• HOME
 • »
 • NEWS
 • »
 • india
 • »
 • Kashmir | വെടിയൊച്ചകൾ നിലച്ചു; നുഴഞ്ഞു കയറ്റങ്ങൾ കുറഞ്ഞു; ശാന്തമായി കശ്മീർ അതിർത്തികൾ

Kashmir | വെടിയൊച്ചകൾ നിലച്ചു; നുഴഞ്ഞു കയറ്റങ്ങൾ കുറഞ്ഞു; ശാന്തമായി കശ്മീർ അതിർത്തികൾ

വെടിനിർത്തൽ കരാറിനെ മാനിക്കാനുള്ള ഇരു സേനകളുടെയും തീരുമാനം മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. വിനോദസഞ്ചാരികൾ കൂടുതലായി സംസ്ഥാനത്തേക്ക് എത്താനും തുടങ്ങിയിരിക്കുന്നു.

 • Last Updated :
 • Share this:
  തസാദുഖ് ഹുസൈൻ

  രണ്ടു വർഷം മുൻപ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ (ceasefire agreement) പ്രാബല്യത്തിലെത്തും മുൻപേ, നിരന്തരം ബോംബ് ആക്രമണങ്ങൾ നടന്നിരുന്ന സ്ഥലങ്ങളായിരുന്നു കശ്മീരിലെ (Kashmir) തീത്വാൾ, ഗുരെസ്, കേരൻ, മച്ചിൽ, നംബ്ല, ഗാർകോട്ട് ഗ്രാമങ്ങൾ. ഇന്ന്, മനോഹരമായ ഭൂപ്രകൃതിയും ശാന്തമായ അന്തരീക്ഷവും ആസ്വദിക്കാൻ വിനോദസഞ്ചാരികൾ ഈ സ്ഥലങ്ങളിലേക്ക് ഒഴുകുകയാണ്. ഇപ്പോളിവിടെ ബോംബുകൾ വർഷിക്കപ്പെടുന്നില്ല, വെടിവെയ്പുകൾ നടക്കുന്നില്ല. ഈ അതിർത്തി പ്രദേശങ്ങൾ ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങിയിരിക്കുന്നു. ഇവിടുത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു അത്ഭുതമാണ്.

  ''സമാധാനത്തോടെ ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇവിടെ മനുഷ്യത്വം പുലരണം. രാഷ്ട്രനിർമാണത്തിനായി നാം തുടർന്നും പ്രവർത്തിക്കണം. ടൂറിസം രം​ഗം മെച്ചപ്പെടുത്താനും, ദരിദ്രരുടെ വളർച്ചക്കായും, സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും പ്രവർത്തിക്കണം'', കശ്മീരിലെ കർണ്ണ സെക്ടർ സ്വദേശിയായ മുഹമ്മദ് ഇല്യാസ് പറഞ്ഞു.

  കഴിഞ്ഞ 30 വർഷമായി ജമ്മു കശ്മീരിലെ അതിർത്തികൾ നിലക്കാത്ത വെടിവെയ്പിനും ഷെല്ലാക്രമണത്തിനുമാണ് സാക്ഷ്യം വഹിച്ചത്. നൂറുകണക്കിന് ആളുകൾ ആക്രമങ്ങളിൽ കൊല്ലപ്പെട്ടു. ചിലർക്ക് വൈകല്യങ്ങൾ ബാധിച്ചു. കോടിക്കണക്കിന് രൂപയുടെ വീടുകളും കന്നുകാലികളുമെല്ലാം ഇല്ലാതായി. എന്നാൽ, കഴിഞ്ഞ വർഷത്തെ വെടി നിർത്തൽ കരാറിനു ശേഷം, ഈ മേഖലയിൽ ടൂറിസം വളർച്ച പ്രാപിച്ചു. ഇവിടങ്ങളിലുള്ളവർ ഇപ്പോൾ സമാധാനവും സമൃദ്ധിയും അനുഭവിക്കുന്നു.

