കോവിഡ്: തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാന്‍ ജൂണ്‍ മാസത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ 7 വരെ തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. ആവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമുണ്ട്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് വിതരണസമയം. ലോക്ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി കുറയ്ക്കാന്‍ ജൂണ്‍ മാസത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 13 ഉത്പന്നങ്ങളാവും കിറ്റില്‍ ഉണ്ടാവുക.
ഇതിനിടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അടുത്ത തിങ്കളാ്ച മുതൽ ലോക്ക്ഡൗണ്‍ ഇളവുകൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5 ശതമാനമാണ്. 1100 കേസുകൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇത് ഇളവുകൾക്കുള്ള സമയമാണെന്നും അല്ലെങ്കിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
advertisement
ഇന്ന് ദുരന്തനിവാരണ വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. കോവിഡ് വ്യാപനത്തിൽ കഴിഞ്ഞ കുറേ നാളുകൾ കൊണ്ട് നാം ഉണ്ടാക്കിയെടുത്ത നേട്ടം നിലനിർത്തണമെങ്കിൽ ഇളവുകൾ പ്രഖ്യാപിക്കുന്നതും അൺലോക്കിങ് ആരംഭിക്കുന്നതും സാവാധാനത്തിൽ വേണമെന്നാണ് നിർദേശമെന്നും കെജ്രിവാൾ വ്യക്തമാക്കി.
തിങ്കളാഴ്ച മുതൽ വ്യാവസായിക മേഖലകളിലെ ഉത്‌പാദന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകും. നിർമാണ പ്രവർത്തനങ്ങളും പുനരാരംഭിക്കാം. എല്ലാ ആഴ്ചകളിലും പൊതുജനങ്ങളുടേയും വിദഗ്ധരുടേയും നിർദേശത്തിന് അനുസരിച്ചാവും ഇളവുകൾ പ്രഖ്യാപിക്കുക. കോവിഡ് കേസുകൾ വീണ്ടും കൂടിയാൽ ഇളവുകൾ അനുവദിക്കുന്നത് നിർത്തിവെക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
രാജ്യത്ത് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,86,364 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാൽപ്പത്തിനാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,75,55,457 ആയി ഉയർന്നു. ഇതിൽ 2,48,93,410 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 23,43,152 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
advertisement
രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ കുറയാതെ നില്‍ക്കുന്നത് ആശങ്ക നല്‍കുന്നുണ്ട്. ഒറ്റദിവസത്തിനിടെ 3660 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,18,895 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലിരിക്കുന്ന രാജ്യത്ത് കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,70,508 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കണക്കുകൾ അനുസരിച്ച് ഇതുവരെ 33,90,39,861 പരിശോധനകളാണ് നടന്നിട്ടുള്ളത്.
Also Read-ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പദ്ധതിയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിലെ സത്യവും മിഥ്യയും
advertisement
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന കോവിഡ് കണക്കുകളിൽ മുന്നിൽ നിൽക്കുന്നത്. ഒരുലക്ഷത്തിലധികം സജീവ കേസുകളും ഈ സംസ്ഥാനത്തുണ്ട്. ആദ്യഘട്ടത്തിൽ നിന്നും വ്യത്യാസമായി കോവിഡ് രണ്ടാം വ്യാപനം ഇന്ത്യയുടെ വടക്കു കിഴക്കു സംസ്ഥാനങ്ങളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 28, 2021 8:06 PM IST