തിരുപ്പതി ലഡു വിവാദം; ഭക്തരുടെ വികാരം വ്രണപ്പെടുത്തി ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുന്നുവെന്ന് ജഗൻ
- Published by:Sarika N
- news18-malayalam
Last Updated:
തന്റെ സര്‍ക്കാരിന്റെ കാലത്ത് യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു
തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. തന്റെ സര്‍ക്കാരിന്റെ കാലത്ത് യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.
ചന്ദ്രബാബു നായിഡു ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍എബിഎല്‍(National Accreditaion Board For Testing And Calibration Laborataries) അംഗീകൃത കമ്പനികളില്‍ നിന്നെത്തുന്ന നെയ്യ് ആണ് ലഡു ഉണ്ടാക്കാനായി ഉപയോഗിച്ചതെന്നും അവ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ ലാബ് പരിശോധനകള്‍ക്ക് പുറമെ നെയ്യുടെ ഗുണനിലവാരം വിലയിരുത്താനായി തിരുമല തിരുപ്പതി ദേവസ്ഥാന(ടിടിഡി)ത്തിന് കീഴിലും പരിശോധനകള്‍ നടത്താറുണ്ട്. വര്‍ഷങ്ങളായി ഈ നടപടി ക്രമങ്ങള്‍ പാലിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
വിവാദമുയര്‍ന്നതോടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും കത്തയയ്ക്കുമെന്നും ജഗന്‍ പറഞ്ഞു. ചന്ദ്രബാബു നായിഡു ആരോപണങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുടെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുപ്പതി വെങ്കിടേശ്വര സ്വാമിയെ അപമാനിക്കുകയാണ് ചന്ദ്രബാബു നായിഡു. ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് നായിഡു ശ്രമിക്കുന്നതെന്നും ജഗന്‍മോഹന്‍ പറഞ്ഞു. ആന്ധ്രാപ്രദേശിലെ തന്റെ 100 ദിന ഭരണത്തില്‍ നിന്നും ജനശ്രദ്ധതിരിക്കാനാണ് നായിഡു ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭക്തരുടെ വികാരം വ്രണപ്പെടുത്തി രാഷ്ട്രീയം കളിക്കുന്നത് ശരിയാണോ എന്നും ജഗന്‍മോഹന്‍ ചോദിച്ചു.
advertisement
അതേസമയം ലഡു പ്രസാദവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പരാതിയുമായി വൈഎസ്ആര്‍സിപി നേതാവ് വൈ വി സുബ്ബ റെഡ്ഡി ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ആരോപണത്തിന്റെ സത്യാവസ്ഥ തെളിയിക്കപ്പെടണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 25ന് ഹൈക്കോടതി പരാതിയില്‍ വാദം കേള്‍ക്കും. ആരോപണം ഹിന്ദുമതവികാരത്തെയും നിരവധി ഭക്തരുടെ വികാരത്തേയും വ്രണപ്പെടുത്തിയെന്നാരോപിച്ച് സുപ്രീം കോടതിയിലും ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
ഇടപെട്ട് കേന്ദ്രം
വിവാദം ആളിക്കത്തിയതോടെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നഡ്ഡ രംഗത്തെത്തി. സംസ്ഥാന അധികൃതരുമായി ചേര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയും ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശര്‍മ്മിള രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുകയും ചെയ്തു.
എന്താണ് വിവാദം ?
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്. 'തിരുപ്പതി ലഡുപോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടാണ് തയ്യാറാക്കിയത്. ലഡു തയ്യാറാക്കുന്നതിന് നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്,' എന്നായിരുന്നു നായിഡുവിന്റെ ആരോപണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 21, 2024 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുപ്പതി ലഡു വിവാദം; ഭക്തരുടെ വികാരം വ്രണപ്പെടുത്തി ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുന്നുവെന്ന് ജഗൻ