'മുഖ്യമന്ത്രി നുണയൻ, പിണറായി ഭരണത്തിൽ തുടരുന്നത് മോദിയുടേയും അമിത് ഷായുടേയും അനുഗ്രഹത്താൽ': എ കെ ആന്റണി
Last Updated:
പി എസ് സി യെ നോക്കു കുത്തിയാക്കിയതും പി എസ് സി യെ പാർട്ടി കമ്മിഷനാക്കിയതും ചെറുപ്പക്കാർ മറക്കുമോയെന്നും അവരുടെ പ്രതികാരം വോട്ടിലൂടെ ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനും എതിരെ രൂക്ഷ വിമർശനങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മുഖ്യമന്ത്രി നുണയനാണെന്നും ആഴക്കടൽ കരാറിലും സ്വർണക്കടത്തിലും മുഖ്യമന്ത്രി പറയുന്നത് കള്ളമാണെന്നും എ കെ ആന്റണി പറഞ്ഞു. പിണറായി ഭരണത്തിൽ തുടരുന്നത് മോദിയുടേയും അമിത് ഷായുടേയും അനുഗ്രഹത്താലാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന് എതിരെയും ബി ജെ പിക്ക് എതിരെയും ആന്റണി ആരോപണങ്ങൾ ഉന്നയിച്ചത്.
കേരളത്തിൽ ഇടതിന്റെ തുടർഭരണം ഉണ്ടായാൽ അത് സംസ്ഥാനത്ത് നാശം വിതയ്ക്കും. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമുദ്ര. പിണറായി സർക്കാരിന് തുടർ ഭരണം നൽകിക്കൂടാ. അങ്ങനെ സംഭവിച്ചാൽ അത് കേരളത്തിന് ആപത്ത്. മുഖ്യമന്ത്രിയുടെ കാർക്കശ്യം പോയി.മന്ത്രിമാർ മര്യാദരാമന്മാരായി. മുഖം മിനുക്കലിൽ വോട്ടർമാർ വഞ്ചിതരാകരുത്. ഇത് അക്കരെ കടക്കാനുള്ള തന്ത്രമാണെന്നും അഞ്ചു വർഷം തലക്കനം, ആഢംബരം, ധൂർത്ത്, സർവത്ര അഴിമതി ഇതായിരുന്നു പിണറായി ഭരണത്തിന്റെ മുഖമുദ്രയെന്നും ആന്റണി പറഞ്ഞു. ശബരിമലയിൽ എല്ലാവരുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഈ നിലപാട് നേരത്തേ എടുത്തെങ്കിൽ കേരളത്തിന് ഇത്ര നാശമുണ്ടാകുമായിരുന്നോയെന്നും ആന്റണി ചോദിച്ചു. വോട്ടർമാർ ഇതു മറക്കുമോയെന്നും ഇപ്പോൾ എത്ര മാറ്റി പറഞ്ഞാലും വോട്ടർമാർ മാപ്പു തരില്ലെന്നും നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും ആന്റണി പറഞ്ഞു.
advertisement
ശബരിമല വിഷയത്തിലെ പിണറായി സർക്കാരിന്റെ നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്ന് എ കെ ആന്റണി പറഞ്ഞു. പമ്പ മുതൽ മാക്കൂട്ടം വരെ നൂറു കണക്കിന് പൊലീസുകാരുടെ അകമ്പടിയിൽ സന്നിധാനത്ത് യുവതികളെ എത്തിക്കാൻ സർക്കാർ ശ്രമിച്ചു. ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തൻമാരുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പിണറായി എത്ര മാറ്റിപ്പറയാൻ ശ്രമിച്ചാലും ശബരിമലയിൽ നടന്ന സംഭവങ്ങൾ വിശ്വാസികൾ മറക്കില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.
advertisement
വനിതാ പ്രാതിനിധ്യം കുറഞ്ഞത് ആരോപണമല്ലെന്നും
സത്യമാണെന്നും ഇനി അത് ആവർത്തിക്കില്ലെന്നും ആന്റണി വ്യക്തമാക്കി. കൃപേഷിന്റെയും ശരത് ലാലിന്റെയും ശുഹൈബിന്റെയും കൊലപാതകത്തിന് മാപ്പില്ലെന്നും അമ്മമാരും സഹോദരിമാരും ഇത് മറക്കില്ലെന്നും നിങ്ങൾക്ക് വിധിച്ചിട്ടുള്ളത് രാഷ്ട്രീയ വനവാസം ആണെന്നും ആന്റണി പറഞ്ഞു. സുപ്രീം കോടതി വരെ പോയ സർക്കാർ അവർക്ക് നീതി നിഷേധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി എസ് സി യെ നോക്കു കുത്തിയാക്കിയതും പി എസ് സി യെ പാർട്ടി കമ്മിഷനാക്കിയതും ചെറുപ്പക്കാർ മറക്കുമോയെന്നും അവരുടെ പ്രതികാരം വോട്ടിലൂടെ ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2021 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി നുണയൻ, പിണറായി ഭരണത്തിൽ തുടരുന്നത് മോദിയുടേയും അമിത് ഷായുടേയും അനുഗ്രഹത്താൽ': എ കെ ആന്റണി