കൊല്ലം കൊട്ടിയത്ത് റോഡ് റോളറിന് അടിയിൽ കുടുങ്ങി പതിനഞ്ചുകാരന് ഗുരുതര പരിക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
വീട്ടിൽനിന്ന് സൈക്കിളിൽ അരിയും ഗോതമ്പും പൊടിക്കാനായി കൊണ്ടുപോകുമ്പോഴാണ് ജയദേവ് അപകടത്തിൽപ്പെട്ടത്
കൊല്ലം: റോഡ് റോളറിന് അടിയിൽ കുടുങ്ങി പതിനഞ്ചുകാരന് ഗുരുതര പരിക്ക്. കൊല്ലം കൊട്ടിയത്താണ് സംഭവം. നിയന്ത്രണംവിട്ട റോഡ് റോളറിന്റെ മുൻചക്രത്തിനടിയിലാണ് കുട്ടി കുടുങ്ങിയത്. വെട്ടിലത്താഴം ജ്യോതിസിൽ ജയകുമാറിന്റെയും ശ്രീദേവിയുടെയും മകൻ ജയദേവാണ് അപകടത്തിൽപ്പെട്ടത്. വീട്ടിൽനിന്ന് സൈക്കിളിൽ അരിയും ഗോതമ്പും പൊടിക്കാനായി കൊണ്ടുപോകുമ്പോഴാണ് ജയദേവ് അപകടത്തിൽപ്പെട്ടത്.
ഡീസന്റ് മുക്ക്- പുതുച്ചിറ റോഡിൽ വെട്ടിലത്താഴത്തെ ഇറക്കത്തിലായിരുന്നു അപകടം. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയദേവിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
രാധാലയത്തിൽ സുനിൽകുമാറിന്റെ വീടിന്റെ മുൻവശത്തെ ചുറ്റുമതിലും ഗേറ്റും വൈദ്യുതിത്തൂണും തകർത്ത ശേഷമാണ് റോളര്‍ സൈക്കിളിലേക്ക് ഇടിച്ചുകയറി നിന്നത്. റോളറിന്റെ മുൻവശത്തെ ചക്രത്തിനടിയിൽ കുടുങ്ങിപ്പോയ ജയദേവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ക്രെയിനിന്റെയും മണ്ണുമാന്തിയന്ത്രത്തിന്റെയും സഹായത്തോടെ അരമണിക്കൂറിലധികം സമയമെടുത്താണ് പുറത്തെടുത്തത്.
അതിനിടെ നിയന്ത്രം വിട്ട റോഡ് റോളറിൽനിന്ന് പുറത്തേക്ക് ചാടിയ ഡ്രൈവറുടെ സഹായി പേരൂർ സ്വദേശി ശിവന്റെ ശരീരത്തേക്ക് മതിലിടിഞ്ഞു വീണ് പരിക്കേറ്റു. റോഡ് റോളറിന്റെ ഡ്രൈവര്‍ മൈലക്കാട് സ്വദേശി സന്തോഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓയൂർ സ്വദേശിയായ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള റോഡ് റോളർ പുതുച്ചിറയിലെ സ്വകാര്യ സ്കൂളിലെ ജോലികൾക്കു ശേഷം തിരികെകൊണ്ടുപോകുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
May 28, 2023 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം കൊട്ടിയത്ത് റോഡ് റോളറിന് അടിയിൽ കുടുങ്ങി പതിനഞ്ചുകാരന് ഗുരുതര പരിക്ക്