IPL Auction 2021 Live Updates: ഐ പി എൽ പതിനാലാം സീസണിലെ താരലേലം ചെന്നൈയിൽ നടന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ് ഇനി ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിന്. രാജസ്ഥാൻ റോയൽസാണ് മോറിസിനെ സ്വന്തമാക്കിയത്. ഓസീസ് താരം ഗ്ലെൻ മാക്സ്വെലിന് റെക്കോർഡ് തുകയിട്ട് ആർ സി ബി. 14.25 കോടി രൂപയ്ക്കാണ് മാക്സ്വെലിനെ ആർ സി ബി വാങ്ങിയത്. മറ്റൊരു ഓസീസ് താരം സ്റ്റീവൻ സ്മിത്തിന് 2.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് വാങ്ങി.
ഇന്നത്തെ താരലേലത്തിൽ ഓൾറൗണ്ടർമാർ നേട്ടം കൊയ്തു. 164 ഇന്ത്യക്കാരുൾപ്പടെ 292 താരങ്ങളാണ് ഭാഗ്യം പരീക്ഷിക്കാനായി ലേലത്തിൽ അണിനിരന്നത്. എട്ട് ടീമുകൾക്ക് ലേലത്തിലൂടെ സ്വന്തമാക്കാനായത് 61 താരങ്ങളെയാണ്. ഹർഭജൻ സിംഗ്, കേദാർ ജാദവ്, ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ ഹസ്സൻ, മോയീൻ അലി, സാം ബില്ലിംഗ്സ്, മാർക് വുഡ് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ളത്.
Read More
Load More
ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുള്ള 12 താരങ്ങളിൽ ഇന്ത്യക്കാർ ആരുമില്ല. ഒരുകോടി രൂപ അടിസ്ഥാന വിലയുള്ള പട്ടികയിൽ ഉമേഷ് യാദവും ഹനുമ വിഹാരിയും ഉൾപ്പടെ അഞ്ച് താരങ്ങൾ. മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് അസാന്നിധ്യം കൊണ്ടു ശ്രദ്ധിക്കപ്പെട്ട ലേലത്തിൽ 7 കേരള താരങ്ങളാണ് അവസരം തേടുന്നത്. മുഷ്താഖ് അലി ടൂർണമെന്റിൽ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ബേബി, എം.ഡി.നിധീഷ്, വിഷ്ണു വിനോദ്, ജലജ് സക്സേന, എസ്.മിഥുൻ, രോജിത്ത് ഗണേഷ് എന്നിവരാണു കേരളത്തിൽനിന്നുള്ള താരങ്ങൾ. സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില.
ലേലത്തിൽ പഞ്ചാബ് കിങ്സിനാണ് ഏറ്റവും കൂടുതൽ തുക ബാക്കിയുള്ളത് 53.2 കോടിരൂപ. 10.75 കോടിരൂപ വീതം ബാക്കിയുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനുമാണ് ഏറ്റവും കുറച്ച് തുക ബാക്കിയുള്ളത്. അഫ്ഗാനിസ്ഥാന്റെ പതിനാറുകാരൻ സ്പിന്നർ നൂർ അഹമ്മദാണ് താരലേല പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ താരം. 42കാരൻ സ്പിന്നർ നയൻ ദോഷി ഏറ്റവും പ്രായമേറിയ താരവും.
ടീമുകൾക്ക് അനുവദിച്ച ആകെ ലേലത്തുകയുടെ (85 കോടി) 75 ശതമാനവും ചെലവിടണമെന്ന ബിസിസിഐ നിർദേശമാണു കിങ്സിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ലേലത്തിൽ 53.2 കോടി രൂപയുടെ വമ്പൻ ബജറ്റുമായെത്തുന്ന കിങ്സിന് 9 താരങ്ങൾക്കായി 31.7 കോടി നിർബന്ധമായും ചെലവിടേണ്ടിവരും. രാജ്യാന്തര ക്രിക്കറ്റിലും അടുത്തിടെ സമാപിച്ച ബിഗ് ബാഷ് ലീഗിലുമൊക്കെയായി തിളങ്ങിയ താരങ്ങളാകും ലേലത്തിലെ പ്രധാന ആകർഷണം.