ന്യൂഡൽഹി:ജോലിതേടിയെത്തിയ യുവാക്കളെ കബളിപ്പിച്ച് വൻ തട്ടിപ്പ്. റെയിൽവേയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് പരിശീലന ത്തിനെന്നപേരിൽ ന്യൂഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകളില്‍ തീവണ്ടികളുടെ എണ്ണമെടുപ്പിച്ചാണ് രണ്ടരക്കോടിയിലേറെ രൂപ തട്ടിയെടുത്തത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന തട്ടിപ്പിൽ മധുരയിലും സമീപഗ്രാമങ്ങളിൽ നിന്നുമുളള 28 യുവാക്കളാണ് വഞ്ചിക്കപ്പെട്ടത്.
നോർത്തേൺ റെയിൽവേയിൽ ടി.ടി.ഇ, ട്രാഫിക് അസ്റ്റിസ്റ്റന്റ്, ക്ലാർക്ക് തസ്തികകളിൽ ഒഴിവുണ്ടെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയത്.പല തസ്തികകളിലേക്കാണ് അപേക്ഷിച്ചതെങ്കിലും തീവണ്ടികളുടെ എണ്ണമെടുക്കലായിരുന്നു ഉദ്യോഗാർഥികൾക്ക് നൽകിയ പരിശീലനം. ഒരു മാസത്തോളം നീണ്ടു നിന്ന പരിശീലനത്തിൽ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ വന്നുപോകുന്ന തീവണ്ടികളുടെ എണ്ണം, സമയം,കോച്ചുകളുടെ എണ്ണം, സ്ഥാനം എന്നിവയെല്ലാം രേഖപ്പെടുത്തണം. തുടർന്ന് മെഡിക്കൽ പരിശോധനകളും നടത്തി.
ഇതിൻറെ പേരില്‍ രണ്ടുമുതൽ 24 ലക്ഷം രൂപവരെ തട്ടിയെടുക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
വിമുക്തഭടൻ എം. സുബ്ബുസാമി പരാതി നൽകിയപ്പോഴാണ് സംഭവം വെളിച്ചത്തായത്. തട്ടിപ്പാണെന്നറിയാതെ ഇദ്ദേഹമാണ് യുവാക്കളെ ഡൽഹിയിലെത്തിക്കാനും പണം വാങ്ങാനും കൂട്ടുനിന്നത്. കബളിപ്പിക്കപ്പെട്ട 28 പേരും എൻജിനിയറിങ് ബിരുദ,ഡിപ്ലോമക്കാരാണ്. ആകെ 2.67 കോടി രൂപ നഷ്ടപ്പെട്ടതായാണ് പരാതി.
പരിശീലനത്തിനുള്ള ഉത്തരവ്, അതു പൂർത്തിയായതിന്റെ സർട്ടിഫിക്കറ്റ്, നിയമന ഉത്തരവ്, ഐ.ഡി.കാർഡുകൾ എന്നിവയെല്ലാം വ്യാജമാണന്ന് ഈയടുത്താണ് തട്ടിപ്പിനിരയായവർ തിരിച്ചറിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.