  വെടിനിർത്തലിനു ശേഷം സംഭവിച്ച മാറ്റങ്ങൾ

  ഔദ്യോഗിക കണക്കുകൾ പ്രകാരം, ജമ്മു കശ്മീരിൽ മുൻപ് പല തവണ വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ട്. 3,479 വെടിനിർത്തൽ കരാർ ലംഘനങ്ങളാണ് 2019-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് ശേഷം, 2020ൽ എക്കാലത്തെയും ഉയർന്ന വെടിനിർത്തൽ ലംഘനങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. ആ വർഷം 5,100 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെടിനിർത്തൽ കരാർ ലംഘിച്ചതിന്റെ പേരിൽ 36 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

  കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ പങ്കുവെച്ച കണക്കനുസരിച്ച്, 2021ൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ മൊത്തം 664 വെടിനിർത്തൽ ലംഘന സംഭവങ്ങളാണ് ഉണ്ടായത്. ഇതിൽ, ഭൂരിഭാ​ഗം സംഭവങ്ങളും നടന്നത് ഫെബ്രുവരി 25 ന് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യങ്ങളുടെ സംയുക്ത പ്രസ്താവനയ്ക്ക് മുൻപുള്ള രണ്ട് മാസങ്ങളിലാണ്.

  നുഴഞ്ഞുകയറ്റത്തിലുണ്ടായ കുറവ്

  അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യൻ സുരക്ഷാ സേനയും ഏജൻസികളും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച്, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നുഴഞ്ഞുകയറ്റം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരിക്കുന്നത്. 2018-ൽ 143 നുഴഞ്ഞുകയറ്റ ശ്രമങ്ങളും, 2019-ൽ 141-ഉം, 2020-ൽ 51 ശ്രമങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

  ആന്റി-ഇൻഫിൽട്രേഷൻ ഒബ്സ്റ്റക്കിൾ സിസ്റ്റം രൂപീകരിച്ചതിനു ശേഷമാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായത്. അതിർത്തി കടക്കാനുള്ള ശ്രമങ്ങൾ തടയാൻ സുരക്ഷാ ഏജൻസികൾ ജാഗ്രത പുലർത്തുന്നുണ്ട്. സാങ്കേതിക സംവിധാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

  വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഈ വർഷം മൂന്ന് നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നടന്നത്. ഈ മൂന്ന് ശ്രമങ്ങളും സുരക്ഷാ സേന പരാജയപ്പെടുത്തി. അഞ്ച് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു. യുദ്ധസമാനമായ വലിയ സ്റ്റോറുകൾ, രേഖകൾ, ഉപകരണങ്ങൾ, മയക്കുമരുന്നുകൾ എന്നിവയും പിടിച്ചെടുത്തിരുന്നു.

  വെടിയൊച്ചകൾ നിലക്കുന്നു

  നിയന്ത്രണ രേഖയിലെയും മറ്റ് അതിർത്തി പ്രദേശങ്ങളിലെയും വെടിനിർത്തൽ സംബന്ധിച്ച് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യം 2021 ഫെബ്രുവരി 25 ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഏറ്റവും മോശം സമയങ്ങളിലൂടെ കടന്നുപോയ അതിർത്തി മേഖലയിലെ നിവാസികൾക്ക് ഏറെ ആശ്വാസകരമായ നടപടിയായിരുന്നു അത്. അതിർത്തികളിൽ സുസ്ഥിര സമാധാനം കൊണ്ടുവരിക എന്നതായിരുന്നു ഈ ഉടമ്പടിയുടെ ലക്ഷ്യം.

  ''എല്ലാ കരാറുകളും ധാരണകളും കർശനമായി പാലിക്കാനും നിയന്ത്രണ രേഖയിലും മറ്റെല്ലാ മേഖലകളിലും വെടിവയ്പ്പ് അവസാനിപ്പിക്കാനുമുള്ള ഉടമ്പടി 24/25 ഫെബ്രുവരി 2021 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്നതിന് ഇരുപക്ഷവും സമ്മതിച്ചു'', എന്നാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത്.

  വെടിനിർത്തൽ കരാറിനെ മാനിക്കാനുള്ള ഇരു സേനകളുടെയും തീരുമാനം മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. വിനോദസഞ്ചാരികൾ കൂടുതലായി സംസ്ഥാനത്തേക്ക് എത്താനും തുടങ്ങിയിരിക്കുന്നു.

  ഏഴ് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ സെല്ലുലാർ നെറ്റ്‌വർക്കുകൾ

  ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിലെ വികസനം മാത്രമല്ല വെടിനിർത്തലിനു ശേഷം സംഭവിച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യമായി കേരൻ, തീത്‌വാൾ, ഗുരെസ്, ഉറി തുടങ്ങിയ പ്രദേശങ്ങളിൽ സെല്ലുലാർ നെറ്റ്‌വർക്ക് കമ്പനികൾ ടവറുകൾ സ്ഥാപിച്ചു. അതിർത്തി നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമാണിത്. നെറ്റ്‌വർക്കുകൾ എത്തിയതോടെ ഈ പ്രദേശങ്ങളിൽ വിനോദസഞ്ചാരികളും കൂടുതലായി എത്താൻ തുടങ്ങി. ഈ അതിർത്തി പ്രദേശങ്ങളിൽ ടൂറിസം ഉയർന്നുവരുന്നതിന്റെ പ്രധാന കാരണം ഇതാണ്.

  ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോര എന്നീ വടക്കൻ കശ്മീരിലെ മൂന്ന് അതിർത്തി ജില്ലകൾ അയൽരാജ്യമായ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്നുണ്ട്. അക്രമങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഈ ജില്ലകളിൽ‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോൾ ഇവിടങ്ങളിൽ ജനജീവിതം സാധാരണ നിലയിലായി. സൈന്യത്തിന്റെയും പ്രാദേശിക പങ്കാളികളുടെയും പിന്തുണയോടെ ജമ്മു കശ്മീർ സർക്കാർ ഇവിടങ്ങളിൽ അതിർത്തി ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ്. സന്ദർശകരെ ആകർഷിക്കുന്നതിനായി അതിർത്തി പ്രദേശങ്ങളായ തീത്‌വാൾ, ഗുരേസ്, കേരൻ, മച്ചിൽ, ഉറി എന്നിവിടങ്ങളിൽ സൈന്യത്തിന്റെ സഹായത്തോടെ ടൂറിസം വകുപ്പ് കഴിഞ്ഞ മാസങ്ങളിൽ പ്രമോഷണൽ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

  വനം വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ

  അതിർത്തി പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെയും പര്യവേക്ഷകരെയും ട്രെക്കിംഗ് നടത്തുന്നവരെയും ആകർഷിക്കുന്നതിൽ ജമ്മു കശ്മീരിലെ വനം വകുപ്പും ഊർജിതമായ പ്രവർത്തനങ്ങൾ‌ നടത്തി വരുന്നുണ്ട്.

  കഴിഞ്ഞ വർഷം മുതൽ അതിർത്തി പ്രദേശങ്ങളിലെ ടൂറിസം പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താനും തങ്ങൾ പ്രവർത്തിച്ചു വരുന്നതായി നോർത്ത് കാശ്മീർ സർക്കിൾ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് കൺസർവേറ്റർ ഇർഫാൻ റസൂൽ പറഞ്ഞു. തീത്‌വാൾ, കേരൻ, മച്ചിൽ, ഗുരെസ്, ഉറി തുടങ്ങിയ പ്രദേശങ്ങളിലെ ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളിൽ ഓരോന്നിനും ഒരു ട്രെക്കിംഗ് റൂട്ടെങ്കിലും ഉണ്ടെന്നും ഇർഫാൻ റസൂൽ കൂട്ടിച്ചേർത്തു.

  ''പഹൽഗാം, ഗുൽമാർഗ് തുടങ്ങിയ പർവതപ്രദേശങ്ങൾക്ക് അപ്പുറത്തുള്ള താഴ്‌വരയിൽ നിന്ന് ഇതുവരെ എഴുപത്തിയഞ്ച് ട്രെക്കിംഗ് റൂട്ടുകൾ നിർമിച്ചിട്ടുണ്ട്. ഓഫ്‌ബീറ്റ് സ്ഥലങ്ങളാണ് കൂടുതലാളുകളും ഇഷ്ടപ്പെടുന്നത്. ഈ പ്രദേശങ്ങളെല്ലാം തന്നെ പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമാണ്. ഇവിടുത്തെ ശാന്തതമായ അന്തരീക്ഷവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു'', ഇർഫാൻ റസൂൽ പറഞ്ഞു.

  "ഈ പ്രദേശങ്ങളിലെ ജീവിതശൈലിയും സംസ്കാരവുമെല്ലാം വ്യത്യസ്തമാണ്. അത്തരം സ്ഥലങ്ങളാണ് സന്ദർശകർ കൂടുതലായും ഇഷ്ടപ്പെടുന്നത്. അതിർത്തി പ്രദേശത്തിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ വനം വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെയും ഉപദ്രവിക്കാതെയും ഞങ്ങൾ ഓരോ സന്ദർശകർക്കും സൗകര്യമൊരുക്കും. ഹോട്ടലുകളോ മറ്റ് സൗകര്യങ്ങളോ ലഭിച്ചില്ലെങ്കിൽ വനം വകുപ്പ് ഹോം സ്റ്റേ ഒരുക്കി നൽകും'', ഇർഫാൻ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ ഹോട്ടലുകൾ കുറവായതിനാൽ വനംവകുപ്പ് ഫോറസ്റ്റ് ഗസ്റ്റ് ഹൗസ് ബുക്കിംഗ് സൗകര്യം ഓൺലൈനാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  കശ്മീർ അതിർത്തിയിലെ ഹോംസ്റ്റേ സൗകര്യങ്ങൾ

