IPL 2022 | 'നാം ഒരു കുടുംബം, ഡൽഹിക്കെതിരെ വീറോടെ കളിക്കൂ'; മുംബൈ ഇന്ത്യൻസിന് ആർസിബിയുടെ വിജയാശംസ
- Published by:Naveen
- news18-malayalam
Last Updated:
'#RedTurnsBlue' എന്ന ഹാഷ്‌ടാഗോടെയാണ് അവർ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഐപിഎല്ലിൽ (IPL 2022) ഇന്ന് മുംബൈ ഇന്ത്യൻസ് - ഡൽഹി ക്യാപിറ്റൽസ് (MI vs DC) മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി (Mumbai Indians) ആർപ്പുവിളിക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Banglore). ആർസിബി താരങ്ങളും ആരാധകരും ഒന്നടങ്കം മുംബൈയുടെ ജയത്തിനായാകും പ്രാർത്ഥിക്കുക. മുംബൈക്കുള്ള തങ്ങളുടെ പിന്തുണ ആർസിബി തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെയും അറിയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ പ്രൊഫൈൽ പിക്ചർ മാറ്റിയാണ് ആർസിബിയുടെ പിന്തുണ. ഒപ്പം മുംബൈക്ക് വിജയാശംസ നേർന്ന് കൊണ്ട് പോസ്റ്റുകളും അവർ പങ്കുവെക്കുന്നുണ്ട്.
ഇന്ന് മത്സരത്തിനിറങ്ങുന്ന ഡൽഹിക്ക് ആശംസകൾ നൽകാതെ മുംബൈക്ക് മാത്രം ആർസിബി ആശംസകൾ നേരുന്നത് എന്തുകൊണ്ടെന്ന കാര്യത്തിൽ അധികം തലപുകയ്ക്കേണ്ട കാര്യമില്ല. സീസണിലെ പ്ലേഓഫിൽ കളിക്കാൻ പോകുന്ന നാലാമത്തെ ടീം ഏതെന്ന കാര്യം ഇന്നത്തെ പോരാട്ടത്തിലൂടെ തീരുമാനമാകും. മത്സരത്തിൽ ഡൽഹി ജയിക്കുകയാണെങ്കിൽ അവർ പ്ലേഓഫിലേക്ക് കടക്കും. അതേസമയം, മുംബൈയാണ് ജയിക്കുന്നതെങ്കിൽ ആർസിബിക്ക് പ്ലേഓഫിലേക്ക് കടക്കാം. ഈ കണക്കിലെ കളിയാണ് ആർസിബി കാണിക്കുന്ന ഈ 'മുംബൈ പ്രേമത്തിന്' പിന്നിലെ കഥ.
സമൂഹ മാധ്യമങ്ങളിൽ മുംബൈ ഇന്ത്യൻസിന് പിന്തുണ നൽകിക്കൊണ്ട് ബാംഗ്ലൂർ പങ്കുവെച്ച പോസ്റ്റിൽ മുംബൈയോട് വീറോടെ കളിക്കാനും ഗാലറിയിൽ ഒരു കുടുംബം പോലെ പിന്തുണ നൽകാൻ തങ്ങളുണ്ടാകും എന്നുമാണ് കുറിച്ചിരിക്കുന്നത്. '#RedTurnsBlue' എന്ന ഹാഷ്‌ടാഗോടെയാണ് അവർ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
advertisement
advertisement
നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള ആർസിബി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ മുംബൈ ഡൽഹിയെ തോൽപ്പിക്കുകയാണെങ്കിൽ അവർ അനായാസം പ്ലേഓഫിൽ കടക്കും. എന്നാൽ, ഡൽഹി മുംബൈയെ തോൽപ്പിച്ചാൽ ഡൽഹിക്കും 16 പോയിന്റാകും. മികച്ച നെറ്റ് റൺറേറ്റ് സ്വന്തമായതിനാൽ അവർ ആർസിബിയെ മറികടന്ന് പ്ലേഓഫിലെ നാലാം സ്ഥാനക്കാരായി മാറുകയും ചെയ്യും.
നേരത്തെ, ആർസിബിയുടെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിയും വിരാട് കോഹ്‌ലിയും ഡൽഹിക്കെതിരെ മുംബൈ ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പറഞ്ഞിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയം നേടിയ മത്സരത്തിന് ശേഷമായിരുന്നു ഇരുവരും മുംബൈക്ക് ആശംസ നേർന്നത്. 'ഞങ്ങളുടെ ഡ്രസിങ് റൂമിൽ നീല തൊപ്പികൾ ധരിച്ച് നടക്കുന്നവരെ കുറച്ച് ദിവസങ്ങളായി കാണുന്നുണ്ട്. മത്സരത്തിൽ രോഹിത് ജയം നേടിവരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഞാൻ.' - ഡുപ്ലെസി പറഞ്ഞു.
advertisement
advertisement
ഡൽഹി - മുംബൈ മത്സരത്തിൽ മുംബൈക്ക് ലഭിക്കാൻ പോകുന്ന അധിക പിന്തുണയുടെ കാര്യവും അവർ പറഞ്ഞു. 'ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈക്ക് ഞങ്ങൾ രണ്ട് പേരുടെ മാത്രമല്ല ടീമിന്റെ ഒന്നടങ്കം പിന്തുണ കൂടിയുണ്ടാകും.' ഡുപ്ലെസിയോട് സംസാരിക്കവെ കോഹ്ലി പറഞ്ഞു.
Location :
First Published :
May 21, 2022 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | 'നാം ഒരു കുടുംബം, ഡൽഹിക്കെതിരെ വീറോടെ കളിക്കൂ'; മുംബൈ ഇന്ത്യൻസിന് ആർസിബിയുടെ വിജയാശംസ