ചന്ദ്രിക ന്യൂസ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ബുധനാഴ്ച രാവിലെ 10 മണിയോടെ നേമം കാരയ്ക്കാമണ്ഡപത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്
തിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ (58) വാഹനാപകടത്തില്‍ മരിച്ചു. ഗോപകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ബുധനാഴ്ച രാവിലെ 10 മണിയോടെ നേമം കാരയ്ക്കാമണ്ഡപത്തിനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരിക്കേറ്റു. ഗോപകുമാറിന്റെ ഭൗതികശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കെ ഗോപകുമാറിന്റെ ഭൗതിക ദേഹം വ്യാഴാഴ്ച രാവിലെ 10 മുതല്‍ 10.30 വരെ തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും . 11 മണിയോടെ കല്ലിയൂര്‍ കാക്കാമൂലയിലെ വസതിയായ രോഹിണി നിവാസിലെത്തിക്കും. 12.30 ന് വീട്ടുവളപ്പില്‍ സംസ്‌കാരം.
ഗോപനില്ലാത്ത പത്രഫോട്ടോഗ്രാഫർമാരുടെ സംഘത്തെ കുറിച്ച് ആലോചിക്കാനാകുന്നില്ല- വി ഡി സതീശൻ
ചന്ദ്രിക ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാറിന്റെ ആകസ്മിക വിയോഗം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗോപന്‍ ഇല്ലാത്ത സെക്രട്ടേറിയറ്റിനും പ്രസ് ക്ലബ്ബിനും മുന്നിലെ പത്രഫോട്ടോഗ്രാഫര്‍മാരുടെ സംഘത്തെ കുറിച്ച് ആലോചിക്കാനാകുന്നില്ല. തിരുവനന്തപുരത്തെ എല്ലാ പരിപാടികളിലും ഗോപനെ കാണാറുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് അവസാനമായി കണ്ടത്. എല്ലാവരോടും സൗമ്യമായി ഇടപഴകുന്ന വ്യക്തിത്വം. പരിചയപ്പെടുന്നവരാരും ഗോപനെ മറക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. വിയോഗം താങ്ങാനുള്ള കരുത്ത് എല്ലാവര്‍ക്കും ഉണ്ടാകട്ടെ. കുടുംബാഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍- വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 07, 2026 1:24 PM IST






