• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെ.എം. മാണിയുടെ ബാർ കോഴ ഒത്തുതീർപ്പാക്കാൻ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു': ബിജു രമേശ്

'കെ.എം. മാണിയുടെ ബാർ കോഴ ഒത്തുതീർപ്പാക്കാൻ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു': ബിജു രമേശ്

താൻ ഉന്നയിച്ച പുതിയ വെളിപ്പെടുത്തലുകൾ തെറ്റാണെന്ന് തെളിഞ്ഞാൽ 10കോടി അങ്ങോട്ട് നൽകാമെന്നാണ് ബിജു രമേശിന്റെ വാഗ്ദാനം

ബിജു രമേശ്

ബിജു രമേശ്

  • Share this:
    ബാർകോഴ ഒത്തുതീർപ്പാക്കാൻ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ബിജു രമേശ്. ബാർ കോഴയിൽ കേരള കോൺഗ്രസിൻറെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ്  ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകൾ. കെ.എം. മാണിയെ ലക്ഷ്യംവെച്ച് അന്ന്  രംഗത്തിറങ്ങിയ ബാർ ഉടമ ബിജു രമേശ് ജോസ് കെ. മാണിക്കെതിരെ ആഞ്ഞടിച്ചു.

    ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ്  ബിജു രമേശിന്റെ തുറന്നുപറച്ചിൽ . ജോൺ കല്ലാട്ട് മുഖേനയാണ് അന്ന് ഈ വാഗ്ദാനം മുന്നോട്ടു വച്ചത്. അന്ന് കൈവശമുണ്ടായിരുന്ന ശബ്ദരേഖ വിജിലൻസിന് കൈമാറിയിരുന്നു. പക്ഷേ നടപടിയൊന്നും ഉണ്ടായില്ലെന്നും ബിജു രമേശ് പറയുന്നു.

    പത്തുകോടി രൂപ വാഗ്ദാനത്തിനൊപ്പം മാധ്യമങ്ങളിലൂടെ എന്തു പറയണം എന്നും ജോസ് കെ. മാണി നിർദേശിച്ചു. ഇ-മെയിലായി ഇത് അയച്ചു തന്നു. കർഷകരുടെ വികാരത്തെക്കാൾ ജോസ് കെ. മാണിക്ക് അറിയുന്നത് കച്ചവടക്കാരുടെ വികാരമാണെന്ന് ബിജു രമേശ് തുറന്നടിച്ചു. അതുകൊണ്ട് കച്ചവടക്കാർക്കും ജോസ് കെ. മാണിയെ ഇഷ്ടമാണ്. കാശുമായി ചെന്ന് കാര്യം പറഞ്ഞാൽ സാധിക്കും.

    ഉപദ്രവയ്ക്കരുതെന്ന് പല തവണ ജോസ് പറഞ്ഞു. രാധാകൃഷ്ണപിള്ള മുഖേനെ രണ്ടാമതും തന്നെ ബന്ധപ്പെട്ടു. ഒടുവിൽ ആരോപണം പിൻവലിക്കാൻ ജോസ് കെ. മാണി നേരിട്ടും തന്നോട് അഭ്യർത്ഥിച്ചു. പരാതി നൽകിയവരെ സ്വാധീനിക്കുന്നത് കുറ്റമാണ്. ഇനിയായാലും ഇതിൻറെ പേരിൽ നിയമനടപടികൾക്ക് തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞു. ബാർ കോഴ വിവാദം വന്നതിൻറെ രണ്ടാം നാൾ ജോൺ കല്ലാട്ട് മുഖേന ജോസ് കെ. മാണി പലതവണ ബന്ധപ്പെട്ടു.  ആദ്യം പണം വാഗ്ദാനം ചെയ്തു, പിന്നീട് ഭീഷണിപ്പെടുത്തി, ഒടുവിൽ വധഭീഷണി വരെ മുഴക്കി എന്നും ബിജു രമേശ് പറഞ്ഞു.



