'ഭാര്യ സ്വകാര്യസ്വത്ത് അല്ല; ഭര്‍ത്താവിനൊപ്പം ജീവിക്കാൻ നിർബന്ധിക്കാനാകില്ല; സുപ്രീം കോടതി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഭാര്യ ഭർത്താവിന്‍റെ സ്വകാര്യസ്വത്തല്ല അതുകൊണ്ട് തന്നെ അവരെ നിങ്ങൾക്കൊപ്പം ജീവിക്കാൻ നിർബന്ധിക്കാനുമാകില്ല' അവൾക്ക് പോകാൻ താൽപ്പര്യമില്ലാത്ത ഒരു സ്ഥലത്തേക്ക് അയക്കണമെന്ന് ഉത്തരവിടണമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത്
ന്യൂഡൽഹി: ഭർത്താവിനൊപ്പം ജീവിക്കാൻ ഭാര്യയെ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭാര്യ ഭർത്താവിന്‍റെ സ്വകാര്യ സ്വത്തോ വസ്തുവോ അല്ല അതുകൊണ്ട് തന്നെ നിങ്ങൾക്കൊപ്പം ജീവിക്കണമെന്ന് നിർബന്ധിക്കാനും ആകില്ലെന്നാണ് കോടതി അറിയിച്ചത്. ഗോരഖ്പുര്‍ സ്വദേശിയായ യുവാവിന്‍റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
കഴിഞ്ഞ കുറച്ചുകാലമായി ഭാര്യയുമായി അകന്നു കഴിയുകയാണ് യുവാവ്. സ്ത്രീധനപീഡനത്തെ തുടർന്ന് ഭർത്താവിനെതിരെ പരാതിയുമായി ഇവർ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 20000 രൂപ നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ ഇത് ചോദ്യം ചെയ്ത ഇയാൾ വീണ്ടും കോടതിയെ സമീപിച്ചു.
ഭാര്യയ്ക്കൊപ്പം ഒന്നിച്ചു കഴിയാൻ സന്നദ്ധനാണെന്നും അങ്ങനെ ജീവിക്കാന്‍ തയ്യാറായാൽ ഹിന്ദു സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ജീവനാംശം നൽകേണ്ടതില്ലെന്നും വ്യക്തമാക്കിയെങ്കിലും അലഹബാദ് ഹൈക്കോടതി ഇയാളുടെ ആവശ്യം തള്ളി. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. യുവതിയെ തനിക്കൊപ്പം തന്നെ ജീവിക്കാൻ അയക്കണമെന്നായിരുന്നു അഭിഭാഷകൻ മുഖെന ഇയാൾ അറിയിച്ചത്.
advertisement
എന്നാൽ ഇത് തള്ളിയ കോടതി ഭാര്യ സ്വകാര്യ സ്വത്തല്ലെന്നും ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ലെന്നും അറിയിക്കുകയായിരുന്നു. 'നിങ്ങൾ എന്താണ് കരുതുന്നത്. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ സ്ത്രീ സ്വകാര്യ സ്വത്താണെന്നാണോ? നിങ്ങളോടൊപ്പം വരണമെന്ന് നിർദേശിക്കാൻ ഭാര്യ ഒരു സ്വകാര്യ സ്വത്താണോ? ഭാര്യ ഭർത്താവിന്‍റെ സ്വകാര്യസ്വത്തല്ല അതുകൊണ്ട് തന്നെ അവരെ നിങ്ങൾക്കൊപ്പം ജീവിക്കാൻ നിർബന്ധിക്കാനുമാകില്ല' അവൾക്ക് പോകാൻ താൽപ്പര്യമില്ലാത്ത ഒരു സ്ഥലത്തേക്ക് അയക്കണമെന്ന് ഉത്തരവിടണമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത്' എന്നായിരുന്നു കോടതിയുടെ വാക്കുകൾ.
advertisement
അതേസമയം ജീവനാംശം നൽകാതിരിക്കാൻ ഭർത്താവ് സ്വീകരിക്കുന്ന അടവുകളാണിതെന്നാണ് ഭാര്യ പറയുന്നത്. തനിക്ക് ചിലവിന് പണം നൽകാൻ ഉത്തരവ് വന്നത് കൊണ്ടു മാത്രമാണ് ഭർത്താവ് മേൽക്കോടതിയെ സമീപിച്ചതെന്നും ഇവർ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2021 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഭാര്യ സ്വകാര്യസ്വത്ത് അല്ല; ഭര്‍ത്താവിനൊപ്പം ജീവിക്കാൻ നിർബന്ധിക്കാനാകില്ല; സുപ്രീം കോടതി