ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്താത്തതിനെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. പരിക്ക് ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ സെലക്ടർമാർ ടീമിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ പരിക്കിന്റെ ലക്ഷണങ്ങളില്ലാതെ നെറ്റ്സിൽ പരിശീലനം നടത്തുന്ന രോഹിത്തിന്റെ വീഡിയോകൾ മുംബൈ ഇന്ത്യൻസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലും രോഹിത് ക്രീസിലെത്തിയിരുന്നു.
രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്താതിനെ കുറിച്ച് മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെ പ്രതികരണമാണ് പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. താൻ സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമല്ലെന്നും അതിനാൽ ഇതിനെ കുറിച്ച് അറിയില്ലെന്നുമായിരുന്നു രവി ശാസ്ത്രി ടൈംസ് നൗവിനോട് പറഞ്ഞിരുന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്.
രവി ശാസ്ത്രിയുടെ വിശദീകരണം വിശ്വസിക്കാനാകില്ലെന്ന് സെവാഗ് പറയുന്നു. രോഹിത് ശർമയുടെ അവസ്ഥയെ കുറിച്ച് രവിശാസ്ത്രിക്ക് അറിയില്ലെന്ന് താൻ കരുതുന്നില്ലെന്ന് ക്രിക്ബസ്സിനോട് സെവാഗ് വ്യക്തമാക്കി.
"രോഹിത് ശർമയുട അവസ്ഥയെ കുറിച്ച് രവിശാസ്ത്രിക്ക് അറിയില്ലെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമല്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം കഴിഞ്ഞ ദിവസങ്ങളിൽ സെലക്ടർമാർ ചോദിച്ചിട്ടുണ്ടായിരിക്കും".
"സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമല്ലെന്ന രവിശാസ്ത്രിയുടെ പരാമർശത്തോട് ഞാൻ യോജിക്കുന്നില്ല. ഔദ്യോഗികമായിട്ടല്ലെങ്കിലും പരിശീലകനും ക്യാപ്റ്റനും ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ കുറിച്ച് സെലക്ടർമാരുമായി ചർച്ച നടത്തിയിരിക്കും."- സെവാഗ് പറയുന്നു.
You may also like: IPL 2020 SRH vs MI| ഹൈദരാബാദും പ്ലേഓഫിലേക്ക്; മുംബൈക്കെതിരെ പത്ത് വിക്കറ്റ് ജയം രോഹിത്തിന്റെ കാര്യത്തിൽ ബിസിസിഐയും സെലക്ടർമാരും സ്വീകരിച്ച നിലപാടിനെയും സെവാഗ് ചോദ്യം ചെയ്തു. രോഹിത് ഫിറ്റാണെന്ന് കരുതുന്നില്ലെങ്കിൽ കൂടി അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താമായിരുന്നു. ആവശ്യമെങ്കിൽ പകരക്കാരനായി ഇറക്കാവുന്നതുമായിരുന്നുവെന്നും സെവാഗ്.
You may also like: ഓസ്ട്രേലിയൻ പര്യടനത്തിന് രോഹിത് ശർമ ഉണ്ടാകുമോ? കാര്യം വ്യക്തമാക്കി സൗരവ് ഗാംഗുലി ഐപിഎൽ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കാൻ തയ്യാറായ താരത്തെ രാജ്യത്തിന് വേണ്ടി കളിക്കാൻ തിരഞ്ഞെടുക്കാത്തതിൽ തനിക്ക് ആശ്ചര്യമുണ്ട്. ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായ ആശ്ചര്യകരവും തെറ്റായ പ്രവണതയുമാണിത്. വിചിത്രമായ വർഷമാണിത്. ഇനി എന്താണ് ചെയ്യാൻ പോകുന്നത്? ഹൈദരാബാദിനെതിരായ മത്സരത്തിൽ രോഹിത് പങ്കെടുത്തു. പ്ലേ ഓഫ് ഗെയിംസിലും അദ്ദേഹം പങ്കെടുക്കും. താൻ ഫിറ്റാണെന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നെ എന്തുകൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുത്തില്ലെന്നും സെവാഗ് ചോദിക്കുന്നു.
ബിസിസിഐയുടേയും സെലക്ടർമാരുടേയും തീരുമാനത്തിൽ നിരാശനാണെന്നും സെവാഗ് തുറന്നു പറഞ്ഞു. രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തി ആവശ്യമെങ്കിൽ ഉപയോഗിക്കാമായിരുന്നുവെന്നും സെവാഗ്.
പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന രോഹിത് ശർമ ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ മടങ്ങിയെത്തിയിരുന്നു. ഓപ്പണറായി എത്തിയ രോഹിത്തിന് ഏഴ് പന്തിൽ നാല് റൺസ് മാത്രമാണ് നേടാനായത്. മത്സരത്തിൽ പത്ത് വിക്കറ്റിന് മുംബൈ ഇന്ത്യൻസ് പരാജയപ്പെടുകയും ചെയ്തു.
പരിക്കിൽ നിന്നും പൂർണമായും മുക്തനായെന്നായിരുന്നു മത്സരശേഷം രോഹിത്തിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.