'കോണ്‍ഗ്രസ് രാജ്യത്തെ സമ്പത്ത് ഒരു പ്രത്യേക വിഭാഗത്തിന് വീതം വെച്ചുകൊടുക്കും'; ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി
- Published by:meera_57
- news18-malayalam
Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള നടപടിക്കായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് രാജ്യത്തിന്റെ സമ്പത്ത് ഒരു പ്രത്യേക വിഭാഗത്തിന് വിതരണം ചെയ്ത് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പരാമര്‍ശം പുറത്തുവന്നതിനെ തുടര്‍ന്ന് വിവാദം കത്തിപ്പടരുകയാണ്. മുസ്ലിങ്ങള്‍ക്കിടയില്‍ സമ്പത്ത് പുനര്‍വിതരണം ചെയ്യാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിട്ടും പ്രധാനമന്ത്രി തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ബുധനാഴ്ച തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കവെ അദ്ദേഹം ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരായ വിമര്‍ശനം ശക്തമാക്കി.
രാജ്യത്തിന് മുമ്പാകെ ചില സത്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രി പറഞ്ഞു. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളില്‍ നിന്ന് സ്വത്ത് പിടിച്ചെടുത്ത് ചില പ്രത്യേക ആളുകള്‍ക്ക് വിതരണം ചെയ്യുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ വെളിപ്പെടുത്താത്ത അജന്‍ഡയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രകടനപത്രികയില്‍ സമ്പത്ത് പുനര്‍വിതരണം ചെയ്യാനുള്ള സര്‍വെയേക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും അവകാശപ്പെട്ടു. ഏപ്രില്‍ ആറിന് പ്രകടനപത്രിക പ്രകാശന ചടങ്ങില്‍ സമാനമായ പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ ബിജെപി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് ഒരു പ്രസംഗത്തിനിടെ സമ്പത്ത് പുനര്‍വിതരണം ചെയ്യാനുള്ള ഉദ്ദേശ്യം പരസ്യമായി പ്രഖ്യാപിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
advertisement
സംവരണവിഷയം ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിനെതിരേയുള്ള ആക്രമണം പ്രധാനമന്ത്രി കടുപ്പിച്ചത്. കോണ്‍ഗ്രസ് മുമ്പ് മുസ്ലീങ്ങൾക്ക് സംവരണം ഏര്‍പ്പെടുത്തിയത് സംശയത്തിന് ഇടനല്‍കുന്നതായി അദ്ദേഹം ആരോപിച്ചു. 2004നും 2010നും ഇടയില്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ഒരു പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ മുസ്ലീമുകള്‍ക്ക് സംവരണം നടത്താന്‍ പലതവണ ശ്രമങ്ങള്‍ നടത്തിയെന്നും രാജ്യവ്യാപകമായി ഇത് നടപ്പിലാക്കാനുള്ള പദ്ധതി അവര്‍ക്കുണ്ടെന്നും എന്നാല്‍ സുപ്രീം കോടതി അത് അനുവദിച്ചില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു പ്രത്യേക വിഭാഗത്തിനായി സംവരണം നല്‍കാന്‍ കോണ്‍ഗ്രസ് ഉദേശിക്കുന്നുണ്ടെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലീങ്ങള്‍ക്ക് സംവരണം അനുവദിക്കുമ്പോള്‍ എസ് സി-എസ്ടി സംവരണം കുറഞ്ഞുപോകുമെന്നും മുസ്ലിമുകള്‍ക്ക് അന്യായമായി പ്രയോജനം നല്‍കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി തറപ്പിച്ച് പറഞ്ഞു.
advertisement
എന്നാല്‍ ബിജെപി പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കുകകയോ മതത്തിന്റെ അടിസ്ഥാനത്തില്‍ പുനഃവിതരണം ചെയ്യുകയോ ഇല്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. തുറന്ന വേദിയില്‍ നിന്നുള്ള തന്റെ വാഗ്ദാനമാണിതെന്നും അദ്ദേഹം പറഞ്ഞു. സമ്പത്ത് പുനർവിതരണത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും വിവാദങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി അമിത് ഷായും കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള നടപടിക്കായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്. കൂടാതെ പാര്‍ട്ടിയുടെ പ്രകടനപത്രികയുടെ പകര്‍പ്പുകള്‍ പ്രധാനമന്ത്രിക്ക് നല്‍കാനും കോണ്‍ഗ്രസ് ഉദേശിക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 24, 2024 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കോണ്‍ഗ്രസ് രാജ്യത്തെ സമ്പത്ത് ഒരു പ്രത്യേക വിഭാഗത്തിന് വീതം വെച്ചുകൊടുക്കും'; ആരോപണം കടുപ്പിച്ച് പ്രധാനമന്ത്രി