HOME /NEWS /Kerala / ബുറേവി ചുഴലിക്കാറ്റ്: അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബുറേവി ചുഴലിക്കാറ്റ്: അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

മഴയ്ക്ക് ശേഷമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ കൊതുകുജന്യ രോഗങ്ങള്‍ ഉള്‍പ്പെടെ പലവിധ സാംക്രമിക രോഗങ്ങള്‍ക്കിടയാക്കാന്‍ സാധ്യതയുണ്ട്. അതു മനസ്സിലാക്കി വീടിനും ചുറ്റും, പറമ്പിലും, പൊതുവിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കണം.

കൂടുതൽ വായിക്കുക ...
 • News18
 • 3-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ എല്ലാവരും അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് ബുറേവി ചുഴലിക്കാറ്റ് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോട് വിശദീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ 3-ാം തീയതി മുതല്‍ 5-ാം തീയതി വരെ ഇത് തുടരുമെന്നാണ് കരുതുന്നതെന്നും കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

  You may also like:'പാതി നഗ്നരായി പൂജാരിമാർ നിൽക്കുമ്പോൾ ഭക്തർ എന്തിന് മാന്യമായി വസ്ത്രം ധരിക്കണം' - തൃപ്തി ദേശായി [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]

  മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്,

  'ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അല്‍പസമയം മുമ്പ് സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോട് വിശദീകരിച്ചു.

  കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കന്‍ തമിഴ്നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ നിലവിലെ പ്രവചനം അനുസരിച്ച് ഡിസംബര്‍ 4ന് പുലര്‍ച്ചെ തെക്കന്‍ തമിഴ്നാട്ടില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി തന്നെ കേരളത്തിലേക്കും പ്രവേശിക്കാനിടയുണ്ട്.

  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ 3-ാം തീയതി മുതല്‍ 5-ാം തീയതി വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

  ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ 3ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഡിസംബര്‍ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം.

  ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്.

  ഡിസംബര്‍ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

  എന്‍ഡിആര്‍എഫിന്‍റെ എട്ട് ടീമുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എയര്‍ഫോഴ്സിന്‍റെ സജ്ജീകരണങ്ങള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ എയര്‍ഫോഴ്സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനകം യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  നെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ടായേക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്നു.

  നിലവില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, അരുവിക്കര; കൊല്ലം ജില്ലയിലെ കല്ലട; ഇടുക്കി ജില്ലയിലെ മലങ്കര, കുണ്ടള; പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി; വയനാട് ജില്ലയിലെ കാരാപ്പുഴ എന്നീ ഡാമുകള്‍ തുറന്നുവിട്ടിട്ടുണ്ട്.

  എല്ലാ ജില്ലകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്നുകഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നിട്ടുണ്ട്.

  പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഭയാശങ്ക വേണ്ടതില്ല. അസാധാരണമായ ചുഴലിക്കാറ്റ് രൂപീകരണം ആയതുകൊണ്ടുതന്നെ കൃത്യമായ സഞ്ചാരപഥത്തെ കുറിച്ച് കൂടുതല്‍ വ്യക്തത അടുത്ത മണിക്കൂറുകളില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത സംസ്ഥാനത്ത് ആവശ്യമാണ്. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.

  ചുഴലിക്കാറ്റ് കാരണം മാറ്റി പാര്‍പ്പിക്കേണ്ടി വരുന്നവര്‍ക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ആകെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

  ശക്തമായ കാറ്റുമൂലം മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍, പോസ്റ്റുകള്‍, വൈദ്യുത ലൈനുകള്‍ തുടങ്ങിയവ പൊട്ടിവീണുമുള്ള അപകടങ്ങളെയും പ്രതീക്ഷിക്കണം. ഇത്തരത്തിലുള്ള എല്ലാ അപകട സാധ്യതകളും മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് സ്വീകരിക്കേണ്ടത്. മരച്ചുവട്ടില്‍ നില്‍ക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഷീറ്റുകള്‍ ബലപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

  മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കില്‍ റേഡിയോ, ചാര്‍ജ്ജ് ചെയ്ത മൊബൈലുകള്‍, മരുന്ന്, അത്യാവശ്യ ആഹാര സാധനങ്ങള്‍ എന്നിവ കരുതണം. വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം. സഹായത്തിനായി കണ്‍ട്രോള്‍ റൂമിലെ 1077 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കും.

