ചിന്നമ്മ' ഇനി തമിഴ്നാട് രാഷ്ട്രീയത്തിലേക്ക്; ജയലളിതയുടെ തോഴി ശശികലയുടെ ജയിൽവാസം ഇന്ന് പൂർത്തിയാകും
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡ് സ്ഥിരീകരിച്ച് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ശശികല ഉടൻ ചെന്നൈയിലെത്തില്ല.
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷത്തെ ശിക്ഷ പൂർത്തിയാക്കി എ ഐ എ ഡി എം കെ മുൻ ജനറൽ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി കെ ശശികല ഇന്ന് ജയിൽ മോചിതയാകും. എന്നാൽ, കോവിഡ് സ്ഥിരീകരിച്ച് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ഉടൻ ചെന്നൈയിലെത്തില്ല. ശശികലയുടെ ശിക്ഷാ കാലാവധി ഇന്ന് ഔദ്യോഗികമായി അവസാനിക്കുമെന്ന് പരപ്പന അഗ്രഹാര ജയിൽ അധികൃതർ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് 63കാരിയായ ശശികല ജയിലിലായത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2017ലാണ് ശശികലയെയും കൂട്ടുപ്രതിയും അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും സഹോദരീപുത്രനായ വി എൻ സുധാകരനെയും കോടതി ശിക്ഷിച്ചത്.
advertisement
ജനുവരി 20നാണ് ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ബോവ്റിങ് ആശുപത്രിയിലേക്കും പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോവിഡ് ലക്ഷണങ്ങൾ കുറഞ്ഞതിനെത്തുടർന്ന് ശശികലയെ കഴിഞ്ഞ ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു വാർഡിലേക്ക് മാറ്റി. പരപ്പന അഗ്രഹാര ജയിൽ അധികൃതർ ഇന്ന് രാവിലെ ആശുപത്രിയിലെത്തി മോചന നടപടിക്രമങ്ങൾ ഔദ്യോഗികമായി പൂർത്തിയാക്കും.
advertisement
ശശികലയെ ആശുപത്രിയിൽ നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ഡോക്ടർമാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അനന്തരവനും എ എം എം കെ സ്ഥാപകനുമായ ടി ടി വി ദിനകരൻ വ്യക്തമാക്കി. ഇളവരശിയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഫെബ്രുവരി ആദ്യവാരമാകും ശിക്ഷാ കാലാവധി പൂർത്തിയാക്കി ഇളവരശി പുറത്തിറങ്ങുക. ശിക്ഷയുടെ ഭാഗമായി 10 കോടി രൂപ പിഴയൊടുക്കാത്തതിനാൽ വി എൻ സുധാകരന്റെ മോചനം വൈകും. ശശികലയുടെ സഹോദരീപുത്രനും ടി ടി വി ദിനകരന്റെ സഹോദരനുമാണ് സുധാകരൻ.
advertisement
Also Read- ഓസ്കറില്‍ മത്സരിക്കാൻ ഒരുങ്ങി 'സൂരറൈ പോട്ര്'; സന്തോഷവാര്‍ത്ത പങ്കുവെച്ച് അണിയറ പ്രവർത്തകർ
ചിന്നമ്മ എന്ന് വിളിക്കപ്പെടുന്ന ശശികല, ജയലളിതയുടെ മരണത്തെ തുടർന്ന് 2016 ഡിസംബറിൽ എ ഐ എ ഡി എം കെയുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. പിന്നീട് എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗം ശശികലയെ പുറത്താക്കി. മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ചെന്നൈയിൽ ശശികല എത്തുമെന്നാണ് വിവരം. ചെന്നൈയിലെത്തിയാൽ ആദ്യ നടപടി മറീനയിലെ ജയലളിത സ്മാരകം സന്ദർശനമായിരിക്കും. ഇതിനിടെ, ശശികലയെ പുകഴ്ത്തി ഘടകകക്ഷികൾ രംഗത്തുവന്നത് അണ്ണാ ഡി എം കെയ്ക്ക് തലവേദനായിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 27, 2021 7:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചിന്നമ്മ' ഇനി തമിഴ്നാട് രാഷ്ട്രീയത്തിലേക്ക്; ജയലളിതയുടെ തോഴി ശശികലയുടെ ജയിൽവാസം ഇന്ന് പൂർത്തിയാകും