അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ധോണിയെ ആരാധകർ വീണ്ടും കണ്ടത് ഐപിഎൽ മൈതാനത്താണ്. എന്നാൽ പഴയ എംഎസ്ഡിയെ പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. ഫോം കണ്ടെത്താൻ പാടുപെടുന്ന നായകനും ചെന്നൈ സൂപ്പർകിങ്സും. ഒടുവിൽ പ്ലേ ഓഫ് കാണാതെ പുറത്തേക്കും. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ സൂപ്പർകിങ്സ് പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്.
അടുത്ത വർഷവും ഐപിഎല്ലിൽ ചെന്നൈയ്ക്കൊപ്പം ഉണ്ടാകുമെന്ന സൂചന ധോണി ഇതിനകം നൽകിയിട്ടുണ്ട്. ആരാധകരും താരത്തിന്റെ മടങ്ങി വരവിന് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഐപിഎല്ലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധോണിയുടെ തീരുമാനമെങ്കിൽ അദ്ദേഹത്തിന് തിളങ്ങാനുള്ള സാധ്യത കുറവാണെന്ന് പറയുകയാണ് മുൻ താരം കപിൽ ദേവ്.
ഐപിഎല്ലിൽ ഈ സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നിന്ന് 25 ശരാശരിയിൽ 200 റൺസാണ് ധോണിയുടെ സമ്പാദ്യം. ഞായറാഴ്ച്ച കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പായാണ് ഐപിഎല്ലിൽ തുടർന്നും കളിക്കുമെന്ന് ധോണി വ്യക്തമാക്കിയത്. ഈ സീസണിലെ ചെന്നൈയുടെ അവസാന മത്സരമായിരുന്നു അത്. മഞ്ഞക്കുപ്പായത്തിൽ അവസാന മത്സരമായിരിക്കുമോ എന്ന കമന്റേറ്റർ ഡാനി മോറിസിന്റെ ചോദ്യത്തിന് ഒരിക്കലും അല്ല എന്നായിരുന്നു ധോണിയുടെ മറുപടി.
എന്നാൽ ആവശ്യത്തിന് മാച്ച് പ്രാക്ടീസ് ലഭിക്കാതെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താൻ ധോണിക്ക് സാധിക്കില്ലെന്ന് കപിൽ ദേവ് പറയുന്നു.
"എല്ലാ വർഷവും ഐപിഎല്ലിൽ മാത്രം കളിക്കാനാണ് ധോണിയുടെ തീരുമാനമെങ്കിൽ അദ്ദേഹത്തിന് മികച്ച പ്രകടനം അസാധ്യമായിരിക്കും. പ്രായത്തെ കുറിച്ച് സംസാരിക്കുന്നത് നല്ല കാര്യമല്ല, എന്നാലും അദ്ദേഹത്തിന്റെ പ്രായത്തിൽ(39) കൂടുതൽ കളിച്ചാൽ മാത്രമേ ശരീരം കൂടുതൽ നന്നായി വഴങ്ങുകയുള്ളൂ". കപിൽ ദേവ് പറയുന്നു. എബിപി ന്യൂസിനോടാണ് കപിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
വർഷത്തിൽ പത്ത് മാസം നിങ്ങൾ ഒരു ക്രിക്കറ്റും കളിക്കാതെ നേരെ ഐപിഎൽ കളിക്കാൻ പോയാൽ എന്താണ് സംഭവിക്കുക എന്ന് അറിയാമല്ലോ. എത്ര കളിച്ചാലും ചില സീസണുകളിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടാകും. ക്രിസ് ഗെയിൽ അടക്കമുള്ളവർക്ക് ഇങ്ങനെ ഉണ്ടായിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങിപ്പോയി കൂടുതൽ മത്സരങ്ങൾ കളിക്കുകയാണ് ധോണി ചെയ്യേണ്ടതെന്നും കപിൽ ദേവ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennai super kings, IPL 2020, Kapil Dev, MS Dhoni