എം.എസ്. സുബ്ബലക്ഷ്മി സംഗീതപുരസ്‌കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു
- Published by:meera_57
- news18-malayalam
Last Updated:
എം.എസ്. സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി
എം.എസ്. സുബ്ബലക്ഷ്മി സംഗീത കലാനിധി പുരസ്‌കാരം സംഗീതജ്ഞനായ ടിഎം കൃഷ്ണയ്ക്ക് നല്‍കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. സുബ്ബലക്ഷ്മിയുടെ പേരില്ലാതെ പുരസ്‌കാരം നല്‍കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ജി. ജയചന്ദ്രന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എം.എസ്. സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പുരസ്‌കാരം നല്‍കുന്നത് സുബ്ബലക്ഷ്മിയുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്നാണ് ഇദ്ദേഹത്തിന്റെ ഹര്‍ജിയില്‍ പറയുന്നത്.
ടിഎം കൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കുന്നതിനെതിരെ സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് മ്യൂസിക് അക്കാദമിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും കോടതി തള്ളി.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സംഗീതജ്ഞ എംഎസ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്‌കാരം ടിഎം കൃഷ്ണയ്ക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരേ സുബ്ബലക്ഷ്മിയുടെ പേരക്കുട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സംഗീത കലാനിധി എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കുന്നതില്‍ നിന്ന് ചെന്നൈയിലെ സംഗീത അക്കാദമിയെ തടയണമെന്നാവശ്യപ്പെട്ടാണ് സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ വി. ശ്രീനിവാസന്‍ ഹര്‍ജി സമര്‍പ്പിച്ചത്.
advertisement
2005ല്‍ സുബ്ബലക്ഷ്മിയുടെ പേരില്‍ സ്ഥാപിച്ച ഈ അവാര്‍ഡ് ഒരു പത്രസ്ഥാപനമാണ് വര്‍ഷം തോറും നല്‍കി വരുന്നത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക. സംഗീത അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം ലഭിക്കുന്ന വ്യക്തിക്കാണ് അതാതു വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നല്‍കുന്നത്. ഡിസംബറില്‍ സംഗീത അക്കാദമി ടിഎം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം സമ്മാനിച്ചിരുന്നു. ദൈവഭക്തിയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പുരസ്‌കാരം നിരീശ്വരവാദിക്കു നല്‍കുന്നുവെന്ന് ആരോപിച്ചാണ് ബംഗളൂരുവില്‍ താമസിക്കുന്ന ശ്രീനിവാസന്‍ കോടതിയെ സമീപിച്ചത്.
advertisement
സുബ്ബലക്ഷ്മിക്കെതിരേ ടിഎം കൃഷ്ണ നീചവും നിന്ദ്യവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു ലേഖനത്തില്‍ സുബ്ബലക്ഷ്മിയെ ടിഎം കൃഷ്ണ ''ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തട്ടിപ്പ്'' എന്ന് വിശേഷിപ്പിച്ചതായി ഹര്‍ജിയില്‍ ആരോപിച്ചു. മറ്റൊരു അവസരത്തില്‍ സുബ്ബലക്ഷ്മിയെ കൃഷ്ണ ''സന്യാസിയായ ബാര്‍ബി ഡോള്‍'' എന്ന് വിശേഷിപ്പിച്ചിരുന്നു. കൃഷ്ണയുടെ ഇത്തരം പരാമര്‍ശങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടിയ വ്യക്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.
തന്റെ പേരില്‍ ട്രസ്റ്റോ സ്ഥാപനങ്ങളോ സ്മാരകങ്ങളോ സ്ഥാപിക്കുന്നതിനെ സുബ്ബലക്ഷ്മി വിലക്കിയിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
ഈ വര്‍ഷം ആദ്യം സംഗീത അക്കാദമിയുടെ 98ാമത് വാര്‍ഷിക സമ്മേളനത്തില്‍ ടിഎം കൃഷ്ണയെ അധ്യക്ഷനാക്കുകയും സംഗീത കലാനിധിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ ചില സംഗീതജ്ഞര്‍ പ്രതിഷേധിക്കുകയും അവരുടെ സംഗീത കലാനിധി പദവികള്‍ തിരികെ നല്‍കുകയും ചെയ്തിരുന്നു.
1968ല്‍ എംഎസ് സുബ്ബലക്ഷ്മിക്കാണ് ആദ്യത്തെ സംഗീത കലാനിധി പുരസ്‌കാരം ലഭിച്ചത്. ''എംഎസ് സുബ്ബലക്ഷ്മി ഏറ്റവും അധികം വിലമതിച്ച പുരസ്‌കാരമാണ് സംഗീത കലാനിധി. കുടുംബം ഈ പുരസ്‌കാരം തിരികെ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ചിലര്‍ ഞങ്ങളോട് ചോദിച്ചിരുന്നു. ഏകദേശം ആറ് പതിറ്റാണ്ട് മുമ്പാണ് ഈ പുരസ്‌കാരം എംഎസ് സുബ്ബലക്ഷ്മിക്ക് സമ്മാനിച്ചത്. കുടുംബത്തിലെ ആരും പഴയ കാലത്തേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല,'' ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡെക്കാന്‍ ഹെരാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 19, 2024 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എം.എസ്. സുബ്ബലക്ഷ്മി സംഗീതപുരസ്‌കാരം ടി.എം. കൃഷ്ണയ്ക്ക് നല്‍കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു


