ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിക്കിടെ മരിച്ചത് യുപി സ്വദേശി. രാംപുർ സ്വദേശിയായ നവനീത് സിങ് (27) ആണ് മരിച്ചത്. അടുത്തിടെ ഓസ്ട്രേലിയയിൽ വച്ചായിരുന്നു നവനീതിന്റെ വിവാഹം നടന്നത്. തുടർന്ന് നാട്ടിൽ വിവാഹാഘോഷത്തിനായാണ് നാട്ടിലെത്തിയത്. ഉന്നത പഠനത്തിനായാണ് നവനീത് ഓസ്ട്രേലിയയിലേക്ക് പോയത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കര്‍ഷക സമരത്തിൽ പങ്കെടുത്തതെന്നാണ് വിവരം. പൊലീസ് വെടിവെയ്പിലാണ് നവനീത് കൊല്ലപ്പെട്ടതെന്ന് കർഷകർ ആരോപിക്കുമ്പോൾ ട്രാക്ടർ മറിഞ്ഞാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.
ട്രാക്ടര്‍ കീഴ്മേല്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ ഇക്കാര്യം വ്യക്തമായെന്നുമാണ് യുപി പൊലീസ് പറയുന്നത്. ട്രാക്ടർ പരേഡ് സംഘർഷത്തിലേക്ക് വഴിമാറിയതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ചില കർഷക സംഘടനകളുടെ ആരോപണം. കർഷകർ തെറ്റായ റൂട്ടിലൂടെ മാർച്ച് ചെയ്തത് പൊലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണെന്നും സംഘർഷത്തിൽ സംഘടനകൾക്ക് പങ്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമം അഴിച്ചു വിട്ടതെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Also Read- Farmers protest | റിപ്പബ്ലിക് ദിനത്തിലെ അക്രമം; കർഷക സമരങ്ങളിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി
രണ്ട് സംഘടനകൾ പിന്മാറി
രാജ്യതലസ്ഥാനത്തെ ഇളക്കി മറിച്ച കർഷക സമരത്തിൽ നിന്ന് രണ്ട് സംഘടനകൾ പിൻമാറി. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘാതൻ, ഭാരതിയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് കർഷക സമരത്തിൽ നിന്ന് പിൻമാറുകയാണെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചത്. റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമത്തെ രണ്ട് കർഷക യൂണിയനുകളും അപലപിച്ചു. ഈ രീതിയിൽ പ്രതിഷേധവുമായി തുടരാനാവില്ലെന്ന് അവർ വ്യക്തമാക്കി. കർഷകരുടെ പ്രതിഷേധത്തിൽ നിന്ന് തങ്ങളുടെ സംഘടന അടിയന്തിരമായി പിന്മാറുകയാണെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഗതൻ നേതാവ് വി എം സിംഗ് പറഞ്ഞു. സമരത്തിന്റെ രീതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങൾ ഞങ്ങളുടെ പ്രക്ഷോഭം നിർത്തുകയാണ്. പക്ഷേ, കർഷകരുടെ അവകാശങ്ങൾക്കായുള്ള ഞങ്ങളുടെ പോരാട്ടം തുടരും.' - പ്രക്ഷോഭം തുടരുമെന്നും എന്നാൽ ഇതു പോലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഫോർമാറ്റ് സ്വീകാര്യമല്ലെന്നും വി എം സിംഗ് പറഞ്ഞു. ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമത്തെക്കുറിച്ച് സംസാരിച്ച വി എം സിംഗ് തനിക്കും തന്റെ സംഘടനയ്ക്കും ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.
Also Read- തീപിടിത്തതിന് പിന്നാലെ മുളങ്കാടകം ക്ഷേത്രത്തിൽ മോഷണം; കള്ളന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ
ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ജനുവരി 26ന് നടന്ന അക്രമത്തിൽ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് എഫ്‌ഐആറിൽ ഉണ്ടെന്നും വി എം സിംഗ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ 300 ഓളം ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Farmers protest, Republic day 2021, Tractor