രാജസ്ഥാനിൽ സോഷ്യൽമീഡിയ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (NIA) കേസെടുത്തു. പ്രതികളുടെ രാജ്യാന്തര ബന്ധങ്ങളും ഇടപെടലുകളും എൻഐഎ പരിശോധിക്കും. പ്രതികൾക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐപിസി 452, 302, 153(A), 153(B), 295 (A), 34, യുഎപിഎ നിയമത്തിലെ 16, 18, 20 വകുപ്പുകൾ പ്രകാരമാണ് എൻഐഎ കേസെടുത്തത്. പാക് ഭീകരസംഘടനകളുമായി പ്രതികൾക്കുള്ള ബന്ധവും അന്വേഷിക്കും.
ഉദയ്പുരിലെ കൊലപാതകത്തെ ഭീകരപ്രവർത്തനമായാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. കേസ് ഏറ്റെടുക്കാൻ എൻഐഎയോട് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. വിദേശ ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളിൽ വിശദമായി അന്വേഷണം നടത്താനാണ് നിർദേശം. കനയ്യ ലാൽ ടേലി (40) എന്നയാളാണു കൊല ചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവർ പിടിയിലായിരുന്നു. റിയാസ് അഖ്താരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങളിലാണ് ഐഎസ് സൂചനയുള്ളത്.
സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് വിഛേദിക്കുകയും ചെയ്തു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. ഏഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കൊലപാതക ദൃശ്യങ്ങളുടെ വിഡിയോ പ്രചരിപ്പിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.
Also Read-Nupur Sharma| ഉദയ്പൂരിൽ നുപുർ ശർമയെ പിന്തുണച്ചയാളെ തലയറുത്ത് കൊന്നു; രാജസ്ഥാനിൽ സംഘർഷാവസ്ഥ
കൊല്ലപ്പെട്ട കനയ്യ ലാല്‍ ടേലിക്ക് വധഭീഷണിയുണ്ടായിട്ടും ജാഗ്രത പുലര്‍ത്താത്തതിന് ധാന്‍മണ്ഡി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് എസ് ഐ ധന്‍വര്‍ ലാലിനെ സസ്പെന്‍ഡ് ചെയ്‍തിരുന്നു. ജൂണ്‍ 15നാണ് കനയ്യ ലാല്‍ വധഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതി നല്‍കിയത്. പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം ധൻമണ്ഡിയിൽ സുപ്രീം ടെയ്‌ലേഴ്സ് എന്ന തയ്യൽ കട നടത്തിയിരുന്ന കനയ്യ ലാൽ ഏതാനും ദിവസം മുൻപ് പങ്കുവച്ചതായി ചിലർ പരാതിപ്പെട്ടിരുന്നു. തുടർന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇതിനുശേഷം കനയ്യ ലാലിനു ചില സംഘടനകളിൽനിന്ന് ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: NIA, Rajasthan, UAPA, Udaipur Murder