ബുൾഡോസർ രാജ്: കേരള സിപിഎം നേതാക്കളുടെ ഇടപെടലിനെ എതിർത്തെന്ന വാർത്ത കർണാടക ഘടകം നിഷേധിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
വാർത്ത അടിസ്ഥാന രഹിതമാണെന്നും പാർട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണെന്നും കർണാടക സിപിഎം കമ്മിറ്റി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
ബെംഗളൂരു: കർണാടകയിലെ യെലഹങ്ക കോഗിലുവിൽ ബുൾഡോസർ ഉപയോഗിച്ച് ആളുകളെ കുടിയൊഴുപ്പിച്ച സംഭവത്തിൽ കേരള നേതാക്കളുടെ ഇടപെടലിനെ എതിര്‍ത്തുവെന്ന വാർത്ത നിഷേധിച്ച് കർണാടക സിപിഎം. സംസ്ഥാനത്തെ പാർട്ടിക്ക് വിഷയം സ്വന്തം നിലയിൽ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്നും കേരള സിപിഎം ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്‌നത്തിൽ ശ്രദ്ധതിരിക്കാൻ കാരണമാകുമെന്നും കർണാടക സിപിഎം പാർട്ടിയുടെ കേരള ഘടകത്തെ അറിയിച്ചതായാണ് വാർത്തകൾ വന്നത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും പാർട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണെന്നും കർണാടക സിപിഎം കമ്മിറ്റി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
സിപിഎം കർണാടക ഘടകം വാര്‍ത്താക്കുറിപ്പ്
കോഗിലു കുടിയൊഴിപ്പിക്കലിന് ഇരയായവരെ സന്ദർശിക്കാൻ കേരളത്തിൽ നിന്നുള്ള നേതാക്കൾ എത്തുന്നതിനെ കർണാടക സംസ്ഥാന കമ്മിറ്റി എതിർത്തുവെന്ന രീതിയിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു.
"ഈ കേസ് സ്വന്തം നിലയിൽ നേരിടാൻ പാർട്ടിയുടെ സംസ്ഥാന ഘടകം ശക്തമാണെന്നും മറ്റാരുടെയും സഹായം ആവശ്യമില്ലെന്നും" ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇത് കർണാടക സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായമല്ല. "കേരള നേതാക്കളുടെ ഇടപെടലിനെ കർണാടക സി.പി.എം എതിർക്കുന്നു" എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളും തെറ്റാണ്.
advertisement
മാധ്യമങ്ങൾ ഈ പ്രസ്താവന ഒരു വിശദീകരണമായി പ്രസിദ്ധീകരിക്കണമെന്നും, തെറ്റായ വിവരങ്ങൾ നീക്കം ചെയ്ത് പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്ന തരത്തിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
നേരത്തെ കുടിയൊഴിപ്പിക്കലിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതോടെ കേരളത്തിലും ഇത് വലിയ ചർച്ചയായിരുന്നു. ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് കർണാടകയിൽ കോൺഗ്രസ് സർക്കാരും നടപ്പാക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, കെ ടി ജലീൽ എംഎൽഎ തുടങ്ങിയവരും യെലഹങ്ക സന്ദർശിച്ചിരുന്നു. 150 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്ന് റഹീം പറഞ്ഞു. ആയിരത്തോളം പേർ കുടിയിറക്കപ്പെട്ടു. ഇരകളിൽ ഭൂരിഭാഗവും മുസ്‌ലിംകളും ദലിതരുമാണെന്നും റഹീം പറഞ്ഞിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
Dec 29, 2025 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബുൾഡോസർ രാജ്: കേരള സിപിഎം നേതാക്കളുടെ ഇടപെടലിനെ എതിർത്തെന്ന വാർത്ത കർണാടക ഘടകം നിഷേധിച്ചു










