• HOME
  • »
  • NEWS
  • »
  • india
  • »
  • ജോലി ഇനി ആഴ്ചയിൽ നാല് ദിവസം; അവധി മൂന്ന് ദിവസം; കേന്ദ്രത്തിന്റെ പുതിയ വ്യവസ്ഥകൾ

ജോലി ഇനി ആഴ്ചയിൽ നാല് ദിവസം; അവധി മൂന്ന് ദിവസം; കേന്ദ്രത്തിന്റെ പുതിയ വ്യവസ്ഥകൾ

ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെങ്കിൽ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതി. ദിവസം 10 മണിക്കൂറാണ് ജോലി സമയമെങ്കിൽ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 5 ദിവസമായി ചുരുങ്ങും. എട്ട് മണിക്കൂർ ജോലി ചെയ്യുന്നവർക്ക് ആഴ്ച്ചയിൽ ആറ് ദിവസവും പ്രവൃത്തി ദിനമായിരിക്കും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: കമ്പനികളിലെ ഷിഫ്റ്റുകളുടെ സമയം കൂട്ടി ആഴ്ചയിൽ പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി. പ്രതിവാര പ്രവൃത്തി സമയം 48 മണിക്കൂർ ആയി തന്നെ നിലനിർത്തി പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതനുസരിച്ച് ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെങ്കിൽ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതി. ദിവസം 10 മണിക്കൂറാണ് ജോലി സമയമെങ്കിൽ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 5 ദിവസമായി ചുരുങ്ങും.

    എട്ട് മണിക്കൂർ ജോലി ചെയ്യുന്നവർക്ക് ആഴ്ച്ചയിൽ ആറ് ദിവസവും പ്രവൃത്തി ദിനമായിരിക്കും. കേന്ദ്ര തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്രയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
    ഇക്കാര്യത്തിൽ ജീവനക്കാർക്കും തൊഴിലുടമകൾക്കും ഉചിതമായ തീരുമാനമെടുക്കാമെന്നും തൊഴിൽ സെക്രട്ടറി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സംസ്കാരത്തിന്റെ ഭാഗമാണ് പുതിയ വ്യവസ്ഥയെന്ന് ചന്ദ്ര പറഞ്ഞു. ഈ വ്യവസ്ഥ പുതിയ തൊഴിൽ‌ കോഡിന്റെ ഭാഗമാണ്. പുതിയ നിയമങ്ങൾ‌ നടപ്പിലാക്കിയാൽ‌, തൊഴിലുടമകൾക്ക്‌ അവരുടെ ജീവനക്കാർ‌ ഈ ക്രമീകരണം അംഗീകരിക്കുകയാണെങ്കിൽ‌ നാലോ അഞ്ചോ ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്ക് മാറുന്നതിന് സർക്കാർ അനുമതി തേടേണ്ട ആവശ്യമില്ല.

    Also Read- Happy Hug Day| ഇന്ന് ആലിംഗന ദിനം; പങ്കാളിയെ ചേർത്തുനിർത്താം, സ്നേഹത്തോടെ..

    നാല് ദിവസത്തെ പ്രവൃത്തി ദിനം തെരഞ്ഞെടുക്കുകയാണെങ്കിൽ മൂന്ന് ദിവസത്തെ അവധി ഉറപ്പാക്കണമെന്നും അഞ്ച് ദിവസത്തെ ആഴ്ചയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് ദിവസത്തെ അവധി ഉറപ്പാക്കണമെന്നും ചന്ദ്ര പറഞ്ഞു. പുതിയ തൊഴിൽ കോഡ് നിലവിൽ വന്നാൽ ആവശ്യം, വ്യവസായം, സ്ഥലം എന്നിവ അടിസ്ഥാനമാക്കി 8 മുതൽ 12 മണിക്കൂർ വരെ പ്രവൃത്തി സമയം തെരഞ്ഞെടുക്കാൻ തൊഴിലുടമകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

    നാല് ദിവസത്തെ പ്രവൃത്തി ദിനം തെരഞ്ഞെടുക്കാൻ കൂടുതൽ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതായാണ് വിവരം. കുറഞ്ഞ വാടകച്ചെലവും കൂടുതൽ ഉൽ‌പാദനക്ഷമതയുമാണ് കമ്പനികളെ ഈ ഷിഫ്റ്റ് തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ഐടി സേവന മേഖലകൾക്ക് ഇത് ഗുണം ചെയ്യും. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിൽ 20-30 ശതമാനം ആളുകൾക്ക് നാലോ അഞ്ചോ ദിവസത്തെ പ്രവർത്തന സമയം തെരഞ്ഞെടുക്കാൻ കഴിഞ്ഞേക്കും.

    Also Read- 'പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞത് സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ'; പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണൻ

    അധിക അവധി ലഭിക്കുന്നതിനാൽ കുറച്ച് ദിവസത്തേക്ക് കൂടുതൽ മണിക്കൂർ ജോലി ചെയ്യാൻ ചെറുപ്പക്കാർക്ക് താത്പര്യം കൂടുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. തൊഴിലാളികളുടെ ഉൽപാദന ക്ഷമത വർദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യും. ഈ നടപടി ജീവനക്കാർക്കും തൊഴിലുടമകൾക്കും ഗുണം ചെയ്യുമെന്ന് ടീം ലീസ് സർവീസസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സഹസ്ഥാപകനുമായ റിതുപർണ ചക്രബർത്തിയെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

    എന്നാൽ ഈ രീതി തൊഴിലവസരങ്ങൾ കുറയ്ക്കാൻ ഇടയാക്കുമെന്ന് ചില വിദഗ്ധർ പറയുന്നു. ജോലി-ജീവിത സന്തുലിതാവസ്ഥയെ ഇത് ബാധിച്ചേക്കാമെന്ന് തൊഴിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ കെ.ആർ ശ്യാം സുന്ദർ പറയുന്നു.
    Published by:Rajesh V
    First published: