HOME /NEWS /Kerala / ആറംഗ ആദിവാസികുടുംബം ചക്ക കഴിച്ചത് ഭക്ഷണമില്ലാതെയോ? പൊരുത്തമില്ലാതെ മന്ത്രിമാരുടെ വിശദീകരണം

ആറംഗ ആദിവാസികുടുംബം ചക്ക കഴിച്ചത് ഭക്ഷണമില്ലാതെയോ? പൊരുത്തമില്ലാതെ മന്ത്രിമാരുടെ വിശദീകരണം

 മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

  • Share this:

    പത്തനംതിട്ട: ളാഹ മഞ്ഞത്തോടുള്ള ആദിവാസി സഹോദരങ്ങൾ ഭക്ഷ്യധാന്യമില്ലാതെ ചക്ക കഴിക്കുന്നുവെന്ന വാർത്ത ചിത്രങ്ങൾ സഹിതം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര ഇടപെടലിൽ ഭക്ഷ്യ ധാന്യങ്ങൾ ഇവരുടെ വീട്ടിലെത്തിച്ചുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. എന്നാൽ, ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന വാദവുമായി പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ-മന്ത്രി കെ രാധാകൃഷ്ണനും രംഗത്ത് വന്നു. ഇരുമന്ത്രിമാരും പരസ്പര വിരുദ്ധമായ പ്രതികരണമാണ് വിഷയത്തിൽ നടത്തിയത്. ഇതിനിടെ, മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

    ഭക്ഷ്യമന്ത്രി ജി ആർ അനിൽ വെള്ളിയാഴ്ച അറിയിച്ചത്

    പത്തനംതിട്ട ജില്ലയിൽ ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി സഹോദരങ്ങളുടെ ദുരവസ്ഥ മനോരമ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടു. ഉടനെ തന്നെ ജില്ല സപ്ലൈ ഓഫീസറോട് സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ഇതേ തുടർന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസർ പ്രദേശത്ത് എത്തിച്ചേർന്ന് അവശ്യമായ ഭക്ഷ്യധാന്യങ്ങൾ ഈ കുടുംബങ്ങൾക്ക് നൽകി. അന്വേഷണത്തിൽ തങ്ക കേശവൻ, തങ്കമണി എന്നിവർക്ക് റേഷൻ കാർഡുണ്ട് (No:131*******8,131******7) ഈ കാർഡുകളിലെ റേഷൻ വിഹിതം ജൂൺ 21 ന് കൈപ്പറ്റിയിട്ടുണ്ട്. എന്നാൽ ഈ കുടുംബം ഒരാഴ്ചയോളം റാന്നി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഈ സമയത്ത് ഊരിൽ വന്യമൃഗ ആക്രമണം ഉണ്ടാവുകയും റേഷൻ സാധനങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു എന്ന് ബോധ്യപ്പെട്ടു. ഓരോ കുടുംബത്തിനും ഇന്ന് 41 കിലോ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.

    മന്ത്രി കെ രാധാകൃഷ്ണൻ ശനിയാഴ്ച അറിയിച്ചത്

    ഭക്ഷണമൊന്നും ലഭിക്കാത്തതിനാൽ ചക്ക പങ്കിട്ടു കഴിക്കുന്നു എന്ന രീതിയിൽ പത്തനംതിട്ട ജില്ലയിൽ നിന്നും ആറ് പട്ടികവർഗ്ഗക്കാരുടെ ചിത്രം വാർത്തയായി വന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇത് സംബന്ധിച്ച വിവരം ലഭ്യമാക്കുവാൻ ഉടൻ തന്നെ നിർദ്ദേശവും നൽകി.