  പത്തനംതിട്ട ജില്ലക്ക് അതിതീവ്ര മഴക്കും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാല്‍ ചുഴലിക്കാറ്റ് കടന്നുപോകുന്നത് വരെ ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് ഇത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ഡിസംബര്‍ 3 മുതല്‍ 5 വരെ തീയതികളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. സ്കൂളുകളും കോളേജുകളും ഇപ്പോള്‍ തന്നെ അവധിയിലാണ്. ജാഗ്രത പാലിച്ചുകൊണ്ട് തദ്ദേശസ്വംയഭരണ തെരഞ്ഞെടുപ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതാണ്.

  പ്രകൃതിക്ഷോഭത്തിന്‍റെ ഘട്ടത്തില്‍ ആരോഗ്യ സംവിധാനങ്ങളും അവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. പല സര്‍ക്കാര്‍ ആശുപത്രികളും കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന ഈ ഘട്ടത്തില്‍, തൊട്ടടുത്തുള്ള മറ്റു ആരോഗ്യകേന്ദ്രങ്ങളുമായി കൈകോര്‍ത്തുകൊണ്ട് അവയുടെ സൗകര്യങ്ങളും കൂടെ ഉപയോഗിച്ചുകൊണ്ട് ഈ പ്രകൃതിക്ഷോഭത്തെ നേരിടാന്‍ സജ്ജമാവുകയാണ്.

  അപകടങ്ങള്‍ രൂക്ഷമാകാന്‍ സാധ്യത കൂടുതലുള്ള, നേരത്തെ ദുരന്തമുണ്ടായ സ്ഥലങ്ങളിലും സമാന സാഹചര്യമുള്ള സ്ഥലങ്ങളിലും പ്രത്യേകമായ ശ്രദ്ധ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്. അത്തരം സ്ഥലങ്ങള്‍ കണ്ടെത്താനും വേണ്ട ഒരുക്കങ്ങള്‍ നടത്താനും ആരോഗ്യസംവിധാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

  ആരോഗ്യസംവിധാനങ്ങളും ആരോഗ്യപ്രവര്‍ത്തകരും കോവിഡിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായുള്ള ഒരു സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോഴും കടന്നുപോയ്ക്കോണ്ടിരിക്കുന്നത്. ഒരു പ്രകൃതിക്ഷോഭം സൃഷ്ടിക്കാവുന്ന അധിക ഉത്തരവാദിത്വം അവരുടെ തൊഴില്‍ സാഹചര്യത്തെ കൂടുതല്‍ ദുഷ്കരമാക്കാനിടയുണ്ട്. അതിനാല്‍ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള വിട്ടുവീഴ്ചയില്ലാത്ത മുന്‍കരുതല്‍ വളരെ പ്രധാനമാണ്.

  മഴയ്ക്ക് ശേഷമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ കൊതുകുജന്യ രോഗങ്ങള്‍ ഉള്‍പ്പെടെ പലവിധ സാംക്രമിക രോഗങ്ങള്‍ക്കിടയാക്കാന്‍ സാധ്യതയുണ്ട്. അതു മനസ്സിലാക്കി വീടിനും ചുറ്റും, പറമ്പിലും, പൊതുവിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കണം.

  സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളെയെല്ലാം നമുക്ക് നേരിടാനായത് സര്‍ക്കാരിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളും സഹകരിക്കുകയും യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ്. ഇത്തരമൊരു യോജിപ്പും കൂട്ടായ പ്രവര്‍ത്തനവും ഈ ഘട്ടത്തിലും ഉണ്ടാകേണ്ടതുണ്ട്. ജനങ്ങളെ ബാധിക്കുന്ന പൊതുവായ പ്രശ്നം എന്ന നിലയില്‍ കണ്ടുകൊണ്ട് ഇടപെടാനും സാധിക്കണം. വരാന്‍ സാധ്യതയുള്ള ഈ ചുഴലിക്കാറ്റിനെ മറികടക്കാന്‍ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം.'

  First published:

  Tags: Burevi Cyclone, Burevi Cyclone live, Burevi Cyclone map, Burevi meaning, What is Burevi Cyclone