IPL 2022 | ബൗളർമാരുടെ കരുത്തിൽ ലക്നൗവിനെ മറികടന്ന് രാജസ്ഥാൻ; പ്ലേഓഫ് യോഗ്യതയ്ക്ക് അടുത്ത്

Last Updated:

നാലോവറിൽ കേവലം 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് രാജസ്ഥാന്റെ വിജയശിൽപ്പി. ബോൾട്ട് നൽകിയ തകർപ്പൻ തുടക്കം മറ്റ് ബൗളർമാർ ഏറ്റെടുക്കുകയായിരുന്നു.

Image: IPL, Twitter
Image: IPL, Twitter
ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റസിനെതിരെ ആവേശ വിജയം നേടി രാജസ്ഥാൻ റോയൽസ്. നിർണായക മത്സരത്തിൽ 24 റൺസിനായിരുന്നു രാജസ്ഥാന്റെ ജയം. ജയത്തോടെ പ്ലേഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പിക്കാനും രാജസ്ഥാന് കഴിഞ്ഞു. ജയത്തോടെ 13 മത്സരങ്ങളിൽ നിന്നും 16 പോയിന്റായ രാജസ്ഥാൻ പോയിന്റ് ടേബിളിൽ ലക്നൗവിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. 13 മത്സരങ്ങളിൽ നിന്നും അത്രതന്നെ പോയിന്റുള്ള ലക്‌നൗ മൂന്നാം സ്ഥാനത്തായി.
രാജസ്ഥാൻ കുറിച്ച 179 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലക്നൗവിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസിൽ ഒതുങ്ങുകയായിരുന്നു. നാലോവറിൽ കേവലം 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് രാജസ്ഥാന്റെ വിജയശിൽപ്പി. ബോൾട്ട് നൽകിയ തകർപ്പൻ തുടക്കം മറ്റ് ബൗളർമാർ ഏറ്റെടുക്കുകയായിരുന്നു. ബോൾട്ടിന് പുറമെ പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് എന്നിവരും വിക്കറ്റ് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 39 പന്തിൽ 59 റൺസ് നേടിയ ദീപക് ഹൂഡയാണ് ലക്നൗവിന്റെ ടോപ് സ്‌കോറർ. മാർക്കസ് സ്റ്റോയ്‌നിസ് (17 പന്തിൽ 27), ക്രുനാൽ പാണ്ഡ്യ (23 പന്തിൽ 25) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്റ്റൻ കെ എൽ രാഹുൽ (19 പന്തിൽ 10), ക്വിന്റൺ ഡീകോക്ക് (എട്ട് പന്തിൽ ഏഴ്) എന്നിവർ നിരാശപ്പെടുത്തി.
advertisement
രാജസ്ഥാൻ ഉയർത്തിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലക്നൗവിന് ആശിച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറിൽ തന്നെ ഇരട്ട പ്രഹരമേൽപ്പിച്ച് ട്രെന്റ് ബോൾട്ടാണ് ലക്നൗവിനെ ഞെട്ടിച്ചത്. മൂന്നാം ഓവറിലെ ആദ്യ പന്തിൽ ഡീ കോക്കിനെ (എട്ട് പന്തിൽ ഏഴ്) ജിമ്മി നീഷമിന്റെ കൈകളിലെത്തിച്ച ബോൾട്ട്, തൊട്ടടുത്ത പന്തിൽ ആയുഷ് ബദോനിയെ വിക്കറ്റിന് മുന്നിൽ കുടുക്കി.
ബോൾട്ട് നൽകിയ തകർപ്പൻ തുടക്കത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രസിദ്ധ് കൃഷ്ണ ലക്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെയും മടക്കി. 19 പന്തുകൾ നേരിട്ട് 10 റൺസുമായി രാഹുൽ മടങ്ങുമ്പോൾ ലക്നൗവിന്റെ സ്കോർബോർഡിൽ കേവലം 23 റൺസ് മാത്രമാണുണ്ടായിരുന്നത്.
advertisement
