വിദേശനിക്ഷേപ നിയമ ലംഘനം; ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ മേധാവികള്‍ക്ക് ഇഡി സമന്‍സ് അയച്ചേക്കും
- Published by:ASHLI
- news18-malayalam
Last Updated:
വില്‍പ്പനക്കാരുടെ ബിസിനസ് വിവരങ്ങളും ഇ-കൊമേഴ്‌സ് കമ്പനികളുമായുള്ള അവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടപാടുകളും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കും
വിദേശ നിക്ഷേപ നിയമത്തില്‍ ലംഘനം നടത്തിയതിന് ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമുകളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ മേധാവിമാര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്(ഇഡി) സമന്‍സ് അയച്ചേക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചില ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ വിൽപ്പനക്കാരുടെ ഓഫീസില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ മേധാവിമാര്‍ക്ക് ഇഡി സമന്‍സ് അയക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ 70 ബില്ല്യണ്‍ ഡോളറിന്റെ ഇ-കൊമേഴ്‌സ് വിപണിയില്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടും ആമസോണും വളരെ വേഗമാണ് വളരുന്നത്. അതിനാല്‍, അവയുടെ നിയന്ത്രണം സംബന്ധിച്ചുള്ള സൂക്ഷമപരിശോധനയുടെ സൂചനാണ് പുതിയ നീക്കത്തിലൂടെ പുറത്തുവരുന്നത്. തിരഞ്ഞെടുക്കപ്പെട്ട വിൽപ്പനക്കാർക്ക് അനുകൂലമായി ഈ രണ്ടു കമ്പനികളും നിയമം ലംഘിച്ചതായി നേരത്തെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം, ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും നിലപാട്. എന്നാല്‍, തിരഞ്ഞെടുത്ത വില്‍പ്പനക്കാര്‍ വഴി സാധനങ്ങളുടെ ചരക്കുപട്ടികയില്‍ നിയന്ത്രണം ചെലുത്തുന്നതായുള്ള ആരോപണങ്ങളില്‍ വര്‍ഷങ്ങളായി ഇഡി ഇവര്‍ക്കെതിരേ അന്വേഷണം നടത്തി വരികയാണ്.
advertisement
വിദേശ ഇ-കൊമേഴ്‌സ് കമ്പനികളെ അവരുടെ വെബ്‌സൈറ്റ് വഴി വില്‍ക്കാന്‍ കഴിയുന്ന സാധനങ്ങളുടെ ചരക്കുപട്ടിക കൈവശം വയ്ക്കുന്നതിന് ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. മറിച്ച് സെല്ലര്‍മാര്‍ക്കുള്ള വിപണിയിടമായി മാത്രം പ്രവര്‍ത്തിക്കാനെ അവയ്ക്ക് അനുമതിയുള്ളൂ.
ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയുടെ വില്‍പ്പനക്കാരുടെ ഓഫീസിൽ കഴിഞ്ഞയാഴ്ചയാണ് ഇഡി റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് ഇരു കമ്പനികളുടെയും മേധാവിമാരെ വിളിച്ചുവരുത്താന്‍ പദ്ധതിയിടുന്നത്. വില്‍പ്പനക്കാരില്‍നിന്ന് പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച് വരികയാണെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച വരെ വില്‍പ്പനക്കാരുടെ ഓഫീസില്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. അതേസമയം, റെയ്ഡിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
advertisement
വില്‍പ്പനക്കാരുടെ ബിസിനസ് വിവരങ്ങളും ഇ-കൊമേഴ്‌സ് കമ്പനികളുമായുള്ള അവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടപാടുകളും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെ ഇഡിയുടെയും പ്രതികരണം ലഭിച്ചില്ല.
ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ ഫ്‌ളിപ്കാര്‍ട്ടിന് 32 ശതമാനവും ആമസോണിന് 24 ശതമാനവും വിപണി വിഹിതമുണ്ടെന്നാണ് ഡാറ്റും ഇന്റലിജന്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ 834 ബില്ല്യണ്‍ ഡോളറിന്റെ ചെറുകിട മേഖലയില്‍ ഏകദേശം 8 ശതമാനത്തോളം വരുമിത്.
ചരക്കുപട്ടികയില്‍ ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും പൂര്‍ണമായും നിയന്ത്രണമുണ്ടെന്നും രേഖകളിൽ വില്‍പ്പനക്കാരെ വെറും വായ്പ നല്‍കുന്ന സംരംഭങ്ങളായാണ് കാണിച്ചിരിക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.
advertisement
കഴിഞ്ഞയാഴ്ച പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ ആമസോണിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പനക്കാരായ അപ്പാരിയോയും ഉള്‍പ്പെടുന്നതായി ഒരു സ്രോതസ്സ് വെളിപ്പെടുത്തി. റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിക്കുകയും അപ്പാരിയോയുടെ മേധാവിമാരെ ചോദ്യം ചെയ്യുകയും ചെയ്തു.
ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ചെറുകിട വില്‍പ്പനക്കാരെ ബുദ്ധിമുട്ടിക്കുന്നതായുള്ള പരാതികള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നുണ്ട്. അതിനാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേയുള്ള സൂക്ഷ്മ പരിശോധന അന്വേഷണ ഏജന്‍സികള്‍ കടുപ്പിച്ചിട്ടുണ്ട്. ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും തങ്ങളുടെ ആപ്പുകളില്‍ തെരഞ്ഞെടുത്ത ചില റെസ്റ്ററന്റുകളെ അനുകൂലിച്ച് നിയമലംഘനം നടത്തിയതായി കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 12, 2024 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വിദേശനിക്ഷേപ നിയമ ലംഘനം; ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ മേധാവികള്‍ക്ക് ഇഡി സമന്‍സ് അയച്ചേക്കും