൂടെ നിര്‍ത്താനാണു കോൺഗ്രസ് തീരുമാനം. കാണാതായ രണ്ടു കോണ്‍ഗ്രസ് എംഎൽഎമാരെ മുംബൈയിലെ ഹോട്ടലില്‍നിന്ന് തിരിച്ചെത്തിയ്ക്കാൻ കഴിഞ്ഞത് കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടി.
നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്ഥാനം രാജിവെക്കുമെന്നും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നുമായിരുന്നു ബിജെപി അവകാശവാദം. പക്ഷെ ഈ ഓപ്പറേഷൻ താമരയെ തകര്‍ക്കാനുറച്ചു കോണ്‍ഗ്രസ് രംഗത്തിറങ്ങിയതോടെ കളി മാറി. ബിജെപി റാഞ്ചിയ എംഎൽഎമാരിൽ രണ്ടു പേരെ കോൺഗ്രസ് നാടകീയമായി തിരിച്ചെത്തിച്ചു. ഫോണ്‍ സ്വിച്ച് ഓഫ് ആയതുകൊണ്ടാണു നേതൃത്വവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്ന് എംഎല്‍എമാർ പറഞ്ഞു.
എംഎല്‍എമാരെ അനുനയിപ്പിക്കാൻ അഞ്ചു മന്ത്രിമാര്‍ സ്ഥാനമൊഴിയാൻ തയാറായാതായി വാർത്തയുണ്ട്. 16 പേരെയെങ്കിലും വല വീശി പിടിച്ചാൽ മാത്രമേ സര്‍ക്കാരിനെ വീഴ്ത്താൻ ബിജെപിക്ക് കഴിയൂ. ബിജെപിയുടെ നീക്കത്തിന് ബദലായി ബിജെപിയുടെ എംഎല്‍എമാരെ വലയിലാക്കാന്‍ ശ്രമമൊന്നും നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സാഹചര്യത്തിൽ കോൺഗ്രസ് - ജെ ഡി എസ് എം എൽ എമാരെ മുഴുവൻ റിസോർട്ടിലേക്ക് മാറ്റി. ബിജെപി എം എൽ എമാരെ മുഴുവൻ നേരത്തെ തന്നെ മാറ്റിയിട്ടുണ്ട്. എം എൽ എമാരെ നിരീക്ഷിക്കാൻ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു. ബിജെപിയുടെ കുതിരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.