  വനം വകുപ്പുമായി സഹകരിച്ചാണ് ജമ്മു കശ്മീർ ടൂറിസം വകുപ്പ് കശ്മീർ അതിർത്തിയിൽ ആദ്യമായി ഹോം സ്റ്റേകൾ ആരംഭിച്ചത്. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പ്രദേശത്തെ ജനങ്ങൾക്ക് വരുമാനം നൽകുന്നതിനും വേണ്ടിയാണ് ഈ നീക്കം

  വിനോദസഞ്ചാരികൾക്കായി ഹോം സൗകര്യമൊരുക്കാൻ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ തയ്യാറാണെന്നും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. ''ഇതേക്കുറിച്ച് അവർക്ക് ശരിയായ രീതിയിൽ ബോധവത്കരണം നൽകുകയും ലഭ്യമാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യും. പ്രാദേശിക ഭക്ഷണവും, പലഹാരങ്ങളും നൽകുന്നത് വിനോദസഞ്ചാരികളുടെ എണ്ണം കൂട്ടും. അങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ ഇവിടേക്ക് ആകർഷിക്കപ്പെടും," ഒരു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

  വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ തങ്ങൾ ടെന്റുകളും ലഭ്യമാക്കിയതായി ഇർഫാൻ റസൂൽ പറഞ്ഞു. ''ഞങ്ങൾ ചില ഗ്രൂപ്പുകൾക്ക് ട്രെക്കിംഗ് റൂട്ടുകളിലേക്കു പോകാൻ സൗകര്യമൊരുക്കി. അവർ ഈ മേഖലകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അവരുടെ അനുഭവങ്ങളും മറ്റുള്ളവരോട് പങ്കുവെച്ചു. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെ അവർ ഈ അതിർത്തി പ്രദേശങ്ങളിലെ
  ടൂറിസം പ്രോത്സാഹിപ്പിച്ചു. സന്ദർശകരുടെ തിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തു'', ഇർഫാൻ പറഞ്ഞു. കേരൻ, മച്ചിൽ, കർണ, ഗുരേസ്, ഉറി എന്നീ അതിർത്തി പ്രദേശങ്ങളിലെ ടൂറിസത്തിനാണ് കൂടുതൽ ഉണർവു വന്നതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം സാധ്യതകൾ കണക്കിലെടുത്ത്, മച്ചിലിലെ പ്രശസ്തമായ കിഷൻഗംഗ നദിയുടെ തീരത്ത് ബൈക്ക് റൈഡിംഗിനും സൈക്ലിങ്ങിനുമായി സൗകര്യം ഒരുക്കുമെന്നും കേരനിൽ ക്യാമ്പിങ്ങ് സൗകര്യം സജ്ജീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബംഗസിലെയും ഗുരേസിലെയും താമസം

  നിയന്ത്രണരേഖയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ് ബംഗസും ഗുരെസും. ഈ പ്രദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, രണ്ട് വർഷം മുൻപു വരെ ഈ മേഖലയിൽ സ്വതന്ത്ര സഞ്ചാരം അനുവദിക്കപ്പെട്ടിരുന്നില്ല. എന്നാലിപ്പോൾ ആദ്യമായി ഗുരേസിലും ബംഗസ് താഴ്‌വരയിലും ടെന്റുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെയെെത്തുന്ന സ‍ഞ്ചാരികൾക്ക് പ്രാദേശിക രുചികളും ആസ്വദിക്കാം.

  ബോംബാക്രമണത്തെയും വെടിവെയ്പിനെയും ഭയപ്പെടാതെ ആളുകളിപ്പോൾ ഉത്സവങ്ങൾ ആഘോഷിക്കുന്നു. വലിയ ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നു. പരമ്പരാഗത നാടൻ പാട്ടുകൾക്കൊപ്പം നൃത്തം ചെയ്ത്, പുലരുവോളം ആഘോഷങ്ങൾ നടക്കുന്നു'', അതിർത്തി പ്രദേശത്തു താമസിക്കുന്ന സുബൈർ പറഞ്ഞു.
  Published by:Amal Surendran
  First published: