തിരുവനന്തപുരം: ഐ പി എൽ ഫൈനൽ നടക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നടത്തിയ സഞ്ജു വിമർശനം അനുചിതമാണെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ്
ഫൈനലിൽ എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ നേതൃത്വം നൽകുന്ന രാജസ്ഥാൻ റോയൽസ്. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടർന്നാൽ കപ്പ് ഉയർത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്.
ഈ അവസരത്തിൽ ആത്മവിശ്വാസം കെടുത്തുന്ന പരാമർശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനിൽ നിന്ന് ഉണ്ടാകരുതായിരുന്നുവെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
അതേസമയം മന്ത്രിയുടെ വിമർശനം കാര്യം മനസിലാക്കാതെയാണെന്ന് സച്ചിൻ ആരാധകർ പറയുന്നു. സച്ചിൻ, സഞ്ജുവിനെ വിമർശിച്ചതല്ലെന്നും, ഉപദേശിച്ചതാണെന്നുമാണ് ഇവർ മന്ത്രിയുടെ പോസ്റ്റിന് ചുവടെ കമന്‍റായി കുറിക്കുന്നത്. 'ഉപദേശമായെ ഇതിനെ കാണാവൂ. വിമർശനങ്ങൾ വന്നാലേ തിരുത്തെപ്പെടുകയുള്ളൂ. അനാവസരം ആണെന്ന് തോന്നുന്നില്ല. ഫൈനലിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇത് സഹായിക്കും എന്ന് വേണം കരുതാൻ. വാശിയും ചങ്കൂറ്റവും ഉണ്ടെങ്കിൽ ലോകം കീഴടക്കും അവൻ. നമ്മളെ സഞ്ജു'- എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്.
'സച്ചിൻ വിമർശിച്ചു എന്നൊക്കെ എന്ത് അർത്ഥത്തിലാണ് പറയുന്നത് ആ ട്വീറ്റിൽ കഴിഞ്ഞ കളിയിൽ സഞ്ജു ആ അവസരത്തിൽ അത്തരം ഒരു ഷോട്ടിന് മുതിരേണ്ടിയിരുന്നില്ല എന്ന് മാത്രമാണ് പറഞ്ഞത്. അത് കളി കണ്ട എല്ലാവർക്കും തോന്നിയതാണ്. അതിലെന്താണ് പ്രശ്നം. സഞ്ജുവിനെ എല്ലാവർക്കും ഇഷ്ടമാണ് എന്ന് കരുതി സഞ്ജു വിമർശനാതീതൻ ആണെന്നൊക്കെ പറയുന്നത് ചില മതവാദികൾ വാദിക്കുന്നത് പോലെ ആണ് ഫീൽ ചെയ്യുന്നത്'- മറ്റൊരാൾ കുറിച്ചു.
ഏതായാലും മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ് വന്നതോടെ ഈ വിഷയത്തിലുള്ള ചർച്ചകളും അരങ്ങു തകർക്കുകയാണ്. മന്ത്രിയെയും സച്ചിനെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി കഴിഞ്ഞു.
'രാജസ്ഥാന്‍ ആദ്യ IPL നേടുമ്പോള്‍ കേരളത്തില്‍ എവിടെയോ ക്രിക്കറ്റ് കളിക്കുകയാണു ഞാന്‍'; സഞ്ജു സാംസണ്‍
2008ല്‍ രാജസ്ഥാന്‍(Rajasthan) പ്രഥമ ഐപിഎല്‍(IPL) കിരീടം നേടുമ്പോള്‍ ഇപ്പോഴത്തെ നായകന്‍ സഞ്ജുവിന് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ക്വാളിഫയര്‍ രണ്ടില്‍ പരാജയപ്പെടുത്തി ഫൈനലിലേക്ക് കുതിക്കുമ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിനോടുള്ള ഔദ്യോഗിക പ്രതികരണത്തില്‍ സഞ്ജു 2008ലെ കാര്യങ്ങളെക്കുറിച്ച് പങ്കുവെച്ചു.
'അന്നു കേരളത്തില്‍ എവിടെയോ ഞാന്‍ അണ്ടര്‍ 16 ഫൈനല്‍ കളിക്കുകയാണ്. ഷെയ്ന്‍ വോണ്‍, സുഹൈല്‍ തന്‍വീര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടുന്നതു കണ്ടു'. 2008ന് ശേഷം ആദ്യമായാണ് രാജസ്ഥാന്‍ ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
'ഐപിഎല്ലില്‍ തോല്‍വിക്കു ശേഷം തിരിച്ചുവന്നിട്ടുള്ള ചരിത്രമാണു രാജസ്ഥാനുള്ളത്. പ്രകടനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അഹമ്മദാബാദില്‍ ആദ്യം ബോള്‍ ചെയ്യാനായത് ഉപകാരമായി. പേസ് ബോളര്‍മാര്‍ക്ക് വിക്കറ്റ് ലഭിച്ചു. വിക്കറ്റിലെ മികച്ച ബൗണ്‍സ് സ്പിന്‍ ബോളര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാക്കി. എന്നാല്‍ പേസര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു' സഞ്ജു പറഞ്ഞു.
ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയ രാജാസ്ഥാന്‍ രണ്ടാം ക്വാളിഫയറില്‍ ബ്ലാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ക്കുകയായിരുന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. 60 പന്തില്‍ 106 റണ്‍സ് നേടിയ ഓപ്പണര്‍ ജോസ് ബട്ട്ലറുടെ പ്രകടനമാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്.
10 ഫോറുകളും 6 സിക്സറുകളും അടങ്ങുന്നതായിരുന്നു ബട്ട്ലറുടെ ഇന്നിങ്സ്. രാജസ്ഥാനായി നായകന്‍ സഞ്ജു സാംസണ്‍ 21 പന്തില്‍ 23 റണ്‍സും യശസ്വി ജയ്സ്വാള്‍ 13 പന്തില്‍ 23 റണ്‍സും നേടി. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണയും ഒബദ് മക്കോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അവസാന അഞ്ച് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയ ബാംഗ്ലൂരിന് 34 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.