തിരുവനന്തപുരം: പെരിങ്ങമ്മല ഇക്ബാൽ കോളജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇരുചക്രവാഹന യാത്രക്കാരായ അമ്മയ്ക്കും കുഞ്ഞിനുമാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നൂറുപേർക്കെതിരെ പൊലീസ് കേസെടുത്തു. കോളജിലെ ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയതായി മന്ത്രി കെ ടി ജലീൽ അറിയിച്ചു.
കോളജിലെ ഓണാഘോഷം ക്യാമ്പസിൽ നിന്ന് തെരുവിലേക്ക് ഇറങ്ങിയതോടെയാണ് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും ഡിസ്ചാർജ് ചെയ്തു. വിദ്യാർഥികളുടെ അഭ്യാസപ്രകടനമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കണ്ടാലാറിയാവുന്ന 100 വിദ്യാർഥികൾക്കെതിരെ പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
ക്യാമ്പസുകളിലെ ആഘോഷങ്ങൾ അതിരു കടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പ്രതികരിച്ചു. പ്രിൻസിപ്പൽമാർക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. അതേസമയം, വിദ്യാർഥികൾ ക്യാമ്പസിനകത്ത് വാഹനം ഓടിച്ചിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പൽ അബ്ദുൾ കലാം. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ന്യൂസ് 18 നോട് പറഞ്ഞു.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽ 2002ൽ അമിത ശങ്കർ എന്ന വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചതോടെയാണ് ക്യാമ്പസുകളിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. 2015 ഓഗസ്റ്റിൽ ഇതേ കോളജിലെ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് തെസ്നി ബഷീർ എന്ന വിദ്യാർഥിനിയും മരിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.