HOME » NEWS » IPL » IT WAS MORE GRATIFYING TO BE ABLE TO TAKE TWO WICKETS IN BOWLING THAN TO SHINE IN BATTING AGAINST CSK SAYS POLLARD JK INT

സിഎസ്‌കെയ്ക്കെതിരെ ബാറ്റിങ്ങില്‍ തിളങ്ങിയതിനേക്കാളും ബൗളിംഗില്‍ രണ്ട് വിക്കറ്റ് നേടാനായതാണ് കൂടുതല്‍ സന്തോഷം നല്‍കിയത്; പൊള്ളാര്‍ഡ്

സിഎസ്‌കെയ്ക്കെതിരായ മല്‍സരത്തില്‍ ബാറ്റിങ്ങിലെ പ്രകടനത്തേക്കാള്‍ തനിക്കു സംതൃപ്തി നല്‍കിയത് ബൗളിങിലെ പ്രകടനമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൊള്ളാര്‍ഡ്

News18 Malayalam | news18-malayalam
Updated: May 12, 2021, 9:01 PM IST
സിഎസ്‌കെയ്ക്കെതിരെ ബാറ്റിങ്ങില്‍ തിളങ്ങിയതിനേക്കാളും ബൗളിംഗില്‍ രണ്ട് വിക്കറ്റ് നേടാനായതാണ് കൂടുതല്‍ സന്തോഷം നല്‍കിയത്; പൊള്ളാര്‍ഡ്
കീറോണ്‍ പൊള്ളാര്‍ഡ്
  • Share this:
ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളില്‍ ഒന്നായിരുന്നു ഐപിഎല്ലിന്റെ 14ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ബാറ്റിംഗ് വെടിക്കെട്ടിന് സാക്ഷ്യം വഹിച്ച മത്സരത്തില്‍ സിഎസ്‌കെയ്ക്കെതിരെ അവിശ്വസനീയ വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ അവിസ്മരണീയ പ്രകടനത്തിന്റെ ചിറകിലേറിയാണ് മുംബൈ വിജയതീരമണിഞ്ഞത്. 219 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കളിയില്‍ പൊള്ളാര്‍ഡ് തന്നെയായിരുന്നു മുംബൈയുടെ ഹീറോ. വെറും 34 പന്തില്‍ എട്ടു സിക്സറുകളും ആറു ബൗണ്ടറികളുമടക്കം പുറത്താവാതെ 87 റണ്‍സെടുത്ത പൊള്ളാര്‍ഡിന്റെ മികവില്‍ മുംബൈ അവസാന പന്തിലാണ് ത്രസിപ്പിക്കുന്ന വിജയം കുറിച്ചത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും പൊള്ളാര്‍ഡായിരുന്നു. നേരത്തെ ആദ്യം പന്തെറിഞ്ഞ മുംബൈക്കായി പൊള്ളാര്‍ഡ് സിഎസ്‌കെയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. മുംബൈയുടെ ഏറ്റവും വലിയ റണ്‍ചേസും ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ചേസും കൂടിയായിരുന്നു ഇത്.

എന്നാലിപ്പോള്‍ സിഎസ്‌കെയ്ക്കെതിരായ മല്‍സരത്തില്‍ ബാറ്റിങ്ങിലെ പ്രകടനത്തേക്കാള്‍ തനിക്കു സംതൃപ്തി നല്‍കിയത് ബൗളിങിലെ പ്രകടനമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൊള്ളാര്‍ഡ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മുംബൈ പുറത്തിറക്കിയ പ്രത്യേക വീഡിയോയിലായിരുന്നു ഈ വെളിപ്പെടുത്തല്‍. ചില മുംബൈ താരങ്ങളും പൊള്ളാര്‍ഡിന്റെ പ്രകടത്തെക്കുറച്ച് ഇതില്‍ സംസാരിക്കുന്നുണ്ട്.

Also Read-പാകിസ്താൻ യുവതാരങ്ങൾ കൂടുതൽ പഠിക്കുന്നത് ടീമിലെത്തിയ ശേഷം, ഇന്ത്യയുടെ സെലക്ഷൻ രീതികൾ മാതൃകയാക്കണം: മുഹമ്മദ്‌ ആമിർ

മുംബൈ ബൗളര്‍മാരെല്ലാം കണക്കിന് തല്ലുവാങ്ങിയ മത്സരത്തില്‍ പൊള്ളാര്‍ഡ് മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. രണ്ടോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഫഫ് ഡുപ്ലെസി, സുരേഷ് റെയ്ന എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ അടുത്തടുത്ത പന്തുകളില്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.

'ആരെങ്കിലുമൊരാള്‍ ടീമിനു വേണ്ടി മുന്നോട്ട് വരണമായിരുന്നു. എന്നെ സംബന്ധിച്ച് നല്ല ദിവസമായിരുന്നു, ഓള്‍റൗണ്ട് പ്രകടനം തന്നെ നടത്താന്‍ കഴിഞ്ഞു. ടീം സ്‌കോറിന്റെ ഭൂരിഭാഗവും നേടിയിട്ടും ബൗളിംഗില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്താനായതാണ് എനിക്കു കൂടുതല്‍ സന്തോഷം നല്‍കുന്നത്. ടീമിന് ആവശ്യമുള്ളത് നല്‍കി വിജയത്തിലേക്കു നയിക്കുകയെന്നതായിരുന്നു തന്റെ ചുമതല.' പൊള്ളാര്‍ഡ് വിശദമാക്കി.

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെക്കായി സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ മോയിന്‍ അലി- ഫാഫ് ഡുപ്ലെസി ജോടിയെ വേര്‍പിരിച്ചത് പൊള്ളാര്‍ഡായിരുന്നു. മികച്ച സ്ലോ ബോളുകളെറിഞ്ഞാണ് ഡുപ്ലെസിയെയും അടുത്ത പന്തില്‍ തന്നെ റെയ്നയെയും പൊള്ളാര്‍ഡ് പുറത്താക്കിയത്.

Also Read-ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇന്ത്യൻ ടീമിലേക്ക് ഒരു മികച്ച ലെഗ് സ്പിന്നറെ പരിഗണിക്കാമായിരുന്നു - ഡാനിഷ് കനേരിയ

പൊള്ളാര്‍ഡിന്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും സംസാരിച്ചു. പൊളളാര്‍ഡിന്റെ ദിവസമായിരുന്നു അന്ന്. അന്നത്തെ മല്‍സരത്തില്‍ ലെഗ് സ്പിന്‍ എറിഞ്ഞാല്‍പ്പോലും അദ്ദേഹത്തിനു വിക്കറ്റ് ലഭിക്കുമായിരുന്നു. വളരെ മികച്ച ബൗളിങായിരുന്നു പൊള്ളാര്‍ഡ് കാഴ്ചവച്ചത്, ഫീല്‍ഡിലും അദ്ദേഹത്തിനു നല്ല ദിവസമായിരുന്നു. മുമ്പും പൊള്ളാര്‍ഡ് ഇതുപോലെയുള്ള പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്, അതുകൊണ്ടു തന്നെ ഈ വലിയ മനുഷ്യനെ ഞങ്ങള്‍ എല്ലായ്പ്പോഴും പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് ബുംറ പറഞ്ഞത്.
Published by: Jayesh Krishnan
First published: May 12, 2021, 9:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories