Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ
Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ
കഴിഞ്ഞ വ൪ഷം ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ 40 സിആ൪പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
ന്യൂഡൽഹി: നാൽപത് സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണ കേസില്‍ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ദേശീയ സുരക്ഷ ഏജൻസി (NIA).ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്‍റെ ഗൂഢാലോചനയുടെ വിശദാംശങ്ങൾ അടക്കം വിവരിക്കുന്ന അയ്യായിരം പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിക്കാൻ തയ്യാറായിരിക്കുന്നത്. സംഘടനയുടെ ഗൂഢാലോചന വിവരങ്ങൾക്ക് പുറമെ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ കണക്ക്, ആക്രമണത്തിന് നേതൃത്വം നൽകിയ തീവ്രവാദികൾ അവരെ സഹായിച്ചവർ എന്നിവരുടെയും പൂർണ്ണ വിവരങ്ങൾ കുറ്റപത്രത്തിലുണ്ട്.
ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മൗലാന മസൂദ് അസർ, റൗഫ് അസർ പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിച്ച മറ്റ് ആസൂത്രകർ എന്നിവരുൾപ്പെടെ പ്രതിപ്പട്ടികയിലുണ്ടെന്നാണ് സൂചന. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുക. ശാസ്ത്രീയവും ഡിജിറ്റലുമായ തെളിവുകൾ അടക്കം പരിഗണിച്ച് പതിനെട്ടുമാസത്തോളം എടുത്ത് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രതികളുടെ ഫോണുകളിലെ കോൾ റെക്കോർഡിംഗ്സ്, വാട്സ്ആപ്പ് ചാറ്റ്സ്, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയൊക്കെയും അന്വേഷണത്തിനായി വീണ്ടെടുത്തിരുന്നു എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ ഉമർ ഫാരൂഖ് എന്നായാളാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഏപ്രിൽ 2018 ൽ ഇന്ത്യയിലെത്തിയ ഇയാളാണ് സ്ഫോടകവസ്തുക്കൾ ക്രമീകരിച്ചതെന്നാണ് പറയപ്പെടുന്നത്. 2020 മാർച്ച് 29ന് നടന്ന ഒരു ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു. സ്ഫോടകവസ്തു വിദഗ്ധനായ കമ്രാൻ എന്നയാളും ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
ഉമർ ഫാരൂഖിന്‍റെ ഫോണിലെ വാട്സ്ആപ്പ് സന്ദേശങ്ങളിൽ നിന്നാണ് പാകിസ്താൻ വഴി ഇന്ത്യയിലേക്ക് സുരക്ഷിതമായി സ്ഫോടക വസ്തുക്കൾ എത്തുന്നത് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. രാത്രികളിൽ തീവ്രവാദികൾ അതിർത്തി വേലി കടന്ന ഇന്ത്യയിലേക്ക് വരുന്ന വീഡിയോ ദൃശ്യങ്ങളും മൊബൈലിൽ നിന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വ൪ഷം ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ 40 സിആ൪പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.