നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • President Ram Nath Kovid | മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

  President Ram Nath Kovid | മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

  ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ കാറിന് മുന്നിലായി കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു

  President_Mayor

  President_Mayor

  • Share this:
   തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ (President Ram Nath Kovind) കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ കാർ കയറ്റാന്‍ ശ്രമിച്ചുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്. വ്യാഴാഴ്ച രാവിലെ 11.05 നാണ് രാഷ്ട്രപതി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പി എൻ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാൻ പൂജപ്പുരയിലേക്ക് പോകും വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്.

   വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാൻ മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയര്‍ വിവിഐപി വാഹനവ്യൂഹത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

   വിമാനത്താവളത്തിൽ നിന്ന് തിരിച്ച രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്‍റ് സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം മേയറുടെ വാഹനം സഞ്ചരിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ കാറിന് മുന്നിലായി കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. കേന്ദ്ര ഇന്‍റലിജന്‍സ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

   അതേസമയം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവതരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് അന്യവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ്. മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതിലെ പ്രോട്ടോകോള്‍ ലംഘനം മനസിലാവാത്തത് മേയര്‍ക്ക് മാത്രമാണ്. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വലിയ വീഴ്ചയാണ് വരുത്തിയത്. അദ്ദേഹത്തിന്റെ വാഷ്‌റൂമില്‍ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവത്തെ കുറിച്ച്‌ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രന്‍ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

   അതേസമയം കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡൽഹിയിലേക്ക് മടങ്ങി പോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം വ്യാഴാഴ്ച ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു. ദർശനത്തിന് ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയിൽ വച്ച് ക്ഷേത്രം ട്രസ്റ്റി അംഗങ്ങൾ അദ്ദേഹത്തിന് ഉപഹാരങ്ങൾ സമ്മാനിച്ചു.
   Published by:Anuraj GR
   First published: