Maharashtra| മഹാരാഷ്ട്രയിൽ സ്വകാര്യ സ്ഥാപനങ്ങളിലും തീയറ്ററുകളിലും പ്രവേശനം 50 % പേർക്ക്; നിയന്ത്രണം മാർച്ച് 31 വരെ
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടാം കോവിഡ് 19 തരംഗത്തിന്റെ തുടക്കത്തിലാണ് മഹാരാഷ്ട്രയെന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്.
മുംബൈ: കോവിഡ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര. സിനിമ തീയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം മാർച്ച് 31വരെ പകുതി പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സംസ്ഥാന സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച രാത്രിവരെയുള്ള 24 മണിക്കൂറിൽ 25,833 പുതിയ കോവിഡ് കേസുകളാണ് പുതുതായി മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഈ നിലയ്ക്ക് പോയാൽ കഠിന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി.
''ആരോഗ്യ രംഗത്തെയും മറ്റ് അത്യാവശ്യ സേവനങ്ങളുമായും ബന്ധപ്പെട്ടത് ഒഴികെയുള്ള എല്ലാ സ്വകാര്യ ഓഫീസുകളും 50 % പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ'' എന്ന് ഉത്തരവിൽ പറയുന്നു. താനെ, നാഗ്പൂർ, വർധ, പൻവേൽ, ഔറംഗബാദ് എന്നീ നഗരങ്ങളിലാണ് കൊറോണ വൈറസ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ആറുമാസത്തെ ഇടവേളക്ക് ശേഷം മുംബൈയിലെ ധാരാവിയപും കോവിഡ് കേസുകളിൽ വർധനവുണ്ടായി. 24 മണിക്കൂറിനിടെ 30 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതിന് മുൻപ് ഏറ്റവും അധികം കോവിഡ് കേസുകൾ ധാരാവിയിൽ റിപ്പോർട്ട് ചെയ്തത് സെപ്റ്റംബർ 11നായിരുന്നു. അന്ന് 33 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
advertisement
രണ്ടാം കോവിഡ് 19 തരംഗത്തിന്റെ തുടക്കത്തിലാണ് മഹാരാഷ്ട്രയെന്ന് കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്. കർശനമായ ട്രെയ്‌സിംഗ്, ടെസ്റ്റിംഗ് എന്നിവയുടെ അഭാവം കമ്മ്യൂണിറ്റി വ്യാപനത്തിലേയ്ക്ക് നയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഓരോ പോസിറ്റീവ് കേസിലും, കുറഞ്ഞത് 20 മുതൽ 30 വരെ അടുത്ത കോൺടാക്റ്റുകൾ (കുടുംബത്തിലുള്ളവർ, സോഷ്യൽ കോൺടാക്റ്റുകൾ, ജോലിസ്ഥലത്തുള്ളവർ, മറ്റ് കോൺടാക്റ്റുകൾ എന്നിവ ഉൾപ്പെടെ) ഉടനടി കണ്ടെത്തുകയും ട്രാക്കുചെയ്യുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ 80-85 ശതമാനം സജീവ കേസുകളുടെ ക്വാറന്റൈൻ അവലോകനം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറി സീതാറാം കുണ്ടെക്ക് അയച്ച കത്തിൽ പറഞ്ഞു.
advertisement
മഹാരാഷ്‌ട്രയിൽ സ്ഥിതി വഷളാകാൻ കാരണം
കഴിഞ്ഞ വർഷം ഇന്ത്യയിൽ കൊറോണ വൈറസ് പടരാൻ തുടങ്ങിയപ്പോൾ മുതൽ മഹാരാഷ്ട്രയിൽ കേസുകൾ വളരെ കൂടുതലാണ്. മുംബൈയിലെ വൈറസ് വ്യാപനം വുഹാനിലേക്കാൾ ഉയർന്നിരുന്നു. മുംബൈ വിമാനത്താവളത്തിൽ ധാരാളം അന്താരാഷ്ട്ര സർവ്വീസുകളുള്ളതിനാൽ വിമാനത്താവളത്തിലും പരിസരത്തും ജോലി ചെയ്യുന്നവർ കൂടുതൽ അപകടസാധ്യതയുള്ളവരാണെന്നും ഇത് കൂടുതൽ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും വിദഗ്ധർ പറഞ്ഞു.
കഴിഞ്ഞ വർഷം ജൂൺ മുതലാണ് മുംബൈയിൽ വൈറസ് വ്യാപനം വർദ്ധിച്ചു തുടങ്ങിയത്. വൈറസ് വ്യാപനം തടയുന്നതിനായി മൂന്ന് മാസത്തെ കർശനമായ ലോക്ക്ഡൌണിനുശേഷം കേന്ദ്രം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്നാണിത്. എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടതിനാൽ ഉപജീവനമാർഗങ്ങളും ബിസിനസുകളും അടച്ചുപൂട്ടുന്ന ലോക്ക്ഡൌൺ നീക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
advertisement
പ്രാദേശിക ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചതാണ് കേസുകളുടെ എണ്ണം കൂടാനുള്ള മറ്റൊരു കാരണം. ഡിസംബർ-ജനുവരി മാസങ്ങളിൽ പുതിയ കേസുകൾ നിയന്ത്രണത്തിലായിരുന്നു. ഫെബ്രുവരി മുതലാണ് വർദ്ധനവുണ്ടായിരിക്കുന്നത്. ഫെബ്രുവരി 1 മുതലാണ് പ്രാദേശിക ട്രെയിൻ സർവീസുകൾ പുനഃരാരംഭിച്ചത്.
കോവിഡ് കേസുകളുടെ വർദ്ധനവ് മുംബൈയിൽ മാത്രമല്ല, മുഴുവൻ സംസ്ഥാനത്തും ബാധകമാണ്. കൊറോണ വൈറസ് കേസുകളിൽ ദിനംപ്രതി മഹാരാഷ്ട്ര സ്വന്തം റെക്കോർഡുകൾ തകർത്താണ് മുന്നേറുന്നത്. ഈ വർഷം ജനുവരി പകുതിയോടെ നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സാധാരണക്കാരും രാഷ്ട്രീയക്കാരും മാനദണ്ഡങ്ങൾ അവഗണിച്ചതും കേസുകൾ ഉയരാൻ കാരണമായെന്ന് അധികൃതർ പറയുന്നു.
Location :
First Published :
March 19, 2021 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Maharashtra| മഹാരാഷ്ട്രയിൽ സ്വകാര്യ സ്ഥാപനങ്ങളിലും തീയറ്ററുകളിലും പ്രവേശനം 50 % പേർക്ക്; നിയന്ത്രണം മാർച്ച് 31 വരെ


