• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | സൂപ്പര്‍ ഓവറിലേക്കും നീണ്ട് ആവേശം; സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം

IPL 2021 | സൂപ്പര്‍ ഓവറിലേക്കും നീണ്ട് ആവേശം; സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം

സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ അവസാന പന്തിലായിരുന്നു ഡല്‍ഹി വിജയം സ്വന്തമാക്കിയത്

Axar Patel

Axar Patel

  • Share this:
    IPL 2021 | സൂപ്പര്‍ ഓവറിലേക്കും നീണ്ട് ആവേശം; സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം

    മൊത്തം 42 ഓവറിലേക്ക് ആവേശം നീണ്ട മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ അവസാന പന്തിലായിരുന്നു ഡല്‍ഹി വിജയം സ്വന്തമാക്കിയത്.

    സണ്‍റൈസേഴ്‌സ് ഹൈദരബാദ് -7/0 (1)
    ഡല്‍ഹി ക്യാപിറ്റല്‍സ്-8/0 (1)

    സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹൈദരാബാദിനു വേണ്ടി ഇറങ്ങിയത് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും നേരത്തെ അര്‍ധ സെഞ്ചുറി നേടിയ വില്യംസണും ആയിരുന്നു. ഡല്‍ഹിക്ക് വേണ്ടി പന്തെറിഞ്ഞത് അക്‌സര്‍ പട്ടേല്‍ ആയിരുന്നു. ആറു പന്തില്‍ ഒരു ഫോര്‍ മാത്രം വിട്ടു നല്‍കിയ അക്‌സര്‍ എട്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നന്നായി പന്തെറിഞ്ഞ അക്‌സറിന് മുന്നില്‍ താളം കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

    ഹൈദരാബാദ് ഉയര്‍ത്തിയ എട്ട് റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിക്കായി കളത്തില്‍ ഇറങ്ങിയത് ക്യാപ്റ്റന്‍ ഋഷഭ് പന്തും ശിഖര്‍ ധവാനും ആയിരുന്നു. ബൗള്‍ ചെയ്യാന്‍ എത്തിയത് ഹൈദരാബാദിന്റെ വിശ്വസ്തനായ ബൗളര്‍ റാഷിദ് ഖാനും. ചെന്നൈയിലെ സ്ലോ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്നതിനാല്‍ റാഷിദിനെയും നേരിടാന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ ലേശം ബുദ്ധിമുട്ടി. എന്നാല്‍ മൂന്നാം പന്തില്‍ ഫോര്‍ നേടി പന്ത് ഡല്‍ഹിക്ക് അനുകൂലമാക്കി എടുത്തു. തൊട്ടടുത്ത പന്തില്‍ റണ്‍ വന്നിലെങ്കിലും അവസാന രണ്ട് പന്തില്‍ രണ്ട് റണ്‍സ് എന്ന നിലയില്‍ എറിഞ്ഞ രണ്ട് പന്തിലും ഓരോ റണ്‍ വീതം നേടി ഡല്‍ഹി വിജയം നേടിയെടുത്തു.

    നേരത്തെ, ഡല്‍ഹിയുടെ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഹൈദരബാദിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. നന്നായി പന്തെറിഞ്ഞ ഡല്‍ഹി ബൗളര്‍മാര്‍ക്ക് മുന്നില്‍ തോല്‍വി മുന്നില്‍ക്കണ്ട അവരെ കിവി താരം വില്യംസണും സുചിത്തും കൂടി ചേര്‍ന്നാണ് അവരെ ഡല്‍ഹി സ്‌കോറിന് ഒപ്പം എത്തിച്ചത്. നേരത്തെ, ഡല്‍ഹിയുടെ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മികച്ച രീതിയില്‍ ഡല്‍ഹി ബൗളര്‍മാരെ നേരിട്ട ജോണി ബെയര്‍‌സ്റ്റോ ആയിരുന്നു ആക്രമണത്തിന്റെ ചുമതല വഹിച്ചത്. എന്നാല്‍ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഇല്ലാത്ത റണ്ണിനായുള്ള ഓട്ടത്തിനിടയില്‍ വാര്‍ണര്‍ക്ക് വിക്കറ്റ് നഷ്ടമായി. ബെയര്‍‌സ്റ്റോ അടിച്ച പന്ത് നേരെ റബാദയുടെ കയ്യിലേക്കാണ് ചെന്നത്. താരത്തിന്റെ ത്രോ കൈക്കലാക്കിയ കീപ്പര്‍ പന്ത് വാര്‍ണര്‍ ക്രീസില്‍ എത്തും മുന്നേ സ്റ്റമ്പ് ഇളക്കി. വാര്‍ണറിന് പകരം വന്ന വില്യംസണും ബെയര്‍‌സ്റ്റോയും കൂടി ചേര്‍ന്ന് ഹൈദരാബാദ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയ ബെയര്‍‌സ്റ്റോക്ക് പിന്തുണ നല്‍കി വില്ല്യംസണ്‍ കൂട്ടായി. തന്റേതായ രീതിയില്‍ റണ്‍സ് കണ്ടെത്തി താരം സമ്മര്‍ദം മൊത്തം ബെയര്‍‌സ്റ്റോയുടെ ചുമലില്‍ ആവാതെ കാത്തു.

