അബുദാബി: ഐപിഎല്ലിൽ ബാംഗ്ലൂരിനെ വീഴ്ത്തി മൂംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. ബാംഗ്ലൂർ ഉയർത്തിയ 165 റൺസിനറെ വിജയലക്ഷ്യം അഞ്ചു പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് മുംബൈ ഇന്ത്യൻസ് മറികടന്നത്. 43 പന്തിൽ പുറത്താകാതെ 79 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.
മറുപടി ബാറ്റിങ്ങിൽ ക്വിന്‍റൻ ഡികോക്കും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. എന്നാൽ തുടരെ വിക്കറ്റുകൾ വീഴ്ത്താൻ തുടങ്ങിയതോടെ സൂര്യകുമാർ യാദവ് ഒരറ്റത്ത് നിലയുറപ്പിച്ചത് മുംബൈയ്ക്ക് രക്ഷയായി. പത്തു ഫോറും മൂന്നു സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്.
നേരത്തെ മലയാളിതാരം ദേവദത്ത് പടിക്കലിന്‍റെ ബാറ്റിങ് മികവിൽ ഐപിഎല്ലിൽ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോറിലെ്ത്തുകയായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ ആറിന് 164 റൺസെടുക്കുകയായിരുന്നു.
അർദ്ധസെഞ്ച്വറി നേടിയ മലയാളി താരം ദേവദത്ത് പടിക്കലിന്‍റെ മികച്ച ബാറ്റിങ്ങാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 45 പന്ത് നേരിട്ട ദേവദത്ത് പടിക്കൽ 12 ഫോറും ഒരു സിക്സറും ഉൾപ്പടെ 74 റൺസെടുത്തു. നായകൻ വിരാട് കോഹ്ലി ഒമ്പതും എബിഡിവില്ലിയേഴ്സ് 15 റൺസുമെടുത്ത് പുറത്തായി. ഓപ്പണർ ജോഷ് ഫിലിപ്പെ 33 റൺസെടുത്തു.
ഇന്ത്യൻ പേസർ ജസ്പ്രിത് ബൂംറയുടെ തകർപ്പൻ ബൌളിങാണ് ബംഗളുരുവിനെ വൻ സ്കോർ നേടുന്നതിൽനിന്ന് തടഞ്ഞത്. നാലോവറിൽ 14 റൺസ് മാത്രം വിട്ടുനൽകിയ ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി. ട്രെന്‍റ് ബോൾട്ട്, ചഹാർ, പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.