    പത്തനംതിട്ട ജില്ലാ ട്രൈബൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്തുകയുണ്ടായി. ജില്ലയിൽ ളാഹയ്ക്കടുത്തുള്ള വനമേഖലകളിൽ താമസിക്കുന്നവരാണ് ഈ ആറ് പേരും. ഇവിടെ 261 പട്ടികവർഗ്ഗ കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 107 കുടുംബക്കാർ വനവിഭവ ശേഖരണാർത്ഥം അടിക്കടി വാസസ്ഥലങ്ങൾ മാറുന്ന ശീലം ഇപ്പോഴും ഉള്ളവരാണ്. ഉദ്യോഗസ്ഥ സംഘം വാർത്തയിൽ ഉണ്ടായിരുന്ന വ്യക്തികളുടെ വീടും സന്ദർശിച്ചു അവരുടെ അവസ്ഥ വിലയിരുത്തി. ഈ സ്ഥലത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങൾ കൃത്യമായി എത്തിച്ചേരുന്നുണ്ട്. പ്രസ്തുത കുടുംബത്തിൽ 60 കിലോ ധാന്യങ്ങൾ കരുതൽ ഉണ്ടായിരുന്നു.

    സംസ്ഥാനത്തെ ഊരുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് ഓരോ വീട്ടിലും എല്ലാ മാസവും 35 കി.ഗ്രാം ഭക്ഷ്യധാന്യങ്ങൾ വാതിൽപ്പടിയായി വിതരണം ചെയ്യുന്നുണ്ട്. കൂടാതെ 15 കി.ഗ്രാം ജയ അരി, ഒരു കി.ഗ്രാം വെളിച്ചെണ്ണ എന്നിവ അടക്കം 12 ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് പട്ടികവർഗ്ഗ വികസന വകുപ്പും നൽകുന്നുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ ഇവയുടെ വിതരണം കൃത്യസമയത്ത് തന്നെ നടത്തുകയും ചെയ്തിട്ടുണ്ട്.

    ഭക്ഷണമില്ലാത്തതിനാലാണ് അവർ വഴിയരികിൽ ഇരുന്ന് ചക്ക കഴിച്ചത് എന്ന വാർത്ത തികച്ചും വസ്തുതാവിരുദ്ധമാണ്. കേരളത്തിലെ ഒരു പ്രദേശത്തും ആദിവാസി ജനസമൂഹം പട്ടിണി അനുഭവിക്കാതിരിക്കുന്നതിനുള്ള എല്ലാ ഇടപെടലുകളും സർക്കാർ നടത്തിയിട്ടുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന വാർത്തയെ തുടർന്ന് ബഹു.മന്ത്രിമാരായ ശ്രീമതി. വീണ ജോർജ് , ശ്രീ.ജി.ആർ അനിൽ , റാന്നി എം.എൽ.എ ശ്രീ. പ്രമോദ് നാരായണൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ, പത്തനംതിട്ട ജില്ലാ കളക്ടർ എന്നിവരുമായി സംസാരിച്ചു.

    പിന്നാക്കം നിൽക്കുന്ന ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ സർക്കാർ സ്വീരിച്ചുവരികയാണ്. ഈ ജനവിഭാഗത്തിന് പിന്തുണ നൽകേണ്ടത് പൊതു സമൂഹമാണെന്നിരിക്കെ, ശരിയായ അന്വേഷണം നടത്താതെ തെറ്റായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ യഥാർത്ഥത്തിൽ ഈ ജനവിഭാഗങ്ങളോട് അനീതി കാണിക്കുകയാണ്.

    ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

    ശബരിമല പാതയിൽ ളാഹയിലെ വഴിയരികിൽ ആഹാരം തേടിയിറങ്ങിയ കുടുംബം മഴയത്തു പച്ച ചക്ക പങ്കിട്ടു കഴിക്കുന്ന ദുരവസ്ഥയിൽ ഇടപെട്ടു മനുഷ്യാവകാശ കമ്മിഷൻ. ളാഹ മഞ്ഞത്തോട് കോളനിയിലെ തങ്കയ്ക്കും മക്കൾക്കുമാണ് ഈ ദുരവസ്ഥയുണ്ടായത്. വിശന്നു വലഞ്ഞ കുടുംബം പച്ചച്ചക്ക പങ്കുവച്ച് കഴിക്കുന്ന ചിത്രം കണ്ട കമ്മിഷൻ അംഗം വി.കെ.ബീനാകുമാരിയാണ് വിഷയത്തിൽ ഇടപെട്ടത്. പത്തനംതിട്ട കളക്ടർ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മനോരമ പ്രസിദ്ധീകരിച്ച വാർത്താ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

    ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിൽ ഭക്ഷണമില്ല എന്ന വാർത്ത അടിസ്ഥാന രഹിതം:  ജില്ലാ കളക്ടർ

    പത്തനംതിട്ട പെരുനാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ഉൾപെട്ട ളാഹ മഞ്ഞത്തോട് പട്ടികവർഗ്ഗ കോളനിയിലെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ 2 മാസമായി ലഭിക്കുന്നില്ല എന്നും, ചില കുടുംബങ്ങൾ പട്ടിണിയിലാണെന്നുമുള്ള പത്ര വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ പറഞ്ഞു. കോളനിയിൽ 25 കുടുംബങ്ങളാണ് ഉള്ളത്. ഇവർക്കുള്ള ഭക്ഷ്യവസ്തുക്കൾ കൃത്യമായി വാതിൽപ്പടി സേവനമായി വിതരണം ചെയ്യുന്നത് പട്ടികവർഗ്ഗ വകുപ്പും സിവിൽ സപ്ലെയ്സ് വകുപ്പും ആണ്.

    സിവിൽ സപ്ലെയ്സ് വകുപ്പിൽ നിന്നും എ.എ.വൈ വിഭാഗത്തിൽ പെട്ട കാർഡ് ഉടമകളായ കുടുംബങ്ങൾക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങളാണ് പ്രതിമാസം വിതരണം ചെയ്യുന്നത്. ഇതിൽ അരി, ഗോതമ്പ്, ആട്ട തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ പഞ്ചസാരയും ഇതോടൊപ്പം നല്കുന്നുണ്ട്.

    പട്ടികവർഗ്ഗ വകുപ്പ് 15 കിലോ ജയ അരി, ഒരു കിലോ എണ്ണ ഉൾപ്പടെ 13 ഇനം ഭക്ഷ്യ സാധനങ്ങളും പ്രതിമാസം ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നുണ്ട്. ജൂൺ മാസം 8 ന് പട്ടികവർഗ്ഗ വകുപ്പും, 21 ന് സിവിൽ സപ്ലെയ്സ് വകുപ്പും ഭക്ഷ്യധാന്യങ്ങൾ ഓരോ കുടുംബങ്ങളിലേക്കും വാതിൽപടി വിതരണത്തിലൂടെ എത്തിച്ചു നല്കിയിട്ടുണ്ട്. ജൂലൈ മാസത്തെ ഭക്ഷ്യധാന്യ വിതരണം എട്ടാം തീയതി തന്നെ നടത്തിയിട്ടുണ്ട്. വാർത്തയിൽ പറയുന്ന തങ്ക അമ്മയുടെ കുടുംബത്തിന് ജൂൺ 21 ന് 35 കിലോ അരി, 4 കിലോ ഗോതമ്പ്, 1 കിലോ ആട്ട, 1 കിലോ പഞ്ചസാര തുടങ്ങിയവ ലഭ്യമാക്കിയിട്ടുള്ളതാണ്. പി.എം.ജി.കെ.വൈ യിൽ ഉൾപ്പെട്ടതിനാൽ 45 കിലോ അരിയും, 4 കിലോ ഗോതമ്പും, ഓരോ കിലോ വീതം ആട്ടയും, പഞ്ചസാരയും കൂടി ലഭ്യമാക്കിയിട്ടുണ്ട്. വാർത്തയുടെ അടിസ്ഥാനത്തിൽ ജില്ലാ തല ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴും മതിയായ ഭക്ഷ്യധാന്യശേഖരം എല്ലാ കുടുംബങ്ങളിലുമുണ്ട്.

    എന്നാൽ ഇതു സംബന്ധിച്ച് പുറത്തു വന്ന ചില വാർത്തകൾ വസ്തുതകൾ മനസ്സിലാക്കാതെയും, തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുമാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരുടെ സമഗ്രവികാസവും ക്ഷേമവും ഉറപ്പാക്കാൻ നൂതനമായ പദ്ധതികൾ ഉൾപ്പടെ എല്ലാ നടപടിയും കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

    First published:

    Tags: Minister GR Anil, Minister K Radhakrishnan, Pathanamthitta, Tribal colony