    സ്‌കോര്‍ 56ല്‍ നില്‍ക്കെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ബെയര്‍‌സ്റ്റോ പുറത്തായി. ആവേശ് ഖാന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കി താരം മടങ്ങി. വില്യംസണ്‍ ഒരു വശത്ത് നിന്ന് റണ്‍സ് നേടുകയായിരുന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണ് കൊണ്ടിരുന്നു. 103ന് മൂന്ന് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നും തുടരെ വിക്കറ്റുകള്‍ വീണത് അവരെ പ്രതിരോധത്തിലാക്കി. കോവിഡ് മുക്തനായി തിരിച്ചെത്തിയ അക്സര്‍ പട്ടേല്‍ എറിഞ്ഞ 16ആം ഓവറില്‍ തുടരെ രണ്ട് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. പിന്നീട് ക്രീസില്‍ വന്ന വിജയ് ശങ്കറിനെ കൂട്ട് പിടിച്ച് വില്ല്യംസണ്‍ സിംഗിളുകളും ഡബിളുകളുമായി സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ആവേശ് ഖാന്റെ പന്തില്‍ ശങ്കര്‍ ബോള്‍ഡായി. അവസാന ഓവറില്‍ 16 റണ്‍സാണ് ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

    റബാദ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് വൈഡായിരുന്നു. അടുത്ത പന്ത് ബാക്ക്വേര്‍ഡ് പോയിന്റിലേക്ക് കിവി താരം ഫോര്‍ പറത്തി. അടുത്ത പന്ത് സിംഗിള്‍ നേടിയ താരം സുചിതിന് സ്‌ട്രൈക്ക് കൈമാറി. മൂന്നാം പന്ത് താരം സിക്‌സര്‍ പറത്തി അവസാന മൂന്ന് പന്തില്‍ നാല് റണ്‍സ് എന്ന നിലയിലാക്കി. അടുത്ത മൂന്ന് പന്തിലും സിംഗിള്‍ നേടി ഇരുവരും മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടിയെടുക്കുകയായിരുന്നു. തോല്‍വി മുന്നില്‍ കണ്ട് നിന്ന ഹൈദരാബാദിന് ആശ്വാസമായി സൂപ്പര്‍ ഓവര്‍. ഹൈദരാബാദിനായി കെയ്ന്‍ വില്യംസണ്‍ 66 റണ്‍സോടെയും ജഗദീഷ് സുചിത് 14 റണ്‍സോടെയും പുറത്താകാതെ നിന്നു.

    ഡല്‍ഹിക്കായി ബൗളിംഗില്‍ മൂന്ന് വിക്കറ്റ് നേടി ആവേശ് ഖാനും രണ്ട് വിക്കറ്റുമായി അക്‌സര്‍ പട്ടേലും തിളങ്ങി.

    നേരത്തെ, പൃഥ്വി ഷാ, പന്ത്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ ഭേദപ്പെട്ട പ്രകടനങ്ങളാണ് ഡല്‍ഹിയെ 159 റണ്‍സില്‍ എത്തിച്ചത്. പൃഥ്വി ഷാ ഡല്‍ഹിക്കായി അര്‍ധ സെഞ്ചുറി നേടി. ഹൈദരാബാദിനായി സിദ്ദാര്‍ത്ഥ് കൗള്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹൈദരാബാദ് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും ഡല്‍ഹിയുടെ സ്‌കോറിങ് എളുപ്പമാക്കി. പന്തിനെയും സ്മിത്തിനെയും ഒന്നിലധികം തവണയാണ് അവര്‍ കൈവിട്ട് സഹായിച്ചത്.
    Published by:Jayesh Krishnan
    First published: