വട്ടവടയിലെ ആ വീടും കണ്ണീരു വറ്റാത്ത ഒരമ്മയും
Last Updated:
#എസ്. ലല്ലു
വട്ടവട ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുകളിൽ ഉയരുന്ന അഭിമന്യു മഹാരാജാസ് ലൈബ്രറി കണ്ട ശേഷമാണ് കൊട്ടക്കമ്പൂരിലേക്ക് തിരിച്ചത്. പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ നീളുന്ന ചെറിയ വഴി. പോകുന്ന വഴിയിൽ അഭിമന്യുവിന്‍റെ കുടുംബത്തിന് വേണ്ടി ഉയരുന്ന പുതിയ വീട് കണ്ടു. കെട്ടിടത്തിന്റെ വാർപ്പ് കഴിഞ്ഞു. ബാക്കി പണികൾ പുരോഗമിക്കുന്നു. അവിടുന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ് അഭിമന്യുവിന്‍റെ വീട്.
റോഡിന് താഴെ കൃഷിയിടങ്ങളാണ്. കൊട്ടക്കമ്പൂരിലെത്തുന്നതിന് തൊട്ടുമുമ്പ് ഒരു സംഘം ചെറുപ്പക്കാർ ബൈക്കുകളിൽ വരുന്നത് കണ്ടു. അഭിമന്യുവിന്‍റെ വീട്ടിൽ നിന്നുള്ള വരവാണ്. കഴിഞ്ഞ എത്രയോ മാസങ്ങളായി കൊട്ടക്കമ്പൂരുകാർക്ക് പരിചിതമാണ് ഈ കാഴ്ച. അവന്‍റെ വീട് തേടി എവിടെ നിന്നൊക്കെയോ എത്തുന്ന ചെറുപ്പക്കാരും പാർട്ടി പ്രവർത്തകരും.
advertisement
കൊട്ടക്കമ്പൂരിലെത്തി. തീരെ ചെറിയ ഒരു ഗ്രാമം. ചോദിക്കും മുമ്പേ കടത്തിണ്ണയിൽ ഇരുന്ന ഒരു വൃദ്ധൻ കൈ ചൂണ്ടി. ആ ചായക്കടയ്ക്ക് ചേർന്നുള്ള വഴിയിലൂടെ. നിരനിരയായി വീടുകൾ. വീടുകളെന്ന് പറഞ്ഞാൽ ചെറിയ ഒറ്റ മുറികൾ. ഇടതുവശത്ത് ഒരു ചുമരിലെ പോസ്റ്ററിൽ ചിരിച്ച് ഉദിച്ച് നിൽക്കുന്നു അഭിമന്യു. ആ വീട്ടിലേക്ക് കയറി. വീടെന്ന് നമ്മളൊക്കെ പറഞ്ഞും പരിചയിച്ചുമുള്ള അന്തരീക്ഷമൊന്നുമല്ല. ഒരൊറ്റ മുറി. അതിലെ ചുവരിനോട് ചേർന്ന് ഒരു കട്ടിൽ. രണ്ട് മണ്ണടുപ്പുകൾ. ചുവര് നിറയെ പാത്രങ്ങൾ നിരത്തി വച്ചിരിക്കുന്നു. പാത്രങ്ങൾക്കിടയിൽ അഭിമന്യുവിന്‍റെ ഫോട്ടോകൾ. ഊണും ഉറക്കവും എല്ലാം ആ ചെറിയ മുറിയിലാണ്. തറയിൽ വിരിച്ച പായിൽ പൂവതിയിരിക്കുന്നു, അവന്‍റെ അമ്മ.
advertisement

അഭിമന്യുവിന്‍റെ വീടിന്‍റെ മുൻഭാഗം
'നാൻ പെറ്റ മകനേ'യെന്ന് നെഞ്ചുകീറി വിളിച്ച് അവന്‍റെ മൃതദേഹത്തിലേക്ക് വീണ ആ അമ്മ. ആ കണ്ണുനീർ ഇനിയും തോർന്നിട്ടില്ല. അഭിമന്യുവിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയതൊക്കെ കരച്ചിലിലാണ് എത്തിനിന്നത്. കൗസല്യയാണ് സംസാരിച്ചത്, അഭിമന്യുവിന്‍റെ ചേച്ചി. തീർത്ഥാടകരെപ്പോലെ ആ ഒറ്റമുറി വീട്ടിലേക്കെത്തുന്ന എല്ലാവരോടും സംസാരിക്കുന്നത് കൗസല്യയാണ്. അവന്‍റെ പ്രായത്തിലുള്ള കുട്ടികൾ ആ വീട്ടിലേക്ക് എത്തുമ്പോൾ അവൻ വരുന്നത് പോലെ തോന്നുമെന്ന് കൗസല്യ. അവന് നിറയെ സ്വപ്നങ്ങളുണ്ടായിരുന്നു. പെൺകുട്ടികളെ പഠിക്കാൻ വിടുന്നതിന് പകരം ജോലിക്ക് വിടുന്നവരോട് മക്കളെ പഠിപ്പിക്കണമെന്ന് പറയുമായിരുന്നു.
advertisement

അഭിമന്യൂവിന്‍റെ കുടുംബത്തിനു വേണ്ടി പുതുതായി പണി കഴിപ്പിക്കുന്ന വീട്
ചേച്ചിയുടെ കല്യാണത്തിന് കൂട്ടുകാരെയൊക്കെ നാട്ടിൽ കൂട്ടിക്കൊണ്ടു വരാൻ കൊതിച്ചിരുന്ന അനിയൻ. കൗസല്യ അവനെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. വീട്ടിൽ വന്നാൽ തിരിച്ച് കോളേജിലേക്ക് ഓടാൻ തിരക്ക് കൂട്ടിയിരുന്ന അനിയൻ ഇനി തിരിച്ച് വരില്ലെന്ന സത്യം കൗസല്യ ഉൾക്കൊണ്ടിരിക്കുന്നു. കണ്ണീര് വറ്റാത്ത അമ്മയുടെ ദുഖത്തിന് കൗസല്യക്ക് മറുപടിയില്ല.
advertisement
അടുത്ത മാസം കൗസല്യയുടെ കല്യാണമാണ്. അഭിമന്യു ഏറെ ആഗ്രഹിച്ചിരുന്ന ഒരു ദിവസം. അഭിമന്യുവിന്‍റെ കൂട്ടുകാരും ആ നാടും അന്ന് വട്ടവടയിലുണ്ടാകും. യാത്ര പറഞ്ഞിറങ്ങി, പൂവതിയുടെ കണ്ണീർ തോർന്നിട്ടില്ല, തിരികെ നടന്നു. കൈചൂണ്ടി വഴി കാണിച്ച ആ വൃദ്ധൻ അവിടെത്തന്നെയുണ്ടായിരുന്നു. പോകട്ടേ, എന്ന് ചോദിച്ചപ്പോൾ തലയാട്ടി അയാൾ പറഞ്ഞു, 'ആളുകൾ ഇനിയും വരും....അവനൊരു പാവമായിരുന്നു.."
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 4:57 PM IST