പവർപ്ലേ ഓവറുകൾക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി തകർച്ച നേരിട്ട ലക്നൗവിനെ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ദീപക് ഹൂഡയും ക്രുനാൽ പാണ്ഡ്യയും ചേർന്നാണ് കരകയറ്റിയത്‌. നാലാം വിക്കറ്റിൽ ഒത്തുചേർന്ന സഖ്യം 94 റൺസിലാണ് പിരിഞ്ഞത്. ക്രുനാൽ നങ്കൂരമിട്ട് കളിച്ചപ്പോൾ ആക്രമണ ചുമതല ഹൂഡ ഏറ്റെടുക്കുകയായിരുന്നു. ഒടുവിൽ സ്കോർ 94 ൽ നിൽക്കെ അശ്വിന്റെ പന്തിൽ റിയാൻ പരാഗിന് ക്യാച്ച് നൽകിയാണ് ക്രുനാൽ പുറത്തായത്. 23 പന്തിൽ ഒരു ഫോറും ഒരു സിക്‌സും സഹിതം 25 റൺസ് നേടിയ താരം ഹൂഡയ്‌ക്കൊപ്പം നാലാം വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് മടങ്ങിയത്.
advertisement
ക്രുനാൽ മടങ്ങിയ ശേഷവും പോരാട്ടം തുടർന്ന ഹൂഡ അർധസെഞ്ചുറി പൂർത്തിയാക്കി. മികച്ച രീതിയിൽ മുന്നേറുന്നതിനിടെ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തിൽ സഞ്ജു സാംസൺ സ്റ്റമ്പ് ചെയ്ത് പുറത്താവുകയായിരുന്നു. 39 പന്തിൽ നിന്നും അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 59 റൺസ് നേടിയാണ് താരം മടങ്ങിയത്. ഹൂഡ മടങ്ങിയതോടെ ലക്നൗവിന്റെ പ്രതീക്ഷകളും മങ്ങി. പിന്നാലെ വന്ന ഹോൾഡറും (1), ചമീരയും (0) മടക്കി ഒബെദ് മക്കോയ് രാജസ്ഥാന് മേൽക്കൈ നൽകുകയായിരുന്നു.
അവസാന ഓവറുകളിൽ ചെറിയ വെടിക്കെട്ട് നടത്തിയ സ്റ്റോയ്‌നിസ് ലക്നൗവിന്റെ തോൽവിഭാരം കുറച്ചു. അവസാന ഓവറിൽ പ്രസിദ്ധിന്റെ പന്തിൽ റിയാൻ പരാഗിന് ക്യാച്ച് നൽകി താരം മടങ്ങി. മൊഹ്‌സിൻ ഖാൻ (9), ആവേശ് ഖാൻ (1)പുറത്താകാതെ നിന്നു.
advertisement
രാജസ്ഥാന് വേണ്ടി പന്തെടുത്തവർക്കെല്ലാം വിക്കറ്റ് കിട്ടി. ട്രെന്റ് ബോൾട്ട്, ഒബെദ് മക്കോയ്,  പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അശ്വിൻ, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് എടുത്തത്. മുന്നേറ്റനിര നൽകിയ തകർപ്പൻ തുടക്കം മധ്യനിരയ്ക്ക് മുതലാക്കാൻ കഴിഞ്ഞതോടെ രാജസ്ഥാന് വേണ്ട രീതിയിൽ സ്കോർ ഉയർത്താൻ കഴിഞ്ഞില്ല. യശസ്വി ജയ്‌സ്വാളാണ് (29 പന്തില്‍ 41 റൺസ്) രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 39), ക്യാപ്റ്റൻ സഞ്ജു സാംസണ്‍ (24 പന്തില്‍ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | ബൗളർമാരുടെ കരുത്തിൽ ലക്നൗവിനെ മറികടന്ന് രാജസ്ഥാൻ; പ്ലേഓഫ് യോഗ്യതയ്ക്ക് അടുത്ത്
Next Article
advertisement
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് കുത്തേറ്റു
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാള്‍ക്ക് കുത്തേറ്റു
  • പോത്തൻകോട് KSRTC ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

  • പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി

  • സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement