IPL Auction 2021 | ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് ക്രിസ് മോറിസിന്. ചെന്നൈയിൽ നടന്ന ഐപിഎൽ താരലേലത്തിൽ രാജസ്ഥാൻ റോയൽസാണ് മോറിസിനെ സ്വന്തമാക്കിയത്. മുംബൈയും ബാംഗ്ലൂരുമാണ് ആദ്യം മുതൽക്കേ ഈ ദക്ഷിണാഫ്രിക്കൻ താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നത്. എന്നാൽ ഒടുവിൽ എത്തിയ രാജസ്ഥാൻ റോയൽസ് 16.25 കോടി രൂപയ്ക്ക് മോറിസിനെ സ്വന്തമാക്കുകയായിരുന്നു. നേരത്തെ ആർ സി ബിക്കു വേണ്ടി ഐപിഎല്ലിൽ കളിച്ച താരമാണ് മോറിസ്.
ഐപിഎൽ 2020 സീസണിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഒഴിവാക്കിയ താരമാണ് ക്രിസ് മോറിസ്. മോറിസിന് മുമ്പ് യുവരാജ് സിംഗ് ആണ് ലേല ചരിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയത്. ഐപിഎൽ 2015 ൽ 16 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഡൽഹി ഡെയർഡെവിൾസ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ്, ആർസിബി, പഞ്ചാബ് കിംഗ്സ് എന്നിവരാണ്ണ് മോറിസിനു വേണ്ടി നടന്ന ലേലത്തിൽ താൽപര്യം പ്രകടിപ്പിച്ച മറ്റ് ഫ്രാഞ്ചൈസികൾ.
157 ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ 551 റൺസ് നേടിയിട്ടുള്ള താരമാണ് ക്രിസ് മോറിസ്. കൂടാതെ 7.81 എന്ന ഇക്കണോമി നിരക്കിൽ 80 വിക്കറ്റുകൾ 70 ഐ പി എൽ മത്സരങ്ങളിൽനിന്ന് മോറിസ് നേടിയിട്ടുണ്ട്. ഫിറ്റ്‌നെസ് പ്രശ്‌നങ്ങൾ കാരണം ഐ പി എൽ 2020 ൽ 9 മത്സരങ്ങൾ മാത്രമാണ് മോറിസ് കളിച്ചത്, എന്നാൽ ആർ സി ബിയുടെ പ്രധാന ഡെത്ത് ഓവർ ബൌളർമാരിൽ ഒരാളായിരുന്നു മോറിസ്.
വലംകൈയ്യൻ ഫാസ്റ്റ് ബോളറും ലോവർ ഓർഡർ ബാറ്റ്സ്മാനുമാണ് മോറിസ്. ദക്ഷിണാഫ്രിക്കൻ ടീമിൽ ടിപ്പോ എന്ന വിളിപ്പേരുള്ള മോറിസ് 2012 ൽ ന്യൂസിലൻഡിനെതിരായ ടി 20 യിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. അതിനുശേഷം 23 ടി 20 കളികളിൽ 133 റൺസും 34 വിക്കറ്റും നേടിയിട്ടുണ്ട്.
മൊത്തത്തിൽ 218 ടി 20 കളിച്ച ഈ 33 കാരൻ 151.02 സ്ട്രൈക്ക് റേറ്റിൽ 1764 റൺസും 22.09 ശരാശരിയിൽ 270 വിക്കറ്റും അദ്ദേഹം നേടി. 7.76 ആണ് മോറിസിന്‍റെ ഇക്കണോമി നിരക്ക്.
Also Read-
IPL Auction 2021 Live Updates| ക്രിസ് മോറിസിന് 16.25 കോടി; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക"ലേലത്തിന് മുമ്പ് ഞങ്ങൾ ക്രിസുമായി സംസാരിച്ചു. അദ്ദേഹം ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ ബയോ ബബിൾ ക്വറന്‍റീനിലാണ്. ക്രസ് മോറിസിനെ സ്വന്തമാക്കിയതിലൂടെ ഞങ്ങളുടെ പക്ഷത്തെ വീണ്ടും സന്തുലിതമാക്കാൻ സാധിച്ചു. അദ്ദേഹം ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാകും. ക്രിസിനെ സ്വന്തമാക്കാൻ ഞങ്ങളുടെ പരിധി വരെ ഞങ്ങൾ എത്തി," അദ്ദേഹത്തിനായുള്ള ഞങ്ങളുടെ അവസാന ശ്രമമായിരുന്നു അത്, പക്ഷേ പഞ്ചാബ് കിംഗ്സ് അവസാനം വരെ പൊരുതി, ”രാജസ്ഥാൻ റോയൽസ് സിഒഒ ജേക്ക് ലഷ് മക്ക്രം മോറിസിനെ സ്വന്തമാക്കിയ ശേഷം പറഞ്ഞു.
മോറിസിന് ലഭിച്ച മികച്ച പ്രതിഫലത്തിൽ സന്തോഷമുണ്ടെന്ന് ആർസിബി കോച്ച് മൈക്ക് ഹെസ്സൺ പറഞ്ഞു. "മോറിസിനുവേണ്ടി പോകാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിനു വേണ്ടി ചെലവഴിക്കുന്ന തുകയ്ക്ക് ഞങ്ങൾക്ക് പരിധിയുണ്ടായിരുന്നു. ബാംഗ്ലൂരിലേക്ക് വരാൻ ക്രിസിന് തികച്ചും സന്തോഷമാകുമായിരുന്നു, പക്ഷേ ലേലം വിളി ഞങ്ങളുടെ പരിധിയെ മറികടന്നു." അതേസമയം മോറിസ് 2019 ന് ശേഷം ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം പോലും കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
നേരത്തെ ഓസ്‌ട്രേലിയൻ ഓൾറൌണ്ടർ ഗ്ലെൻ മാക്‌സ്‌വെലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വാങ്ങിയിരുന്നു. ഐപിഎൽ 2021 സീസണിൽ 14.25 കോടി രൂപയ്ക്കാണ് മാക്സ്വെലിനെ ആർ സി ബി സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിംഗ്സ് മൊയിൻ അലിയെ ഏഴു കോടി രൂപയ്ക്ക് സ്വന്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.