സ്കൂളിലെ കായിക മേളയ്ക്കിടയിൽ ജാവലിൻ വിദ്യാർത്ഥിയുടെ കഴുത്തിൽ തുളച്ചു കയറി. ഒഡീഷയിലെ ബലാങ്കിർ ജില്ലയിലെ സർക്കാർ സ്കൂളിൽ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കഴുത്തിൽ ജാവലിൻ തുളച്ചുകയറിയ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അഗൽപൂർ ബോയ്സ് ഹൈ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ സദാനന്ദ മെഹറിനാണ് അപകടം പറ്റിയത്. വിദ്യാർത്ഥി അപകടനില തരണം ചെയ്തെങ്കിലും ഐസിയുവിൽ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Also Read- അച്ഛന്റെ സഹോദരഭാര്യയെ കൊന്ന് കഷണങ്ങളാക്കി; പലയിടങ്ങളിലായി ഉപേക്ഷിച്ചു; യുവാവ് പിടിയിൽ
കായിക മേളയ്ക്കിടയിൽ ജാവലിൻ ത്രോ മത്സരത്തിനിടയെയാണ് സദാനന്ദ മെഹറിന് അപകടം പറ്റിയത്. മറ്റൊരു വിദ്യാർത്ഥി എറിഞ്ഞ ജാവലിൻ സദാനന്ദ മെഹറിന്റെ കഴുത്തിൽ വലതു വശത്തായി കുത്തിക്കയറുകയായിരുന്നു. ജാവലിന്റെ കൂർത്ത ഭാഗം കഴുത്ത് തുളച്ച് പുറത്തു വന്നു. കുട്ടിയെ ഉടൻ തന്നെ ഭീമ ഭോയ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ കഴുത്തിൽ നിന്നും സുരക്ഷിതമായി ജവാലിൻ നീക്കം ചെയ്തു.
കായിക മേളയ്ക്കിടയിൽ പറ്റിയ അപകടത്തിന്റെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്ന് നവീൻ പട്നായിക് അറിയിച്ചു. കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ചികിത്സാചെലവിനുള്ള പണം നൽകുക. ഇതുകൂടാതെ ജില്ലാ റെഡ് ക്രോസ് 30,000 രൂപയുടെ ചികിത്സാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.