ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞയിടെ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. പൊലീസിനു നേരെ വെടിവെപ്പ് നടത്തിയ ഷാരുഖ് പഠാനെതിരെയാണ് ആദ്യ കുറ്റപത്രം. ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ ദീപക് ദാഹിയയെ വധിക്കാൻ ശ്രമിക്കുകയും ജാഫറാബാദ് പ്രദേശത്ത് വെച്ച് പൊലീസിനും ജനക്കൂട്ടത്തിനും നേരെ വെടിവെപ്പ് നടത്തുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
ദീപക് ദാഹിയയ്ക്കെതിരെ ഇയാൾ തോക്കു ചൂണ്ടി നിൽക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ 350 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിട്ടുള്ളത്. വധശ്രമം, കലാപമുണ്ടാക്കൽ, സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിക്കൽ, ജോലി തടസപ്പെടുത്തൽ എന്നിവയാണ് ഷാരുഖ് പഠാനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തതും ഷാരുഖിനെ ആയിരുന്നു. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിന്ന് മാർച്ച് മൂന്നിനായിരുന്നു ഇയാൾ അറസ്റ്റിലായത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പത്തുവർഷം വരെ ഇയാൾക്ക് തടവ് ലഭിച്ചേക്കാം.
കരീംഅഹമ്മദ് എന്നയാളായിരുന്നു ഒളിവില്‍ താമസിക്കാന്‍ ഇയാള്‍ക്ക് സൗകര്യം ഒരുക്കിയത്. ഇയാളെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.