    ബാർ കോഴ : കോൺഗ്രസ് ഗൂഢാലോചനയെന്ന വിമർശനത്തിന് മറുപടി

    ബാർ കോഴ വിവാദം രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും നടത്തിയ ഗൂഢാലോചനയാണെന്നും, ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നുവെന്നുമാണ് കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് . കോൺഗ്രസ് സർക്കാരാണ് തന്നെ ഏറ്റവുമധികം വേട്ടയാടിയത് എന്നാണ് ഈ ആരോപണത്തിൽ ബിജു രമേശിന്റെ പ്രതിരോധം. അടൂർ പ്രകാശുമായി കുടുംബപരമായ അടുപ്പം മാത്തമാണ്. തനിക്കെതിരെ കോടിക്കണക്കിന് രൂപയാണ് കേസിന് കഴിഞ്ഞ  സർക്കാർ ചെലവഴിച്ചത്. തന്റെ അസ്ഥിവാരം തോണ്ടുമെന്ന്  കെ. ബാബു ഗോകുലം ഗോപാലനോട് പറഞ്ഞിരുന്നുവെന്നും ബിജു രമേശ് വ്യക്തമാക്കി.

    എൽഡിഎഫിനെതിരെയും ബിജു രമേശ്

    ഇടത് മുന്നണിയുടെ മേൻമ കണ്ടല്ല ജനം വോട്ട് ചെയ്ത് അധികാരത്തിൽ എത്തിച്ചത്. യൂ.ഡി.എഫിന്റെ അഴിമതിയിൽ മടുത്തത് കൊണ്ടാണ്. നാറിയവനെ പേറിയാൽ ചുമന്നവനും നാറും എന്നൊരു ചൊല്ലുണ്ട്. അത് എൽ.ഡി.എഫ്. ഓർക്കണമെന്നും ബിജു രമേശ് പറഞ്ഞു. ജോസ് കെ. മാണിയെ കൂടെ കൂടിയത് കൊണ്ട് നേട്ടം ഉണ്ടാകില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ വർക്കലയിൽ മത്സരിക്കുമോ എന്ന് എൽ.ഡി.എഫ്. ചോദിച്ചിരുന്നു. ഏരിയാ സെക്രട്ടറിമാർ മുഖേന മുന്നോട്ടുവച്ച വാഗ്ദാനം താൻ നിരസിച്ചെന്നും ബിജു രമേശ് വെളിപ്പെടുത്തി.

    അച്ഛൻറെ മരണസമയത്ത് കൊടിയേരി ബാലകൃഷ്ണനും വി. ശിവൻകുട്ടിയും വീട്ടിൽ വന്നിരുന്നു. ബാർ കോഴ വിവാദം ഇല്ലായിരുന്നുവെങ്കിൽ കെ.എം. മാണി എൽഡിഎഫിൽ എത്തി മുഖ്യമന്ത്രിയായേനെ എന്ന് കൊടിയേരി അന്ന് പറഞ്ഞിരുന്നതായും ബിജു രമേശ് ഓർക്കുന്നു. എൽഡിഎഫിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇനി ഇല്ലെന്നും ബിജു രമേശ് വ്യക്തമാക്കി.

    എൽ.ഡി.എഫ്. സർക്കാർ വന്ന ശേഷം ഇതുവരെ പിരിവ് നടത്തിയിട്ടില്ല. ജോസ് കെ. മാണിയെ പോലുള്ളവർ വന്നാൽ ഇനി എങ്ങനെയാണ് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കും. താൻ ഉന്നയിച്ച പുതിയ വെളിപ്പെടുത്തലുകൾ തെറ്റാണെന്ന് തെളിഞ്ഞാൽ 10കോടി അങ്ങോട്ട് നൽകാമെന്നാണ് ബിജു രമേശിന്റെ വാഗ്ദാനം.
    Published by:user_57
    First published: