ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷ വിമർശനവുമായി വീരേന്ദർ സെവാഗ്. കഴിഞ്ഞ ഐപിഎല്ലിൽ ഫൈനൽ വരെ എത്തിയ ടീമിന്റെ ഇത്തവണത്തെ ദാരുണമായ പ്രകടനം കണ്ടാണ് സെവാഗിന്റെ വിമർശനം. ബുധനാഴ്ച്ച
കൊൽക്കത്തയ്ക്കെതിരായുള്ള മത്സരത്തിൽ ചെന്നൈ ബാറ്റിങ് നിര പൂർണ പരാജയമാകുന്ന കാഴ്ച്ചയായിരുന്നു കണ്ടത്.
കൊൽക്കത്ത ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ആദ്യഘട്ടത്തിൽ സ്ഥിരതയോടെ ബാറ്റ് ചെയ്തെങ്കിലും പിന്നീട് വിക്കറ്റുകൾ നഷ്ടമാക്കുകയായിരുന്നു. അവസാന പത്ത് ഓവറിൽ 79 റൺസ് മാത്രം നേടാനിരിക്കേയായിരുന്നു ചെന്നൈയുടെ പരാജയം.
ചെന്നൈ ടീമിനെ സർക്കാർ ജോലി പോലെയാണ് ബാറ്റ്സ്മാന്മാർ കാണുന്നതെന്ന ഗുരുതര വിമർശനമാണ് സെവാഗ് ഉയർത്തിയിരിക്കുന്നത്. കളിച്ചാലും ഇല്ലെങ്കിലും ശമ്പളം കിട്ടും എന്ന മാനസികാവസ്ഥയിലാണ് ചില ബാറ്റ്സ്മാൻമാരുടെ പ്രകടനം എന്ന് മുൻ ഇന്ത്യൻ താരം തുറന്നു പറഞ്ഞു.
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 12 ബോളിൽ ഏഴ് റൺസ് മാത്രം എടുത്ത കേദാർ ജാദവിനെയും സെവാഗ് വിമർശിച്ചു. ഉപയോഗശൂന്യമായ അലങ്കാരം എന്നാണ് ജാദവിനെ 'വീരു കി ബയ്താക്' എന്ന ഫെയ്സ്ബുക്ക് സീരീസിൽ സെവാഗ് പരിഹസിച്ചത്.
ജാദവിനെതിരെ ചെന്നൈ ആരാധകരും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഓപ്പണർമാരായ ഷെയ്ൻ വാട്സണും ഫാഫ് ഡൂപ്ലിസിയും ചേർന്ന് മികച്ച തുടക്കം ചെന്നൈയ്ക്ക നൽകിയിരുന്നു. റായിഡുവും വാട്സണും പുറത്തായതിന് പിന്നാലെ 12 പന്തിൽ 11 റൺസ് എടുത്ത് ധോണിയും മടങ്ങി. 21 പന്തിൽ 39 റൺസ് എന്ന ഘട്ടത്തിൽ എത്തി നിൽക്കുമ്പോഴാണ് കേദാർ ജാദവ് ക്രീസിൽ എത്തുന്നത്.
ജയിക്കാൻ അക്രമാസക്തമായി കളിക്കേണ്ട സമയത്ത് ജാദവിന്റെ മുട്ടിക്കളിയിൽ ചെന്നൈ അക്ഷരാർത്ഥത്തിൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു. അവസാന നിമിഷം വരെയുള്ള ജാദവിന്റെ ഈ മുട്ടിക്കളിയാണ് ആരാധകരേയും പ്രകോപിപ്പിച്ചിരിക്കുന്നത്. ജാദവിനെ ടീമിൽ നിന്ന് പുറത്താക്കണമെന്നാണ് ആരാധകർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിർണായക ഘട്ടത്തിൽ ടീമിനെ ജയിപ്പിക്കാൻ ശ്രമിക്കാതെ 'ടെസ്റ്റ് കളിച്ച' താരത്തിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകണമെന്നും ആരാധകർ പരിഹസിച്ചു.
ശനിയാഴ്ച്ച ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.