News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 29, 2020, 1:19 PM IST
രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിന് പുറത്തു നിന്നുകൊണ്ടു തന്നെ ജനങ്ങളെ സേവിക്കുമെന്നും ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ രജനികാന്ത് പറയുന്നു. ഡിസംബര്‍ 31ന്
പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കേയാണ് രജനിയുടെ അപ്രതീക്ഷിത പിന്മാറ്റം.
വാക്കു പാലിക്കാൻ ആകാത്തതിൽ വേദനയുണ്ട്. തന്നെ വിശ്വസിച്ചവർ ദുഃഖിക്കാൻ ഇടവരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രജനീകാന്തിന്റെ ആരോഗ്യനില വഷളായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഡോക്ടറുടെ നിർദേശം അനുസരിച്ച് ഹൈദരാബാദിലേക്ക് മടങ്ങുകയാണെന്നും കോവിഡ് സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും താരം പറയുന്നു.
ഹൈദരാബാദിൽ പുതിയ ചിത്രം അണ്ണാത്തെയുടെ ലൊക്കേഷനിൽ ചിലർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് രജനി അടക്കമുള്ള താരങ്ങൾ ചെന്നൈയിൽ തിരികെ മടങ്ങിയത്. പിന്നാലെ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
തന്റെ ആരോഗ്യസ്ഥിതി കാരണം അണ്ണാത്തെയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണെന്നും നിരവധി പേരുടെ ജോലി ഇതുകാരണം നഷ്ടമാകുകയും ചെയ്തു. പാർട്ടി രൂപീകരിച്ച് പ്രചരണം ആരംഭിച്ചു കഴിഞ്ഞാൽ നിരവധി പേരുമായി ഇടപഴകേണ്ടി വരും. തനിക്ക് വല്ലതും സംഭവിച്ചാൽ തന്നെ വിശ്വസിച്ചവർക്കും പിന്തുണച്ചവർക്കും കനത്ത വലിയ പ്രയാസവും സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തന്നെ സോഷ്യൽമീഡിയയിലൂടേയും ടെലിവിഷനിലേയും പ്രമോഷൻ നടത്തി വിജയിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ച്ചത്തെ പൂര്‍ണ്ണ വിശ്രമം ആവശ്യമമാണ് ഡോക്ടര്‍മാര്‍ രജനികാന്തിന് നിർദേശിച്ചിരിക്കുന്നത്. ശാരീരിക അധ്വാനം വേണ്ടെന്നും സമ്മര്‍ദ്ദം ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Published by:
Naseeba TC
First published:
December 29, 2020, 1:19 PM IST