ഇന്റർഫേസ് /വാർത്ത /India / മാസ്ക് ധരിക്കാത്തതിന് തടഞ്ഞുനിർത്തിയ മുൻസിപ്പൽ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത് യുവതി; വീഡിയോ വൈറൽ

മാസ്ക് ധരിക്കാത്തതിന് തടഞ്ഞുനിർത്തിയ മുൻസിപ്പൽ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത് യുവതി; വീഡിയോ വൈറൽ

Screengrab from the video

Screengrab from the video

'എന്ത് ധൈര്യമുണ്ടായിട്ടാണ് നിങ്ങളെന്നെ തടഞ്ഞത്'? എന്നെ തൊടാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി? എന്നൊക്കെ യുവതി അലറി ചോദിക്കുന്നുണ്ട്.

  • Share this:

മുംബൈ: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത മുൻസിപ്പൽ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത് യുവതി. ബൃഹദ് മുംബൈ മുൻസിപ്പൽ കോര്‍പ്പറേഷൻ (BMC) ജീവനക്കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലായി.

ഓട്ടോറിക്ഷയ്ക്കുള്ളിൽ ഇരിക്കുന്ന ഒരു യുവതിയെയാണ് മൊബൈലിൽ ചിത്രീകരിച്ച വീഡിയോയിൽ ആദ്യം കാണുന്നത്. ഇതിനിടെ ഒരു സ്ത്രീ ഇവരെ തടയുന്നുണ്ട്. ഇവർ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാരിയാണെന്ന് കടും നീല നിറത്തിലുള്ള യൂണിഫോം കൊണ്ട് തന്നെ തിരിച്ചറിയാം. ഓട്ടോയിലെത്തിയ യുവതിയോട് മാസ്ക് ധരിക്കാനാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ പ്രകോപിതയായ യുവതി, ജീവനക്കാരിയെ അടിക്കുകയായിരുന്നു.

അടികൊണ്ടെങ്കിലും യുവതിയെ തടഞ്ഞുനിര്‍ത്തിയ മുൻസിപ്പൽ ജീവനക്കാരി അവരുടെ പിടി വിടാൻ വിസ്സമ്മതിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായത്. യുവതി ഇവരെ മർദിക്കുകയും ചവിട്ടുകയും ഒക്കെ ചെയ്തു. രൂക്ഷമായി അധിക്ഷേപിക്കുന്നതും വീഡിയോയിൽ കേൾക്കാൻ കഴിയും. 'എന്ത് ധൈര്യമുണ്ടായിട്ടാണ് നിങ്ങളെന്നെ തടഞ്ഞത്'? എന്നെ തൊടാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി? എന്നൊക്കെ യുവതി അലറി ചോദിക്കുന്നുണ്ട്.

Also Read-വരുന്നവരൊക്കെ ഇടിച്ചിട്ട് പോകുന്നു; ഡ‍ൊണാൾഡ് ട്രംപിന്റെ മെഴുകു പ്രതിമ നീക്കം ചെയ്ത് മ്യൂസിയം

പെട്ടെന്നുണ്ടായ ആക്രമണത്തിൽ പതറിപ്പോയെങ്കിലും തന്നെ ഉപദ്രവിച്ച സ്ത്രീയെ വിടരുതെന്ന് ജീവനക്കാരി ആരോടോ പറയുന്നതും കേൾക്കാം. മുംബൈ കണ്ഡിവാലി റോഡില്‍ അരങ്ങേറിയ കയ്യേറ്റത്തിന്‍റെ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഒരിടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. കോവിഡ് പ്രതിദിന കണക്കിൽ മുന്നില്‍ നിൽക്കുന്ന സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മുംബൈ നഗരത്തിൽ നിന്നാണ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പല മേഖലകളില്‍ ലോക്ക് ഡൗൺ അടക്കം കർശന നിയന്ത്രണങ്ങള്‍ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ട്.

മാസ്ക് ധരിക്കാതെ പൊതു സ്ഥലത്തെത്തുന്നിന് 200 രൂപയാണ് പിഴ. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ വിട്ടുവീഴ്ചയില്ലാതെ തന്നെ നടപ്പാക്കിയും വരുന്നുണ്ട്. ഇതിനിടെയാണ് ജീവനക്കാരിക്ക് നേരെയുള്ള കയ്യേറ്റം വാർത്തയായിരിക്കുന്നത്.

First published:

Tags: Attack, Face Mask, Lock down, Maharashtra, Mumbai, Viral video