HOME » NEWS » Kerala » ANANYA KUMARI WAS HANGED SAYS POST MORTEM REPORT AR TV

അനന്യയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ചികിത്സാപിഴവുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന

ഒരു വര്‍ഷം മുമ്പ് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവുകളെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു

News18 Malayalam | news18-malayalam
Updated: July 22, 2021, 5:35 PM IST
അനന്യയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ചികിത്സാപിഴവുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന
anannyah kumari alex
  • Share this:
കൊച്ചി: ട്രാന്‍സ്ജൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോട്ടത്തില്‍ പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടോയെന്നറിയാന്‍ മെഡിക്കല്‍ രേഖകളടക്കം പരിശോധിയ്ക്കും. കളമശേരി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെയും ഫോറന്‍സിക സര്‍ജന്റെയും നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പ്രാഥമിക റിപ്പോര്‍ട്ടുകളനുസരിച്ച് അനന്യയുടേത് തൂങ്ങിമരണം തന്നെയെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിയ്ക്കുന്നത്. മരണവുമായി ബന്ധപ്പെട്ട മറ്റ് ദുരൂഹതകള്‍ ഇല്ലെന്നാണ് സൂചന. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വീഴ്ചയുണ്ടോയെന്ന കണ്ടെത്താന്‍ വിശദമായ പരിശോധനകള്‍ നടത്തും. മെഡിക്കല്‍ രേഖകളും പരിശോധിയ്ക്കുമെന്ന് പോലീസ് അറിയിച്ചു.

രാവിലെ എട്ടുമണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അന്തിമോപചാരമര്‍പ്പിയ്ക്കുന്നതിനായി ആലുവയില്‍ സുഹൃത്ത് രഞ്ജു രഞ്ജിമാറിന്റെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിനുവെച്ചു. ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനായിരുന്നു ആലോചനയെങ്കിലും കൊവിഡ് പ്രോട്ടോകള്‍ നിലനില്‍ക്കുന്നതിനാല്‍ വെട്ടിച്ചുരുക്കി.

കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ചൊവ്വാഴ്ച വൈകിട്ടാണ് അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പ് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവുകളെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. കൊച്ചി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയ്ക്ക് പിന്നില്‍ ട്രാന്‍സ് ജെൻഡർ സമൂഹം പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

2020 ജൂണിലായിരുന്നു അനന്യ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടത്. 'ദിവസം പന്ത്രണ്ട് പ്രാവശ്യം പാഡ് മാറ്റേണ്ടിവരും. എപ്പോഴും ഒരു ദ്രാവകം വന്നുകൊണ്ടിരിക്കും. വജൈന വെട്ടിമുറിച്ചതുപോലെയാണ്. മൂത്രം പിടിച്ചുവെക്കാൻ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ്' - അനന്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

റെനൈ മെഡിസിറ്റിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. 2,55,000 രൂപയോളം ചെലവായി. കുടലിൽ നിന്ന് ഒരു ഭാഗം എടുത്ത് യോനി നിർമിക്കുന്ന രീതിയിലായിരുന്നു സര്‍ജറി. ഇത് കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ തന്നെ പ്രശ്നങ്ങൾ തുടങ്ങി. വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണ്ടും വയറൊക്കെ കുത്തിക്കീറി സർജനറി നടത്തി. വെട്ടിമുറിച്ച പോലെയായിരുന്നു വജൈന ഉണ്ടായിരുന്നത്. ശസ്‍ത്രക്രിയക്ക് ശേഷം തനിക്ക് ജോലി ചെയ്യാനോ ചുമയ്ക്കാനോ തുമ്മാനോ കഴിയാത്ത അവസ്ഥയായിരുന്നു -അനന്യ പറയുന്നു.

Also Read- അനന്യ കുമാരിയുടെ മരണം: ചികിത്സാ പിഴവ് ഇല്ലെന്ന് ആശുപത്രിയുടെ വിശദീകരണം

ആരോഗ്യമന്ത്രിയോട് സംസാരിച്ചപ്പോള്‍ നോക്കാം, ഡോക്ടര്‍മാരോട് സംസാരിക്കാം എന്നുപറഞ്ഞ് കൈയൊഴിഞ്ഞുവെന്നും ശൈലജ ടീച്ചറായിരുന്നു ആരോഗ്യമന്ത്രിയെങ്കില്‍ അടിയന്തരമായി നടപടിയെടുത്തേനെയെന്നും അനന്യ മരണത്തിന് മുമ്പ് പറഞ്ഞു. അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തി‍യിട്ടുണ്ട്. ഡോക്ടറുടെ പിഴവാണ് മരണകാരണമെന്ന് ഇവർ ആരോപിക്കുന്നു.

അനന്യകുമാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി റെനൈ മെഡിസിറ്റി രംഗത്തെത്തിയിരുന്നു. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിത്സയില്‍ സംഭവിച്ചിട്ടില്ലെന്നും  ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി അത് അനന്യയെ ബോധ്യപ്പെടുത്തുകയും ചെയ്തതാണെന്നും റെനൈ മെഡിസിറ്റി വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി.
Published by: Anuraj GR
First published: July 22, 2021, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories