ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയിരിക്കുന്നത്. ഗുജറാത്തിനായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ദ്ധസെഞ്ച്വറി നേടി.
ഹാര്‍ദിക് പാണ്ഡ്യ 47 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍(34), വൃദ്ധിമന്‍ സാഹ(31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 6 പന്തില്‍ 19 റണ്‍സ് നേടി റഷീദ് ഖാനും പാണ്ഡ്യയ്ക്കൊപ്പം നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. ബാംഗ്ലരിനായി ജോഷ് ഹേസല്‍വുഡ് 2 വിക്കറ്റ് നേടി.
പവര്‍ പ്ലേയില്‍ ഗുജറാത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്‍ (1), മാത്യു വെയ്ഡ് (16) എന്നിവരാണ് മടങ്ങിയത്. ഗില്ലിനെ ഹേസല്‍വുഡിന്റെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ഗ്ലെന്‍ മാക്സ്വെല് പുറത്താക്കി. വെയ്ഡാവട്ടെ മാക്സ്വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് സാഹയ്ക്കൊപ്പം ചേര്‍ന്ന ഹാര്‍ദിക് ടീമിന്റെ തകര്‍ച്ച ഒഴിവാക്കി. എന്നാല്‍ ഫാഫ് ഡു പ്ലെസിയുടെ ഡയറക്റ്റ് ത്രോയില്‍ റണ്ണൗട്ടായി സാഹ മടങ്ങി.
പിന്നീട് ക്രീസിലെത്തിയത് മില്ലര്‍. ഗുജറാത്തിന്റെ ഇന്നിംഗ്സില്‍ നട്ടെല്ലായതും ഈ കൂട്ടുകെട്ടാണ്. ഇരുവരും 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മില്ലറെ പുറത്താക്കി ഹസരങ്ക ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്കി. അടുത്ത ഓവറില്‍ രാഹുല്‍ തെവാത്തിയയും (2) പവലിയനില്‍ തിരിച്ചെത്തി. എന്നല്‍ പാണ്ഡ്യ- റാഷിദ് ഖാന് (6 പന്തില്‍ 19) സഖ്യം സ്കോര്‍ 150 കടത്തി. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിംഗ്സ്. മാക്സ്വെല്, ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്ഗൂസണ് ടീമിലെത്തി. ബാംഗ്ലൂരും ഒരു മാറ്റം വരുത്തി. മുഹമ്മദ് സിറാജിന് പകരം സിദ്ധാര്‍ത്ഥ് കൗള്‍ ടീമിലെത്തി.
പ്ലേ ഓഫിനൊപ്പം ഒന്നാം സ്ഥാനവും ഉറപ്പിച്ച സ്ഥിതിക്ക് ഗുജറാത്തിന് മുന്നും പിന്നും നോക്കാനില്ല. എന്നാല്‍ ബാംഗ്ലൂരിന് അങ്ങനെയല്ല കാര്യങ്ങള്‍. മത്സരം തോറ്റാല്‍ പുറത്തേക്കുള്ള വഴി തെളിയും. 13 മത്സരങ്ങളില്‍ 14 പോയിന്റാണ് അവര്‍ക്കുള്ളത്. മാത്രമല്ല, നെറ്റ് റണ്‍റേറ്റും നന്നേ കുറവ്. ബാംഗ്ലൂരിന് വെറുതെ ജയിച്ചാല്‍ മതിയാവില്ല. വലിയ മാര്‍ജിനില്‍ തന്നെ ജയിക്കണം. എന്നാല്‍ മാത്രമേ പ്ലേ ഓഫിന് വിദൂര സാധ്യത പോലുമുള്ളൂ.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.