പബ്ജി കളി നിർത്താൻ ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
- Published by:meera_57
- news18-malayalam
Last Updated:
ആറുമാസമായി ജോലിക്ക് പോകാതെ പബ്ജി കളിക്കുകയായിരുന്നു ഇയാൾ
മൊബൈലില്‍ മണിക്കൂറുകളോളം പബ്ജി ഗെയിം കളിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട ഭാര്യയെ തൊഴില്‍രഹിതനായ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം നടന്നത്. 24കാരിയായ നേഹ പട്ടേല്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നേഹയെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ രഞ്ജീത് പട്ടേല്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.
പബ്ജി ഗെയിം കളിക്കാന്‍ രഞ്ജീത് മൊബൈലില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത് നേഹ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഗെയിം കളിക്കാന്‍ ചെലവഴിക്കുന്ന സമയം ഒരു ജോലി കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേഹ രഞ്ജീതിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ പ്രതി ഭാര്യയെ ഒരു ടവ്വല്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം നടന്നത്. ദമ്പതികള്‍ വിവാഹിതരായിട്ട് ആറ് മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു. മേയ് 25-നായിരുന്നു ഇരുവരുടെയും വിവാഹം. പ്രതി പബ്ജിക്ക് അടിമയായിരുന്നുവെന്നും അയാള്‍ക്ക് തൊഴിലില്ലാത്തതും ഗെയിമിംഗ് ശീലങ്ങളും ദമ്പതികള്‍ക്കിടയില്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
advertisement
കൊലപാതകത്തിനുശേഷം പ്രതി നേഹയുടെ അളിയന് ഈ വിവരം അറിയിച്ചുകൊണ്ട് സന്ദേശമയച്ചു. താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും അവളുടെ കുടുംബത്തോട് നേഹയെ തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായും രഞ്ജീത് അറിയിച്ചു. വിവരം അറിഞ്ഞ് പരിഭ്രാന്തരായ നേഹയുടെ വീട്ടുകാര്‍ നേരെ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലെത്തി. അബോധാവസ്ഥയില്‍ കിടക്കുന്ന നേഹയെ കണ്ട് വിവരം പോലീസില്‍ അറിയിച്ചു. സംഭവസ്ഥലത്തു തന്നെ നേഹ മരിച്ചിരുന്നു.
ഡിഎസ്പി ഉദിത് മിശ്ര കൊലപാതകം സ്ഥിരീകരിച്ചു. പ്രതി രഞ്ജീത് ഇപ്പോഴും ഒളിവിലാണ്. പബ്ജി ആസക്തിയെച്ചൊല്ലി ദമ്പതികള്‍ നിരന്തരം വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാണ്. മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റു ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
advertisement
രഞ്ജീതും കുടുംബവും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി നേഹയുടെ കുടുംബം ആരോപിച്ചു. നേരത്തെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ തങ്ങള്‍ നിറവേറ്റിയതിനുശേഷം കാര്‍ വാങ്ങി നല്‍കാന്‍ പ്രതി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും കുടുംബം അവകാശപ്പെട്ടു.
അതേസമയം പോലീസ് അന്വേഷണം വൈകുന്നതില്‍ നേഹയുടെ സഹോദരന്‍ ഷേര്‍ ബഹാദൂര്‍ പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് നിരാശ പ്രകടിപ്പിച്ചു. ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചതിനാണ് സഹോദരിയെ കൊന്നതെന്നും പ്രതിയെ അതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രഞ്ജീതിന്റെ കുടുംബത്തിനെതിരെ നടപടിയെടുക്കാനും നേഹയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. അയാളുടെ അച്ഛനെയും അമ്മയെയും സഹോദരനെയും ഭാര്യയെയും അറസ്റ്റു ചെയ്യണമെന്നും അവരെല്ലാം തന്റെ സഹോദരിയെ ഉപദ്രവിച്ചുവെന്നും അവള്‍ക്ക് നീതി കിട്ടണമെന്നും ബഹാദൂര്‍ പട്ടേല്‍ പറഞ്ഞു.
advertisement
ഒളിവില്‍ പോയ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇയാളെ കണ്ടെത്താന്‍ ഒന്നിലധികം അന്വേഷണ സംഘങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്. അതേസമയം, നേഹയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിരിക്കുകയാണ്.
Summary: PUBG addict husband kills wife in Madhya Pradesh
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 03, 2025 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പബ്ജി കളി നിർത്താൻ ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി


