അധികൃതര്‍ ജാതി സര്‍ട്ടിഫിക്കറ്റ് (caste certificate) നല്കാത്തതിനാല് ബുദ്ധിമുട്ടിലായിരിക്കുകയാണ് തമിഴ്നാട്ടിലെ (tamilnadu) എസ്ടി (ST) വിഭാഗമായ ആദിയന് സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ (students). വീടുകള്‍ തോറും കാളയുമായി കയറിയിറങ്ങി ഭാവി പ്രവചിക്കുന്ന പൂര്‍വ്വികരാണ് തങ്ങളുടേതെന്നും തങ്ങള്‍ ഗോത്ര വിഭാഗത്തില്‍ പെട്ടവരാണെന്നുമാണ് ആദിയന്മാര് പറയുന്നത്. ആദിവാസി (tribes) വിഭാഗത്തില്‍ പെട്ടവരാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.
2001ല്‍ നടത്തിയ നരവംശ ശാസ്ത്ര പഠനത്തില്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് ആദിയന്മാര് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റവന്യു ഉദ്യോഗസ്ഥരോ വില്ലേജ് ഓഫീസറോ ഇവര്‍ ആദിവാസകളാണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ല എന്നതാണ് പ്രധാന പരാതി. ''ആദിവാസി വിഭാഗമാണെന്ന് തെളിയിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ഞങ്ങളുടെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ സംവരണം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍, നരവംശ ശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് റവന്യു ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസറും പറയുന്നത്'', ആദിയന് സമുദായംഗമായ കെ ആര് കണ്ണയ്യന് പറഞ്ഞു.
ഉയര്‍ന്ന ഫീസ് നല്കാന് സാധിക്കാത്തതിനാല്‍ ആദിയന് വിഭാഗത്തിലെ നിരവധി കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നില്ല. എസ്ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസവും സ്കോളര്‍ഷിപ്പും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഊട്ടിയിലെ ട്രൈബല്‍ റിസര്‍ച്ച് സെന്ററിനെ സമീപിക്കാനാണ് ഇവര്‍ക്ക് ഏറ്റവും ഒടുവിലായി കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.
ഈ സമുദായത്തിനെ എസ്ടി വിഭാഗമായി പ്രഖ്യാപിക്കണമെങ്കില്‍ ട്രൈബല്‍ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നാണ് തിരുച്ചി കളക്ടറുടെ ഓഫീസില്‍ നിന്നും ലഭിച്ച മറുപടി. നേരത്തെ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ തങ്ങളുടെ കുട്ടികള്‍ ഉണ്ടാകുമായിരുന്നു എന്ന് സമുദായംഗം എം കണ്ണന് വ്യക്തമാക്കി. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം, തമിഴ്നാട്ടില്‍ ആദിവാസികള്‍ക്കെതിരായ ക്രിമിനല്‍ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2017 മുതല്‍ വര്‍ധിച്ചതായാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ കേസുകളില്‍ നടപ്പിലാക്കിയിരിക്കുന്ന ശിക്ഷാവിധികള്‍ വളരെ കുറവാണ്. രജിസ്റ്റര്‍ ചെയ്ത മൊത്തം കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 10 ശതമാനത്തില്‍ താഴെ പേര് മാത്രമാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2017ല്‍ മൂന്ന് പേര്, 2018ല്‍ ആരുമില്ല, 2019ല്‍ പത്ത് പേരുമാണ് ശിക്ഷിക്കപ്പെട്ടത്. ആദിവാസി വിഭാഗത്തിലെ നിരപരാധികള്‍ക്ക് നീതി ലഭിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണെന്നും ജയ് ഭീം എന്ന ചിത്രത്തിലെ പ്രമേയവുമായി ഈ ഡാറ്റ അസാധാരണമായ ബന്ധം പുലര്‍ത്തുന്നതായും ന്യൂ ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതിയില്‍ ആദിവാസി വിഭാഗക്കാരുടെ ഒരു കേസ് തെളിയിക്കുന്നതിന് ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വരും. പ്രത്യേകിച്ച് എതിര്‍കക്ഷികള്‍ പ്രബല ജാതിക്കാരാകുമ്പോള്‍. എഫ്ഐആര്‍ രേഖപ്പെടുത്തുന്നതും കേസ് അന്വേഷിക്കുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും വിചാരണയും ശിക്ഷയും വരെ നടത്തുന്ന എല്ലാ തലങ്ങളിലും ആദിവാസികള്‍ക്കെതിരെ കനത്ത മുന്‍വിധികളുണ്ടെന്ന് ജയ് ഭീം സിനിമയ്ക്ക് ആധാരമായ വ്യക്തിയും റിട്ട. മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായ കെ ചന്ദ്രു ദി ന്യൂ ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.